നോർത്ത് ഈസ്റ്റിന് അവസാന നിമിഷം സമനില

20210218 213154

ഐ എസ് എല്ലിൽ പ്ലേ ഓഫിൽ എത്താൻ ശ്രമിക്കുന്ന നോർത്ത് ഈസ്റ്റിന് ആശ്വാസ സമനില. ഇന്ന് നിർണായക മത്സരത്തിൽ അവർ ചെന്നൈയിനോട് പരാജയപ്പെട്ടു എന്ന് തോന്നിയ സ്ഥലത്ത് നിന്ന് ആണ് ഇഞ്ച്വറി ടൈം ഗോളിൽ നോർത്ത് ഈസ്റ്റ് സമനില നേടിയത്. ആവേശകരമായ മത്സരം 3-3 എന്ന നിലയിലാണ് അവസാനിച്ചത്

മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ ചാങ്തെ ചെന്നൈയിന് ലീഡ് നൽകി. എന്നാൽ ഈ ഗോളിൽ പതറാതിരുന്ന നോർത്ത് ഈസ്റ്റ് പെട്ടെന്ന് തന്നെ തിരിച്ചടിച്ചു. 14ആം മിനുട്ടിൽ ഇമ്രാൻ ഖാൻ നോർത്ത് ഈസ്റ്റിന് സമനില നൽകി. 43ആം മിനുട്ടിൽ ബ്രൗൺ നോർത്ത് ഈസ്റ്റിനെ മുന്നിൽ എത്തിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ രണ്ട് മിനുട്ടിനിടയിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ചെന്നൈയിൻ നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ചു.

50ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലാൻസെറോട്ടയും പിന്നാലെ ഒരു ഡിഫ്ലക്റ്റഡ് ഷോട്ടിലൂടെ ചാങ്തെയുമാണ് ചെന്നൈയിനായി ഗോൾ നേടിയത്.സ്കോർ 52ആം മിനുട്ടിൽ 3-2 എന്നായി. സ്കോർ 93ആം മിനുട്ട് വരെ അതുപോലെ നിലനിന്നു. പക്ഷെ 93ആം മിനുട്ടിൽ നോർത്ത് ഈസ്റ്റിന് പെനാൾട്ടി ലഭിച്ചു. മക്കേഡോ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് നിർണായകമായ ആ ഒരു പോയിന്റ് നേടി.

27 പോയിന്റുമായി നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. മൂന്നാമതുള്ള ഹൈദരബാദിനും നാലാമതുള്ള ഗോവയ്ക്കും 27 പോയിന്റ് തന്നെയാണ് ഉള്ളത്. ഇനി ഗോവയും ഹൈദരബാദും പരസ്പരം ഏറ്റുമുട്ടാനുണ്ട് എന്നത് നോർത്ത് ഈസ്റ്റിന് മുൻതൂക്കം നൽകുന്നു‌. ഇനി രണ്ട് മത്സരങ്ങൾ മാത്രമേ രണ്ട് ടീമുകൾക്കും ബാക്കിയുള്ളൂ.

Previous articleഅര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറുടെ പ്രതീക്ഷ കാത്ത് മുംബൈ ഇന്ത്യന്‍സ്
Next articleഅവസാന നിമിഷം ഗോളിൽ വിജയിച്ച് ചർച്ചിൽ ബ്രദേഴ്സ്