ബ്ലാസ്റ്റേഴ്സ് അണിയറയിൽ ഒരുങ്ങുന്ന ലിവർപൂൾ മാഞ്ചെസ്റ്റർ പോരാട്ടം

കേരള ബ്ലാസ്റ്റേഴ്സിനെ റെനെ മുളൻസ്റ്റീന്റെ വരവോടെ മാഞ്ചസ്റ്റർ ബി ടീം എന്നു വിളിച്ചവർ അറിയാതെ പോകുന്ന ഒരു രസകരമായ പ്രീമിയൽ ലീഗ് ഫുട്ബോൾ ഫാൻ ഫൈറ്റ് ബ്ലാസ്റ്റേഴ്സ് അണിയറയിൽ നടക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും അവർ തമ്മിലുള്ള ആരാധക പോരാട്ടങ്ങളും ഫുട്ബോൾ പ്രേമികൾക്ക് പരിചിതമാണ്. അത്തരത്തിൽ ഒരു ആരോഗ്യപരമായ ആരാധക പോരാട്ടം കേരള ബ്ലാസ്റ്റേഴ്സിലും നടക്കുകയാണ്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ വെസ് ബ്രൗണും ഡിമിച്ചാർ ബെർബറ്റോവും ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് ഉറപ്പായതോടെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മാഞ്ചസ്റ്റർ മണമടിക്കുന്ന സമയത്താണ് ബ്ലാസ്റ്റേഴ്സിലെ ലിവർപൂൾ ആരാധകരായ സി കെ വിനീത്, ഇയാൻ ഹ്യൂം, റിനോ ആന്റോ എന്നിവർ വരാനിനിരിക്കുന്ന ആരാധക പോരാട്ടങ്ങളെ കുറിച്ച് അവരുടെ അഭിപ്രായം ട്വിറ്ററിൽ തമാശയായി പങ്കുവഹിച്ചത്.

വെസ് ബ്രൗണിനെ സ്വാഗതം ചെയ്തു വിനീത് ഇട്ട ട്വീറ്റിൽ മാഞ്ചെസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ കണ്ടതല്ല ആരാധകർ എന്ന് തമാശ രൂപേണ പറഞ്ഞു തുടങ്ങിയ വിനീത് അടുത്ത ട്വീറ്റിൽ ലിവർപൂൾ ആരാധകനായ ഇയാൻ ഹ്യൂമിനേയും റിനോ അന്റോയേയും ഈ ആരാധക പോരിലേക്ക് ക്ഷണിച്ചു. ഈ മാഞ്ചസ്റ്റർ താരങ്ങളെ നമ്മൾ ട്രെയിനിങ്ങിൽ എങ്ങനെ നേരിടണം എന്നായിരുന്നു റിനോയോടും ഹ്യൂമിനോടുമുള്ള വിനീതിന്റെ ചോദ്യം.

ഇവരുമായുള്ള ബാന്ററുകൾക്ക് കാത്തിരിക്കുക ആണെന്നും ലിവർപൂൾ-മാഞ്ചസ്റ്റർ ഡർബികൾ നടക്കുന്ന ഒക്ടോബർ 14നും മാർച്ച് 10നു ശേഷമുള്ള ട്രെയിനിങ് ദിവസം രസകരമായിരിക്കും എന്നും ഹ്യൂം പറഞ്ഞു.

താരങ്ങളുടെ ഫാൻ ഫൈറ്റിന്റെ രസം കൂട്ടാൻ ആരാധകരും ഈ ചർച്ചയിൽ ഒപ്പം ചേർന്നു. ബെർബറ്റോവ് വന്നാൽ ലിവർപൂളിനെതിരായ ഹാട്രിക്ക് എങ്ങനെ ഉണ്ടായിരുന്നെന്ന് ചോദിക്കണം എന്ന് വിനീതിന്റെ ട്വീറ്റിന് മറുപടിയായി ഒരു ഫുട്ബോൾ പ്രേമി കുറിച്ചു.

ലിവർപൂളിന്റെ കടുത്ത ആരാധകനായ സി കെ വിനീത് തന്റെ വീടിന് ലിവർപൂൾ ഹോം ഗ്രൗണ്ടായ ആൻഫീൽഡിന്റെ പേരാണ് ഇട്ടിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial