ബെംഗളൂരുവിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി എഫ്സി

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി മുംബൈ സിറ്റി എഫ്സി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബെംഗളൂരു എഫ്സിയെ മുംബൈ സിറ്റി എഫ്സി തകർത്തത്. മുംബൈ സിറ്റിക്ക് വേണ്ടി പെരേര ഡിയാസും അപുയയും ബിപിൻ സിംഗും ചാങ്ങ്തേയുമാണ് ഗോളടിച്ചത്. ഇന്നത്തെ ജയത്തോട് കൂടി ഐഎസ്എൽ പോയന്റ് നിലയിൽ ഹൈദരാബാദ് എഫ്സിക്ക് ഒരു പോയന്റ് പിന്നിലായി രണ്ടാമതാണ് മുംബൈ സിറ്റി എഫ്സിയുടെ സ്ഥാനം.

Img 20221117 212723

ഇരു ടീമുകളും കളി പതുക്കെ തുടങ്ങിയെങ്കിലും 14ആം മിനുട്ടിൽ അലൻ കോസ്റ്റയിൽ നിന്നും പന്ത് കൈക്കലാക്കിയ പെരേര ഡിയാസ് ഗുർപ്രീത് സിംഗിനെ മറികടന്ന് ബെംഗളൂരുവിന്റെ വലയിലേക്ക് നിറയൊഴിച്ചു. 32ആം മിനുട്ടിൽ അപുയയിലുടെ രണ്ടാം ഗോളും പിറന്നു. ആദ്യ പകുതി രണ്ട് ഗോളുമായി മുംബൈ സിറ്റി ലീഡവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ബിപിൻ സിംഗിന്റെയും ചാങ്ങ്തെയുടേയും ഗോളുകളും വന്നു. കരുത്തരായ മുംബൈ സിറ്റിക്ക് മുൻപിൽ ബെംഗളൂരു തകർന്നടിയുന്ന കാഴ്ച്ചയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഇന്ന് കണ്ടത്.