സെമി സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്തയും നോര്‍ത്ത് ഈസ്റ്റും

- Advertisement -

രബീന്ദ്ര സാരോബർ സ്റ്റേഡിയത്തിൽ അത്‍ലറ്റിക്കോ കൊൽക്കത്തയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടുമ്പോൾ മൂന്ന് പോയിന്റിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും സ്വപ്നം കാണുന്നില്ല.

സെമി ഫൈനൽ സാധ്യത ഊട്ടിയുറപ്പിക്കാൻ വേണ്ടിയാകും കൊൽക്കത്ത ഇന്നിറങ്ങുക. ആദ്യ അഞ്ചു കളികളിലും പരാജയമറിയാതെ മുന്നേറിയ കൊൽക്കത്ത പക്ഷെ അവസാന നാലു കളികളിൾ രണ്ടിലും തോൽവി രുചിച്ചു. 9 കളികളിൽ നിന്ന് 13 പോയിന്റുള്ള കൊൽക്കത്ത പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. 10 പേരായി ചുരുങ്ങിയ ഡൽഹിക്കെതിരെ രണ്ടു തവണ ലീഡ് നേടിയിട്ടും വിജയിക്കാനാവാതെ പോയത് കോച്ച് മോളിനയുടെ ഉറക്കം കെടുത്തിയിട്ടുണ്ടാവും. ഈ സീസണിൽ ഒരു ഇന്ത്യൻ കളിക്കാരൻ കൊൽക്കത്തക്ക് വേണ്ടി ഇതുവരെ ഒരു ഗോള്‍ പോലും നേടിയിട്ടില്ല . എനിയുമൊരു തോൽവി ടീമിന്റെ സെമി ഫൈനൽ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും എന്നത് മുന്നിൽ കൊണ്ടാവും നോർത്ത് ഈസ്റ്റിനെതിരെ കൊൽക്കത്ത ഇറങ്ങുക.

ഇയാന്‍ ഹ്യൂം ഗോളുകള്‍ നേടുന്നുണ്ടെങ്കിലും പ്രതിരോധത്തിന്റെ പ്രകടനമാണ് കൊല്‍ക്കത്തയുടെ ഏറ്റവും വലിയ തലവേദന. കഴിഞ്ഞ മത്സരങ്ങളിൽ ബെഞ്ചിലിരുന്നു അർണബ് മൊണ്ടാൽ കൊൽക്കത്ത പ്രധിരോധ നിരയിൽ തിരിച്ചെത്തിയേക്കും. സമീ ഡൗറ്റീ പരിക്കുമൂലം ഇന്ന് ഇറങ്ങിയേക്കില്ല. കഴിഞ്ഞ മത്സരങ്ങളിൽ നിറംമങ്ങിയ പ്രകടനം കാഴ്ച വെച്ച ലാൽറിൻഡിക റാൾട്ടെ തന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം. പൂർണമായും ഫോമിലല്ലാത്ത ഇയാൻ ഹ്യൂമിന്റെയും പോസ്റ്റിഗയുടെയും പ്രകടങ്ങൾ കൊൽക്കത്തക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് നേടി തരുമെന്ന് മോളിനോ വിശ്വസിക്കുന്നു.

ആദ്യ നാലു മത്സരങ്ങളിൽ മൂന്നിലും ജയിച്ചു ശക്തമായി തുടങ്ങിയ നോർത്ത് ഈസ്റ്റ് പിന്നീട് അങ്ങോട്ട് അഞ്ചു കളികളിൽ ജയമറിഞ്ഞിട്ടില്ല. ഈ സീസണിൽ നോർത്ത് ഈസ്റ്റ് ഒരു മത്സരം മാത്രമാണ് തങ്ങളുടെ സ്റ്റേഡിയത്തിനു പുറത്തു ജയിച്ചത്. അത് കൊണ്ട് തന്നെ കൊൽക്കത്തക്കെതിരായ മത്സരം കടുത്തതാവുമെന്നു കോച്ച് നെലോ വിങ്കടക്കറിയാം. 9 മത്സരങ്ങൾ നിന്ന് 10 പോയിന്റ് നേടി നോർത്ത് ഈസ്റ്റ് ലീഗിൽ അവസാന സ്ഥാനത്താണ്. എഫ് സി ഗോവക്കെതിരെ മത്സത്തിൽ ആധിപത്യം പുലർത്തിയിട്ടും ജയിക്കാനാവാതെ പോയത് ടീമിന്റെ ആത്മവിശ്വാസം കുറയ്ക്കും. പക്ഷെ ഇന്നത്തെ വിജയം അവരെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിക്കുമെന്നുള്ളത് അവരുടെ പ്രതീക്ഷ  ഉയർത്തും.

കഴിഞ്ഞ മത്സരത്തിൽ സസ്‌പെൻഷൻ കാരണം കളിക്കാതിരുന്ന അവരുടെ ടോപ് സ്കോറെർ എമിലിയാനോ അൽഫാറോയുടെ തിരിച്ചു വരവ് നോർത്ത് ഈസ്റ്റിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടും. ഗോവക്കെതിരെ പരിക്ക് മൂലം മത്സരം പൂർത്തിയാക്കാൻ കഴിയാതെ പോയ റൊമാറിക്ക് ഇന്ന് ആദ്യ പതിനൊന്നിൽ തിരിച്ചെത്തിയേക്കും.

Advertisement