മാർസെലീനോ ഇന്ത്യ വിട്ടു, ഇനി ബ്രസീൽ ക്ലബിൽ

അവസാന കുറേ സീസണുകളിലായി ഐ എസ് എല്ലിലെ പ്രധാന മുഖമായ മാർസെലീനോ ഇനി ബ്രസീൽ ക്ലബിൽ. ബ്രസീലിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ‌ തൊബതെ ആണ് മാർസെലീനോയെ സ്വന്തമാക്കിയത്. സാവോ പോളോയിലെ ക്ലബ് ഇന്ന് ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാനമായി എ ടി കെ മോഹൻ ബഗാന് വേണ്ടിയാണ് മാർസെലീനോ ഐ എസ് എല്ലിൽ കളിച്ചത്. ഒഡീഷ വിട്ട് കഴിഞ്ഞ സീസൺ പകുതിക്ക് ആയിരുന്നു മാർസെലീനോ ബഗാനിൽ എത്തിയത്.

ഐ എസ് എല്ലിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട് എങ്കിലും അവസാന രണ്ട് സീസണുകൾ മാർസെലീനോയ്ക്ക് അത്ര നല്ലതായിരുന്നില്ല. 2016ൽ ഡെൽഹി ഡൈനാമോസിലൂടെ ആയിരുന്നു മാർസെലീനോ ആദ്യമായി ഇന്ത്യയിൽ എത്തിയത്. ആ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ താരത്തിനായിരുന്നു‌. അതിനു ശേഷം പൂനെ സിറ്റി, ഹൈദരാബാദ് എന്നിവർക്കായും കളിച്ചു. അടുത്ത ഐ എസ് എൽ സീസൺ ആകുമ്പോഴേക്ക് മാഴ്സലീനോ തിരികെ ഇന്ത്യയിൽ എത്തും എന്നാണ് ഫുട്ബോൾ ആരാധകർ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.