മോഹൻ ബഗാൻ ഫൈനലിൽ!!! പെനാൾട്ടി തുലച്ചതിന് വലിയ വില കൊടുത്ത് നോർത്ത് ഈസ്റ്റ്

Img 20210309 212319

ഐ എസ് എൽ ഫൈനലിൽ ഒരിക്കൽ കൂടെ ഹബാസിന്റെ ടീം എത്തി. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലിൽ നോർത്ത് ഈസ്റ്റിനെ മറികടന്നു കൊണ്ടാണ് മോഹൻ ബഗാൻ ഫൈനലിൽ എത്തിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബഗാൻ വിജയം. ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയത് ആണ് നോർത്ത് ഈസ്റ്റിനെ ഫൈനലിൽ നിന്ന് തടഞ്ഞത്. ആദ്യ പാദത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു.

ഇന്ന് രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദം ആവേശം നിറഞ്ഞതായിരുന്നു. തുടക്കം മുതൽ നോർത്ത് ഈസ്റ്റും മോഹൻ ബഗാനും ആക്രമിച്ചു കളിക്കുന്നതാണ് ഇന്ന് കണ്ടത്. ആദ്യ അവസരം വന്നത് മോഹൻ ബഗാനായിരുന്നു. സാവി ഹെർണാണ്ടസിന്റെ ഷോട്ട് പോസ്റ്റിൽ ട്ടി മടങ്ങി. പിന്നെ അവസരങ്ങൾ നോർത്ത് ഈസ്റ്റിന്റെതായി. സില്ലയുടെ ഷോട്ട പോസ്റ്റിനെ ഉരുമ്മി പോയപ്പോൾ മഷാഡോയുടെ ഷോട്ട് അരിന്ദം ലോകോത്തര സേവിലൂടെ തട്ടിയകറ്റി.

38ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ വന്നത്. റോയ് കൃഷ്ണയുടെ പാസിൽ നിന്ന് വില്യംസ് ആണ് ഗോൾ നേടിയത്‌. ആദ്യ പകുതിയിൽ തന്നെ സമനില നേടാൻ നോർത്ത് ഈസ്റ്റ് ശ്രമിച്ചു എങ്കിലും അമ്പുയയുടെ ഹെഡറും ലക്ഷ്യത്തിൽ എത്തിയില്ല. രണ്ടാം പകുതിയിൽ സുഹൈറിന്റെ ഒരു മനോഹര ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി.

നോർത്ത് ഈസ്റ്റ് മറുപടി ഗോളിന് ശ്രമിക്കുന്നതിനിടയിൽ 68ആം മിനുട്ടിൽ മൻവീറിലൂടെ എ ടി കെയുടെ രണ്ടാം ഗോൾ വന്നു. നോർത്ത് ഈസ്റ്റ് ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത് അകറ്റി മനോഹര ഷോട്ടിലൂടെയാണ് മൻവീർ പന്ത് വലയിൽ എത്തിച്ചത്‌. രണ്ട് ഗോളിന് പിറകിൽ പോയ ശേഷം നോർത്ത് ഈസ്റ്റ് ആക്രമണം ശക്തമാക്കി.

75ആം മിനുട്ടിൽ അവർ ഒരു ഗോൾ മടക്കി. അരിന്ദത്തിന്റെ ഒരു പിഴവ് മുതലെടുത്ത് ഫ്രീ ആയി നിന്ന പോസ്റ്റിലേക്ക് സുഹൈർ പന്ത് ഹെഡ് ചെയ്ത് ഇടുകയായിരുന്നു. ഇതിനു പിന്നാലെ 82ആം മിനുട്ടിൽ സമനില നേടാൻ നോർത്ത് ഈസ്റ്റിന് സുവർണ്ണാവസരം ലഭിച്ചു. പക്ഷെ വർക്ക് കിട്ടിയ പെനാൾട്ടി മഷാഡോ ആകാശത്തേക്കാണ് അടിച്ചത്. ഇതോടെ നോർത്ത് ഈസ്റ്റ് മാനസികമായി തകർന്നു. അവർക്ക് അതിനു ശേഷവും അവസരങ്ങൾ കിട്ടി എങ്കിലും പന്ത് വലയിൽ എത്തിയില്ല.

ഈ വിജയത്തോടെ എ ടി കെ മോഹൻ ബഗാൻ ഒരു ഫൈനലിൽ കൂടെ എത്തി. ഫൈനലിൽ മുംബൈ സിറ്റി ആകും ബഗാന്റെ എതിരാളികൾ.

Previous articleജർമൻ പരിശീലകനാവാൻ ഇല്ലെന്ന് യർഗൻ ക്ലോപ്പ്
Next articleകിരീട പ്രതീക്ഷ നിലനിർത്താൻ നാളെ ഗോകുലം ചർച്ചിലിനെ വീഴ്ത്തണം