വട്ടം കറങ്ങുന്ന മഞ്ഞപ്പട

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സ്, അതൊരു ടീമല്ല വികാരം തന്നെയാണ്, പക്ഷെ അത് കളിക്കാർക്കോ മാനേജ്മെന്റിനോ അല്ല ആരാധകർക്ക് മാത്രമാണ്. പ്രകടനം വെറും ശരാശരി മാത്രമായിരുന്നെങ്കിലും എല്ലാവരെയും വിസ്മയിപ്പിച്ച് കൊണ്ടാണ് ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരാട്ടം വരെ എത്തിയത്. അവിടെ അടി പതറിയപ്പോഴും കാൽപന്ത് കളിയെ കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്നിട്ടുള്ള ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകൻ ഒരിക്കലും വിഷമിച്ചു കാണാൻ സാധ്യതയില്ല. കാരണം അന്നത്തെ ആ ടീമും വച്ചു അവിടെ വരെ എത്തിയല്ലോ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവെർട്ടണോ സ്പാനിഷ് ലീഗിൽ സെവില്ലയോ ഒക്കെ കപ്പിന് തൊട്ടടുത്തി എന്ന് പറയും പോലെ അദ്‌ഭുതാവഹമായിരുന്നു ആ മുന്നേറ്റം.

ആദ്യ സീസണല്ലെ ഇതിലെ കുറവെല്ലാം അടുത്ത സീസണിൽ പരിഹരിക്കും എന്ന് വിശ്വസിച്ച രണ്ടാം സീസണിൽ എല്ലാവരെയും നിരാശപെടുത്തിക്കൊണ്ട് ശരാശരിക്കും താഴെയുള്ള ഒരു ടീമിനെ അവതരിപ്പിച്ച് പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലായി ഇടം പിടിച്ചു.
മൂന്നാമത്തെ സീസണിൽ വീണ്ടും കപ്പിനും ചുണ്ടിനും ഇടയിൽ നിന്ന് കിരീടം കൊൽക്കത്ത തട്ടിയെടുക്കുന്നത് കാണേണ്ടി വന്നു ബ്ലാസ്റ്റേഴ്സിന്.
നാലാം സീസണിൽ സെമി പോലും കാണാതെ പുറത്തായപ്പോഴും എല്ലാവരുടെയും ഉള്ളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. റെനെ കുട്ടിച്ചോറാക്കി പോയ ബ്ലാസ്റ്റേഴ്സിന് ഒരു പുനർജ്ജന്മം ഡേവിഡ് ജെയിംസിലൂടെ സാധ്യമാണെന്ന്.

ഈ വർഷത്തെ സീസണിലേക്കുള്ള സൈനിംഗുകളെല്ലാം ആകാംക്ഷാപൂർവമാണ് എല്ലാവരും നോക്കി കണ്ടത്. യുവരക്തങ്ങളെ ടീമിലെത്തിച്ച ഡി ജെ പ്രതീക്ഷയേറ്റുകയും ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അവിഭാജ്യഘടകങ്ങളായ അനസും ജിങ്കാനും പ്രതിരോധകോട്ട കെട്ടുമ്പോൾ ഗോളിക്ക് പണിയൊന്നും കാണില്ല എന്ന് വരെ പറഞ്ഞവരുണ്ട്. കൂട്ടത്തിൽ കഴിഞ്ഞ വർഷത്തെ മികച്ച യുവ താരം ലാൽറുവത്താരയും ദേശീയ ടീമിന്റെ തന്നെ വിങ്ങർ നർസാരിയും എല്ലാമടങ്ങുന്ന ടീം നേട്ടങ്ങൾ കൊയ്യുമെന്ന് പ്രതീക്ഷിച്ചു. ആദ്യ കളി എല്ലാവരും പ്രതീക്ഷിച്ച പോലെ വന്നു. കൊൽക്കത്തയുടെ മണ്ണിൽ വിജയം കിട്ടാക്കനിയായ മഞ്ഞപ്പട തുടക്കം തൊട്ട് ആക്രമിച്ചു കളിച്ചു രണ്ട് ഗോളിന്റെ ആധികാരിക ജയം നേടി. പക്ഷെ രണ്ടാമത്തെ കളി തൊട്ട് ടീം റിവേഴ്‌സ് ഗിയറിലേക്ക് പോയി. മുംബൈക്കെതിരെ ജയിക്കാവുന്ന കളി അവസാന നിമിഷം സമനില വഴങ്ങി. തുടർന്നുള്ള 4 കളികളിൽ സമനില തെറ്റാതെ പിടിച്ചു നിന്നെങ്കിലും ബി എഫ് സി ക്കു മുന്നിൽ അടി തെറ്റി.അതും സ്വന്തം മണ്ണിൽ. സമൂഹ മാധ്യമങ്ങളിൽ ബാംഗ്ലൂർ ആരാധകരായ വെസ്റ്റ് ബ്ലോക്ക്‌ ബ്ലൂസുമായി കൊമ്പുകോർക്കുമ്പോൾ മഞ്ഞപ്പട ഓർക്കാത്ത ഒന്നുണ്ട്.അവരുടേതിന്റെ പകുതി ബലം ബ്ലാസ്റ്റേഴ്‌സിനില്ല എന്ന്. അത് കൊണ്ടും തീരാതെ ഗോവയുമായി കളിച്ചപ്പോൾ കോറോയുടെ വക ഗോൾ പൊങ്കാല തന്നെയായിരുന്നു കേരളത്തിന്‌.

എന്നാൽ നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയപ്പോൾ എല്ലാവരും വീണ്ടും വിജയവീഥിയിലേക്ക് എത്തുന്നത് സ്വപ്നം കണ്ടു. കാരണം നോർത്ത് ഈസ്റ്റിനെതിരെ കേരളത്തിന്‌ നല്ല റെക്കോർഡ് മാത്രമാണ് കേരളത്തിന്‌ ഉണ്ടായിരുന്നത്. എല്ലാ സീസണിലും മറ്റു ടീമുകളോട് തോറ്റിട്ടും സമനില വഴങ്ങിയിട്ടും ഉണ്ടാകുന്ന പോയിന്റ് നഷ്ടം ബ്ലാസ്റ്റേഴ്സിന് ഒരു പരിധി വരെ നികത്തി കൊടുത്തിരുന്നത് ഇതേ വടക്കു കിഴക്കൻ സംഘമാണ്. എന്നാൽ നാളിതുവരെ കണ്ട നോർത്ത് ഈസ്റ്റ്‌ അല്ല ഇത്തവണ എന്നും എല്ലാവർക്കും അറിയാമായിരുന്നു. ഓഗ്‌ബെച്ചേ എന്ന ഒറ്റയാന്റെ വന്യമായ കരുത്തിൽ അവർ വമ്പന്മാരെയൊക്കെ പിടിച്ചു കെട്ടിയിരുന്നു.

എന്നാൽ ഹോം മത്സരങ്ങളിൽ കേരളത്തിനെ പോലെ തന്നെ ദയനീയമായിരുന്നു അവരുടെയും അവസ്ഥ. അത് മുതലാക്കാനായിരുന്നു മഞ്ഞപ്പട ഇറങ്ങിയത്. റാക്കിപ്പിനും അനസിനും സ്റ്റോജെനോവിക്കിനും നവിൻ കുമാറിനും പകരം പ്രശാന്തിനെയും പേസിച്ചിനെയും ദുങ്കലിനേയും ധീരജ് സിങ്ങിനെയും ഉൾപ്പെടുത്തി കൊണ്ട് ജെയിംസ് തന്റെ പതിവ് പരീക്ഷണങ്ങളുടെ തുടർച്ചയിൽ വിശ്വസിക്കുന്നു എന്ന് പറയാതെ പറഞ്ഞു. തുടക്കത്തിൽ താളം വീണ്ടെടുക്കാൻ നന്നേ കഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സ് പതിയെ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്നു. ഇതിനിടയിൽ രണ്ട് ടീമിനും നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

ഗോൾ പോസ്റ്റിനു തൊട്ട് മുന്നിൽ നിന്ന് ഒഴിഞ്ഞ പോസ്റ്റിലേക്ക് തൊട്ടുരുമ്മി ഇട്ടാൽ ഗോളാവുന്ന അവസരം ദുങ്കേൽ ബാറിന് മുകളിലൂടെ പറത്തി വിട്ടത് അവിശ്വസനീയതയോടെയാണ് കേരള ക്യാമ്പ് നോക്കി കണ്ടത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മധ്യനിരയിൽ ഓടി തളർന്ന നർസാരിക്ക് പകരം സി കെ വിനീതും സഹലിനു പകരം സകീർ മുണ്ടംപാറയും വന്നു. ഐ എസ് എല്ലിൽ കേരളത്തിന്‌ വേണ്ടി തന്റെ കന്നി മത്സരത്തിനു ഇറങ്ങിയ സകീർ തുടക്കം മോശമാക്കിയില്ല. സകീർ എടുത്ത കൃത്യതയുള്ള ഒരു കോർണർ ഗോളിലേക്ക് തല കൊണ്ട് മറിച്ചിട്ട് സ്ലോവേനിയൻ താരം പോപ്ലാറ്റിനിക് കേരളം കാത്തിരുന്ന ലീഡ് സമ്മാനിച്ചു. മുന്നിലെത്തിയതോടെ പ്രതിരോധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി പ്രശാന്തിന്‌ പകരം ലാൽറുവത്താരയും വന്നു.

എന്നാൽ ഇഞ്ചുറി സമയത്ത് കേരളത്തിന്‌ അനിവാര്യമായ ഇഞ്ചുറി പറ്റി. അത് വരെ മികച്ച ടാക്കിളിംഗുകളിലൂടെയും ക്ലിയറൻസിലൂടെയും അരങ്ങ് വാണ നായകൻ ജിങ്കൻ ഒരു വലിയ പിഴവുമായി വില്ലന്റെ പരിവേഷം അണിഞ്ഞപ്പോൾ നോർത്ത് ഈസ്റ്റിനു ലഭിച്ചത് ഒരു പെനാൽറ്റി. ഓഗ്‌ബെച്ചേ തന്റെ ആഫ്രിക്കൻ കരുത്ത് മുഴുവൻ ഉപയോഗിച്ചെടുത്ത ആ പെനാൽറ്റിയെ മറുപടി കൊടുക്കാൻ ധീരജിനാവുമായിരുന്നില്ല. വെടിയുണ്ട കണക്കെ പോസ്റ്റിലേക്ക് തുളച്ചു കയറിയ ആ ഷോട്ട് തടുക്കാൻ ശ്രമിച്ചാലും ധീരജിനെയും വഹിച്ചു കൊണ്ട് ആ പന്ത് വലയിൽ കയറും എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അത്രത്തോളം കരുത്തായിരുന്നു ആ വലംകാലൻ അടിക്ക്. എന്നാൽ അവിടം കൊണ്ടും തീർന്നില്ല. ഗോൾ വഴങ്ങി വീണ്ടും കയ്യിൽ കിട്ടിയ വിജയം കളഞ്ഞു കുളിക്കാൻ പോകുന്നു എന്ന തോന്നലിൽ സമ്മർദ്ദത്തിലായ കേരള പ്രതിരോധത്തെ പിളർത്തി മാസിയ ഒരു ഗംഭീര ഷോട്ട് കേരള പോസ്റ്റിലേക്ക് പായിച്ചപ്പോൾ ധീരജിന്റെ നിസ്സഹായതയോടെയുള്ള ആ ഉയർന്നുചാട്ടത്തിനും അനിവാര്യമായ ദുരന്തത്തെ തടയാൻ സാധിച്ചില്ല. ഇഞ്ചുറി ടൈം വരെ മുന്നിട്ട് നിന്ന് കയ്യിൽ കിട്ടിയ വിജയത്തെ തോൽവിയാക്കി മാറ്റി, തല കുനിച്ചു മടങ്ങേണ്ടി വന്നു കേരളത്തിന്‌.

