ഇരട്ട ഗോളുമായി മലൂഡ, ഡല്‍ഹി ലീഗില്‍ ഒന്നാമത്

- Advertisement -

ക്യാപ്റ്റന്‍ ഫ്ലോറന്റ് മലൂഡയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ(രണ്ട് ഗോളും, രണ്ട് അസിസ്റ്റും) പിന്‍ബലത്തില്‍ ചെന്നൈയിന്‍ എഫ്സിയെ 4-1 ന് തകര്‍ത്ത് ഡല്‍ഹി ലീഗില്‍ ഒന്നാമത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ 15,000ല്‍ അധികം വരുന്ന കാണികളെ സന്തോഷിപ്പിക്കുന്നതായിരുന്നു ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം ജയം. മലൂഡയൊടൊപ്പം കീന്‍ ലൂയിസും റിച്ചാര്‍ഡ് ഗാഡ്സെയും ഡല്‍ഹിയുടെ സ്കോര്‍ ഷീറ്റില്‍ ഇടം പിടിച്ചപ്പോള്‍ ബര്‍ണാഡ് മെന്‍ഡിയാണ് ചെന്നൈയ്ക്ക് വേണ്ടി ഒരു ഗോള്‍ മടക്കിയത്. പകുതി സമയത്ത് ഡല്‍ഹി 2-1 നു മുന്നിലായിരുന്നു. ആദ്യ പാദ മത്സരത്തിലും ചെന്നൈയ്ക്കെതിരെ വിജയം ഡല്‍ഹിയ്ക്കായിരുന്നു.

ഇരു ടീമുകളും ഗോളിനായി ശ്രമിച്ച ആദ്യ പകുതിയുടെ 15ാം മിനുട്ടില്‍ റിച്ചാര്‍ഡ് ഗാഡ്സെയാണ് ഡല്‍ഹിയ്ക്ക് ലീഡ് നേടിക്കൊടുത്തത്. മലൂഡയുടെ ഷോട്ട് തടുത്ത ഗോള്‍കീപ്പര്‍ കരണ്‍ജിത് സിംഗില്‍ നിന്നു വന്ന് റീബൗണ്ട് ഗോളാക്കി മാറ്റുകയായിരുന്നു ഗാഡ്സെ. മധ്യനിരയില്‍ കളിയുടെ ചുക്കാന്‍ ഏറ്റെടുത്ത മലൂഡ തന്റെ മികച്ച പാസുകളിലൂടെയും പ്ലേ മേക്കിംഗ് സ്കില്ലിലൂടെയും ചൈന്നെ പ്രതിരോധത്തിനു തലവേദന സൃഷ്ടിച്ചു. കീന്‍ ലൂയിസും റിച്ചാര്‍ഡ് ഗാഡ്സെയും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഡല്‍ഹി ഏത് നിമിഷവും ലീഡ് ഉയര്‍ത്തുമെന്ന് സൂചിപ്പിച്ചു.

25ാം മിനുട്ടില്‍ ഗാഡ്സെയുടെ പാസ് തന്റെ ഇടം കാലുകൊണ്ട് ഗോളാക്കി മാറ്റുകയായിരുന്നു മുന്‍ ഫ്രഞ്ച് താരം. മലൂഡയുടെ ഹീറോ ഐഎസ്എലിലെ ആദ്യ ഗോളാണിത്. ബെര്‍ണാഡ് മെന്‍ഡിയുടെ ഒറ്റയാള്‍ പ്രകടനത്തിലൂടെയുള്ള ഗോളിലൂടെ ലീഡ് കുറയ്ക്കാന്‍ 37ാം മിനുട്ടില്‍ ചെന്നൈയ്ക്കായി. മൂന്ന് കളിക്കാരെ മറികടന്ന് പന്തുമായി മുന്നേറിയ മെന്‍ഡി ഡൊബ്ലാസിന്റെ കൈപ്പിടിയ്ക്കപ്പുറം പന്ത് ഗോള്‍വലയിലാക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജെജെയെ ഇറക്കി ഗോള്‍ മടക്കുവാനുള്ള ശ്രമം മറ്റാരാസി ആരംഭിച്ചിരുന്നു. ജെജെയ്ക്ക് ഒന്നു രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചെങ്കിലും ഗോള്‍ നേടാനായില്ല. 54ാം മിനുട്ടില്‍ ഫ്ലോറന്റ് മലൂഡയുടെ പാസ് ഗോളാക്കി മാറ്റി കീന്‍ ലൂയിസ് ലീഡ് രണ്ടാക്കി. സ്കോര്‍ 3-1. കളി അവസാനിക്കാന്‍ അഞ്ച് മിനുട്ടുകള്‍ മാത്രം ശേഷിക്കേ തന്റെ രണ്ടാം ഗോള്‍ നേടി മലൂഡ ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സ്കോര്‍ 4-1.

ഡല്‍ഹിയുടെ മാര്‍ക്കീ താരം ഫ്ലോറന്റ് മലൂഡയാണ് ഹീറോ ഓഫ് ദി മാച്ച്.

Advertisement