ഐ എസ് എൽ ഡ്രാഫ്റ്റിലെ മലയാളി താരങ്ങൾ

- Advertisement -

ഐ.എസ്.എല്ലിൽ ഡ്രാഫ്റ്റ് അരങ്ങേറാൻ ദിവസങ്ങൾ മാത്രം ബാക്കി. അർഹരായ താരങ്ങൾ പലരും പുറത്തിരിക്കും, തങ്ങളുടെ വേതനത്തിൽ പ്ലയേഴ്‌സിന് ഇടപെടാൻ കഴിയില്ല, ഇഷ്ട ടീമിന് കളിക്കാൻ കഴിയില്ല തുടങ്ങിയ പോരായ്മകളൊക്കെ ചൂണ്ടിക്കാട്ടി ഡ്രാഫ്റ്റ് സിസ്റ്റത്തിനെതിരെ വ്യാപക എതിർപ്പുകൾ ഉയർന്ന് വരുന്നുണ്ടെകിലും അതൊന്നും വകവെക്കാതെ ഫ്രാഞ്ചൈസികളെ സഹായിക്കുന്ന ഡ്രാഫ്റ്റ് സിസ്റ്റവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സംഘാടകരുടെ തീരുമാനം.

ഏകദേശം ഇരുനൂറോളം താരങ്ങൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഡ്രാഫ്റ്റ്‌ ലിസ്റ്റിൽ നിന്ന് 130-140 താരങ്ങൾക്കാകും ടീമുകളിലേക്ക് പ്രവേശനം ലഭിക്കുക.

സി.കെ വിനീത്, കെ.പ്രശാന്ത് എന്നിവരെ ബ്ലാസ്റ്റേഴ്സും, ടി.പി. രെഹനേഷിനെ നോർത്തീസ്റ്റും സൈൻ ചെയ്തു കഴിഞ്ഞു.

ഇനി ഈ സീസണിലെ പ്ലേയേഴ്സ് ഡ്രാഫ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ള മലയാളി താരങ്ങളെ കുറിച്ച് ഒരു പരിശോധന നടത്താം.

1- അനസ് എടത്തൊടിക (ഡിഫൻഡർ.
വയസ്സ്-30)

ഡൽഹി ഡൈനാമോസ് ഇന്ത്യൻ താരങ്ങളെ നിലനിർത്തുന്നില്ല എന്ന് തീരുമാനിച്ചതോടെ രാജ്യത്തെ ഏറ്റവും മികച്ച ഡിഫെൻഡറെ ഡ്രാഫ്റ്റിൽ നിന്ന് സ്വന്തമാക്കാനുള്ള അവസരമാണ് ക്ലബ്ബുകൾക്ക് കൈവന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുളകിലും ഡൽഹി ജഴ്‌സിയിൽ അനസ് കാഴ്ചവെച്ച പ്രകടനം ഐ.എസ്.എല്ലിൽ പകരം വെക്കാനില്ലാത്തതാണ്.
ഐ-ലീഗിലും, എ.എഫ്.സി കപ്പിലും മോഹൻ ബഗാന് വേണ്ടിയും മിന്നിയ താരം ഐ-ലീഗിലെ ഏറ്റവും മികച്ച ഡിഫൻഡർകുള്ള അവാർഡും, പ്ലയെഴ്സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള അവാർഡും സ്വന്തമാക്കിയിരുന്നു.
നിലവിലെ ഫോം നോക്കിയാൽ ഏറ്റവും മൂല്യം കൂടിയ ഇന്ത്യൻ താരമാകാൻ ഇടയുള്ള അനസിനെ ഡ്രാഫ്റ്റിൽ സ്വന്തമാക്കാൻ ടീമുകളെല്ലാം തന്നെ ശ്രമിച്ചേക്കും. അതെ സമയം ഐ-ലീഗ് ക്ലബ്ബുകൾ റെക്കോഡ് തുകയുമായി അനസിന് പിന്നിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും IMG മികച്ച ഓഫർ നൽകിയാൽ ഐ.എസ്.എൽ തന്നെയാകും താരം തിരഞ്ഞെടുക്കുക.

2-റിനോ ആന്റോ (റൈറ്റ് ബാക്ക്.
വയസ്സ്- 29)

രാജ്യത്തെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ റിനോയെ കുറിച്ച് ഫുട്ബോൾ പ്രേമികൾക്ക് അധികം വിശേഷണത്തിന്റെ ആവശ്യമില്ല.
ബെംഗളൂരു എഫ്.സി റിലീസ് ചെയ്തതിനാൽ കഴിഞ്ഞ രണ്ട് ഐ.എസ്.എല്ലുകളിലും ബൂട്ടണിഞ്ഞ റിനോ ഇത്തവണത്തെ ഡ്രാഫ്റ്റിൽ ഇടം പിടിക്കും. പരിക്ക് കാരണം കഴിഞ്ഞ ഐ-ലീഗ് സീസണിന്റെ ഭൂരിഭാഗവും പുറത്തിരിക്കേണ്ടി വന്നെങ്കിലും ഡ്രാഫ്റ്റിലെ വിലകൂടിയ താരങ്ങളിൽ ഒരാളാകും റിനോയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

3-എം.പി സക്കീർ (മിഡ്‌ഫീൽഡർ.
വയസ്സ്-27)