ഓരോ കളികളിലും ഫോർമേഷനും കളിക്കാരും മാറ്റി മാറ്റി പരീക്ഷിക്കപ്പെട്ടിട്ടും ഒത്തിണക്കമുള്ള ഒരു ഫസ്റ്റ് ഇലവൻ പോലും കോച്ചിന് രൂപപെടുത്തിയെടുക്കാൻ സാധിച്ചിട്ടില്ല. കൂടാതെ സഹലിനെ പോലെ എടുത്ത് പറയേണ്ട മികവ് പുറത്തെടുത്തവരെ പല തവണ ബെഞ്ചിലിരുത്തിയും ജെയിംസ് തന്റെ പരീക്ഷണങ്ങൾ തുടർന്ന്കൊണ്ടേയിരിക്കുന്നു.

വ്യക്തമായി പറഞ്ഞാൽ ബ്ലാസ്റ്റേഴ്സിന്റെ സഞ്ചാരപഥം ഒരു വൃത്തരൂപമാണ്. ഒരു സീസണിൽ പരാജയപ്പെടുമ്പോൾ ആരാധകർ പറയും അടുത്ത സീസണിൽ എല്ലാ കടവും വീട്ടുമെന്ന്. എന്നിട്ട് ഒരു പുതിയ തുടക്കം എന്ന് പറഞ്ഞു കൊട്ടിഘോഷിച്ചു യാത്ര തുടങ്ങി ഒടുവിൽ തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തുന്നത് പതിവായിരിക്കുന്നു. എന്നിട്ട് അടുത്ത സീസണിൽ മെച്ചപ്പെടുമെന്ന പതിവ് പല്ലവിയും.

താരങ്ങൾക്കായി ചിലവഴിച്ച തുക കണക്കിലെടുത്താൽ ഐ എസ് എല്ലിലെ ടീമുകളിൽ തന്നെ ഏറ്റവും ചെറിയ തുക ചിലവാക്കിയിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ആണ്. ഇവിടെയാണ് മാനേജ്മെന്റ് കണ്ണ് തുറക്കേണ്ടത്. സ്വന്തം ഹോം ഗ്രൗണ്ടിൽ ഇത്രയധികം പിന്തുണ കിട്ടുന്ന ടീം, ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ആരാധകവൃന്ദം എന്ന ബഹുമതി സ്വന്തമായുള്ള ആരാധകർ, ഇവരൊക്കെ പ്രതീക്ഷിക്കുന്നത് ഒന്ന് മാത്രമാണ്. അവരുടെ ടീം നന്നായി കളിക്കണം, ജയിക്കണം. എന്നാൽ ഇത്തവണ ഏഴു കളികൾ പൂർത്തിയായിട്ട് ഒരു തവണ പോലും ഹോം ഗ്രൗണ്ടിൽ ഈ ടീമിന് ജയിക്കാൻ സാധിച്ചിട്ടില്ല എന്ന ഒറ്റ കണക്ക് മതി കാര്യങ്ങൾ എത്രത്തോളം ദാരുണമാണെന്നു മനസിലാക്കാൻ. സ്പാനിഷ് വമ്പന്മാരായ എസ്പാനിയോൾ നു കളിച്ചിട്ടുള്ള കോറോയെ പോലെയുള്ളവരെ മറ്റു ടീമുകൾ സ്വന്തം കൂടാരത്തിലെത്തിക്കുമ്പോൾ ചുളുവിലക്ക് കിട്ടുന്നവരെ വച്ചു ഉന്തി തള്ളി വിടാനാണ് മാനേജ്മെന്റ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തൽസ്ഥിതി തുടർന്നാൽ ഇന്ത്യൻ ഡോർട്മുണ്ട് എന്ന സങ്കല്പം ഷൈജു ദാമോദരൻ എന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകനായ കമന്റേറ്ററുടെ വാക്കുകളിൽ മാത്രമായി ഒതുങ്ങും.

Advertisement