മാർക്ക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരം മാർക്ക് സിഫ്‌നിയോസ് ടീം വിട്ടു. റെനെ മുലൻസ്റ്റീൻ ടീമിലെത്തിച്ച സിഫ്‌നിയോസ് 12 മത്സരങ്ങളിൽ നിന്ന് 4 ഗോൾ നേടിയിട്ടുണ്ട്. ഡച്ച് താരമായ സിഫ്‌നിയോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഗോൾ നേടിയത്. മുംബൈക്കെതിരെ റിനോ ആന്റോയുടെ പാസിൽ നിന്നാണ് സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഗോളുകളടിച്ചിട്ടും ആദ്യ ഇലവനിൽ  സ്ഥിരമായി സ്ഥാനം നേടാൻ സിഫ്‌നിയോസിനായിരുന്നില്ല.

വിദേശ താരമായ സിഫ്‌നിയോസ് ടീം വിട്ടതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ഒരു വിദേശ താരത്തെ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. മാനേജ്‌മെന്റുമായുള്ള പരസ്പര ധാരണയെ തുടർന്നാണ് താരം ടീം വിട്ടതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പരിക്കേറ്റ കിസിറ്റോയും ഫോം കണ്ടെത്താൻ വിഷമിക്കുന്ന ബെർബെറ്റോവും ടീം വിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മത്സരത്തിലും തോറ്റ കേരള ബ്ലാസ്റ്റേഴ്സിന് സിഫ്‌നിയോസിന്റെ അഭാവം തിരിച്ചടിയാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial