സെമി ഉറപ്പിക്കാൻ കേരളവും മുംബൈയും

- Advertisement -

സെമിഫൈനൽ മുന്നിൽ കണ്ടുകൊണ്ടു കേരളവും മുംബൈയും ഇന്ന് നേർക്കുനേർ. ബെംഗളൂരു എഫ് സിയുടെ കളിക്കാരുടെ തിരിച്ചുവരവോടെ ശക്തരായ ഇരു ടീമുകളും മുബൈ ഫുട്ബാൾ അറീനയിൽ  ഏറ്റുമുട്ടും. സ്വന്തം ഗ്രൗണ്ടിൽ മോശം ഫോം തുടരുന്ന മുംബൈയെ തോൽപ്പിച്ചു സെമി സാധ്യത ഉറപ്പിക്കാനാവും കേരളത്തിന്റെ ചുണക്കുട്ടികൾ ഇന്നിറങ്ങുക.  10 കളികളിൽ നിന്ന് 15 പോയിന്റുമായു കേരളം മൂന്നാം സ്ഥാനത്താണ്. 11 കളികളിൽ നിന്ന് 16 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്താണ്. രണ്ടു ടീമിന്റെയും പ്രതിരോധം ശക്തമായത് കൊണ്ട് തന്നെ കൂടുതൽ ഗോളുകൾക്ക് സാധ്യത കുറവാണ്.

ഹോം ഗ്രൗണ്ട് മുൻ‌തൂക്കം മുംബൈക്കാണെങ്കിലും ഇവിടെ കളിച്ച 4 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അവർക്കു ജയിക്കാനായത്. മുംബൈ ഈ സീസണിൽ ആദ്യമായി പരാജയം അറിഞ്ഞതും കേരള ബ്ലാസ്റ്റേഴ്‌സിനോടായിരുന്നു. ശക്തമായ ആക്രമണ നിരയുണ്ടായിട്ടും സ്വന്തം ഗ്രൗണ്ടിൽ മുംബൈക്ക് ഇതുവരെ രണ്ടു ഗോൾ മാത്രമാണ് നേടാനായത് എന്നത്  അലക്സാണ്ട്ര ഗുയിമാറാസിന്   തലവേദനയാവും.  കഴിഞ്ഞ മത്സരത്തിൽ ഉജ്ജ്വലമായി കളിച്ച ഗോവക്കെതിരെ നേടിയ സമനില മുബൈക്കു ആത്മവിശ്വാസം നൽകിയേക്കും.

ഫോർലാനും ഛേത്രിയും ചേർന്ന ശക്തമായ ആക്രമണ നിര ഉണ്ടെങ്കിലും കഴിഞ്ഞ ആറു കളികളിൽ 3 ഗോൾ മാത്രമാണ് മുംബൈക്ക് നേടാനായത്. സുനിൽ ഛേത്രിയുടെ വരവ്  ടീമിന്റെ ആത്മവിശ്വാസം കൂടിയെങ്കിലും തന്റെ ഗോൾ അടിക്കാനുള്ള കഴിവ് പുറത്തെടുക്കാൻ ഛേത്രിക്കായിട്ടില്ല . പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാത്ത ലിയോ കോസ്റ്റ ഇന്നിറങ്ങില്ല. കഴിഞ്ഞ കളിയിൽ പകരക്കാരനായി ഇറങ്ങിയ തിയാഗോ കുൻഹ ആദ്യ പതിനൊന്നിൽ ഇടം നേടിയേക്കില്ല. ലൂസിയൻ ഗോയിങ് നേതൃത്വം നൽകുന്ന പ്രതിരോധം ശക്തമാണ്. കൂട്ടിനു ഗോൾ പോസ്റ്റിൽ അമ്രിന്ദർ സിങ്ങും ഉണ്ടാവും.

ഐ എസ് എൽ 2016ൽ തോറ്റു തുടങ്ങിയ കേരളം പതിയെ ഫോം വീണ്ടെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു കളികളിൽ ആരാധകർക്ക് കാണാൻ സാധിച്ചത്.  കഴിഞ്ഞ രണ്ടു കളികളിലും ആദ്യ പകുതിയിൽ പിറകിൽ നിന്നതിനു ശേഷമാണ് കേരളം വിജയം കണ്ടെത്തിയത്. വിനീതിന്റേയും റിനോ അന്റോയുടെയും വരവ് ടീമിന് പുത്തനുണർവ് നൽകിയിട്ടുണ്ട്. വിനീതിന്റെ മാജിക്കിൽ കഴിഞ്ഞ രണ്ടു കളികളും ജയിച്ച കേരളം വിജയ തുടർച്ച പ്രതീക്ഷിച്ചാണ് മുംബൈക്കെതിരെ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ചെന്നൈക്കെതിരെ നേടിയ 3 – 1 ന്റെ വിജയം ടീമിന്റെയും ആരാധകരുടെയും ആവേശം ഉയർത്തിയിട്ടുണ്ട്. കേരളം അടിച്ച 9 ഗോളുകളിൽ 8 എണ്ണവും രണ്ടാം പകുതിയിലായിരുന്നു.

ഇതുവരെ കളിച്ച 112 മിനുറ്റിൽ മൂന്ന് ഗോൾ നേടിയ വിനീത് തന്നെയാണ് കേരളത്തിന്റെ കുന്തമുന. എന്നാൽ ഐ എസ് എൽ 2016 ൽ കേരളത്തിന്റെ ശക്തി അവരുടെ പ്രധിരോധ നിരയായിരുന്നു. ആക്രമണ നിര താളം കണ്ടെത്താൻ വിഷമിച്ചായപ്പോഴും കേരളത്തിന്റെ പ്രധിരോധ നിര അവസരത്തിനൊത്തു ഉയർന്നു കളിചു. ഹെങ്‌ബെർട്ടിന്റെ കീഴിൽ ഇറങ്ങുന്ന പ്രധിരോധ നിര ഏതു ആക്രമണത്തെയും പിടിച്ചു കെട്ടാൻ കെൽപ്പുള്ളവരാണ്. സഹായത്തിനായി ആരോൺ ഹ്യൂഗ്സ്‌ കൂടെയുണ്ടാവും. റിനോ ആന്റോയെ ഇടത് വിങ് കളിപ്പിച്ചു ഹോസുവിനെ കോപ്പൽ മധ്യ നിരയിൽ കളിപ്പിക്കും.

വൈകീട്ട്‌ 7 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാവുന്നതാണ്.

Advertisement