മലപ്പുറം അരീക്കോട്ടുകാരനായ ഈ മുൻ ഇന്ത്യൻ ജൂനിയർ താരം ഇതിനകം രാജ്യത്തെ പല പ്രമുഖ ക്ലബ്ബുകളിലും ബൂട്ടുകെട്ടിക്കഴിഞ്ഞു.
2015 സീസണിൽ ഡ്രാഫ്റ്റിൽ നിന്ന് ചെന്നൈയിൻ സ്വന്തമാക്കിയ സക്കീർ കഴിഞ്ഞ വർഷവും അവർക്ക് വേണ്ടിയാണ് കളിച്ചത്. ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്ക് വേണ്ടിയും ഐ-ലീഗിൽ ചെന്നൈ സിറ്റി എഫ്.സിക്ക് വേണ്ടിയും മികച്ച പ്രകടനം നടത്തിയ സക്കീറിന്റെ പേര് ഇത്തവണയും ഐ.എസ്.എൽ ഡ്രാഫ്റ്റിൽ കാണാം.

4-ഷഹിൻലാൽ (ഗോൾ കീപ്പർ
വയസ്സ്-25)

കോഴിക്കോട് സ്വദേശിയായ ഷഹിൻ വിവ കേരളയിലൂടെ ആയിരുന്നു സീനിയർ കരിയർ തുടങ്ങിയത്. പിന്നീട് ഭാരത് എഫ്.സി.യിലേക്കും, പൂനെ എഫ്.സിയിലേക്കും പോയ അദ്ദേഹം കഴിഞ്ഞ സീസണിൽ ഐ-ലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്.സിയുടെ താരമായിരുന്നു.
മുമ്പ് ബ്ലാക്‌ബേൺറോവേഴ്സിനെതിരായ സൗഹൃദ മത്സരത്തിൽ പൂനെ എഫ്.സിയുടെ വല കാത്ത് തകർപ്പൻ പ്രകടനം നടത്തിയ ഈ മലയാളി ഗോൾക്കീപ്പറുടെ പ്രതിഭയെ ബ്ലാക്‌ബേൺ മാനേജറടക്കമുള്ളവർ പ്രശംസിച്ചത് അന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ബാറിന് കീഴിലെ വിശ്വസ്തനായ ഈ മുൻ ഇന്ത്യൻ ജൂനിയർ കീപ്പർ ഡ്രാഫ്റ്റിൽ ഒരിടം അർഹിക്കുണ്ടെങ്കിലും ഇത് വരെ ഐ.എസ്.എൽ കളിച്ചിട്ടില്ലാത്ത താരം അതിലുൾപെടുമോ എന്നുള്ളത് കാത്തിരുന്ന് കാണാം.

5-ഡെൻസൺ ദേവദാസ് (മിഡ്‌ഫീൽഡർ. വയസ്സ്-34)

സംസ്ഥാനത്തെ മികച്ച സീനിയർ താരങ്ങളിൽ ഒരാൾ.
വിവ കേരളയിലൂടെ പ്രൊഫെഷണൽ രംഗത്തേക്ക് കടന്ന് വന്ന ഡെൻസൺ കരിയറിൽ ഏറ്റവും കൂടുതൽ ചിലവഴിച്ചത് മോഹൻ ബഗാനിലാണ്.
കഴിഞ്ഞ മൂന്ന് സീസണുകളിലും വ്യത്യസ്ഥ ടീമുകളുടെ ജഴ്‌സി അണിഞ്ഞ ഡെൻസൺ ഇത്തവണയും ഐ.എസ്.എൽ ഡ്രാഫ്റ്റിൽ ഇടം പിടിച്ചേക്കും.
കഴിഞ്ഞ ഐ-ലീഗിൽ ചെന്നൈ സിറ്റി എഫ്.സിക്ക് വേണ്ടിയായിരുന്നു ഈ കണ്ണൂർ സ്വദേശി കളിച്ചത്.

6-മുഹമ്മദ് റാഫി (ഫോർവേഡ്. വയസ്സ്-35)

തന്റെ നല്ല കാലത്ത് കാഴ്ച വെച്ച പ്രകടനങ്ങൾ നോക്കിയാൽ “ലെജന്റ്” എന്ന അക്ഷരം തെറ്റാതെ വിളിക്കാവുന്ന തരാം.
ഛേത്രിയും,ബൂട്ടിയയുമെല്ലാം കളിച്ച ലീഗിൽ കോടി പ്രതിഫലം പറ്റിയ ആദ്യ ഇന്ത്യൻ താരമാകാനുള്ള യോഗം ഈ തൃക്കരിപ്പൂരുകാരനായിരുന്നു. ഐ-ലീഗിൽ ഒരു സീസണിൽ കൂടുതൽ ഗോളടിച്ച താരമെന്ന റെക്കോർഡ് സുനിൽ ഛേത്രിക്കൊപ്പം പങ്കിടുന്ന റാഫി ആദ്യ ഐ.എസ്.എല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടിയും, കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുമായിരുന്നു കളിച്ചത്. പ്രതാപകാലം അവസാനിച്ചെങ്കിലും കഴിഞ്ഞ മൂന്ന് സീസണുകളിലും കളിച്ച താരമെന്ന നിലക്ക് ഇത്തവണയും ഐ.എസ്.എൽ ഡ്രാഫ്റ്റിൽ റാഫി ഇടം പിടിച്ചേക്കും. ഡ്രാഫ്റ്റ് ലിസ്റ്റിൽ ഇടം പിടിച്ചാലും ഏതെങ്കിലും ടീമിൽ അവസരം കിട്ടാനുള്ള സാധ്യത വിരളം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement