ആദ്യ രണ്ടിലെത്താൻ കൊൽക്കത്ത ഇന്ന് പൂനെക്കെതിരെ

മുൻ കോച്ച് അൻ്റോണിയോ ഹെബ്ലാസിനെതിരെ കൊൽക്കത്തയിലെ ആദ്യ മത്സരത്തിനാവും അത്ലെറ്റികോ ഡി കൊൽക്കത്ത ഇന്ന് ഇറങ്ങുക. സെമി ഫൈനലിലേക്ക് തുടർച്ചയായ 3 സീസണിലും യോഗ്യത നേടിയ ആദ്യ ടീമായ കൊൽക്കത്ത ആദ്യ രണ്ട് സ്ഥാനങ്ങളിലേക്കുള്ള ഫിനിഷാണ് ലക്‌ഷ്യം വെയ്ക്കുന്നത്. 13 കളികളിൽ 19 പോയിൻ്റുമായി ഇപ്പോൾ മൂന്നാമതുള്ള അവരെ അലട്ടുന്ന പ്രധാന വിഷയം നാട്ടിലെ മോശം ഫോമാണ്. സ്വന്തം തട്ടകത്തില്‍ ഇത് വരെ 7 പോയിൻ്റ് മാത്രം സ്വന്തമാക്കിയ അവർ ഒരു മത്സരത്തിൽ മാത്രമാണ് ജയിച്ചത്. അതിനാൽ തന്നെ സെമി ഫൈനലിന് മുമ്പ് നാട്ടിൽ ജയിക്കാനാവും അവരുടെ ശ്രമം.

സസ്പെൻഷനു ഒരു മഞ്ഞ കാർഡ് മാത്രം അകലെയുള്ള ഗോൾ കീപ്പർ ദെബ്ജിത്ത് മഞ്ചുദാർ, പ്രതിരോധനിര താരം ഹെൻറിക് സെറെനോ എന്നിവർക്കും കോച്ച് ഹോസെ മൊളീനോ ഇന്ന് വിശ്രമം നൽകിയേക്കും. പ്രതിരോധത്തിൽ ടിറി, മണ്ഡൽ സഖ്യം തന്നെയാണ് കൊൽക്കത്തയുടെ കരുത്ത്. മധ്യനിരയിൽ പ്രധാന താരമായി ഉയർന്ന സ്റ്റീഫൻ പിയേർസൺ, ബോർജ ഫെർണാണ്ടസിനൊപ്പം ഇറങ്ങും. ജാവി ലാറക്ക് വിശ്രമം ലഭിച്ചേക്കും. മുൻ മത്സരത്തിൽ പനി കാരണം ആദ്യ പതിനൊന്നിൽ ഇറങ്ങാത്ത സമീഗ് ദ്യൂട്ടി ഇന്നിറങ്ങിയേക്കും. മുന്നേറ്റത്തിൽ പോസ്റ്റിക്ക് മൊളീന വിശ്രമം നൽകിയേക്കും. അങ്ങനെയെങ്കിൽ ഹ്യൂമിനൊപ്പം ബെലൻകോസയാവും മുന്നേറ്റത്തിൽ ഇറങ്ങുക.

തുടർച്ചയായ 3 സീസണിലും സെമി ഫൈനൽ കാണാതെ പുറത്താകാനായിരുന്നു പൂനെ സിറ്റിയുടെ വിധി. കൊൽക്കത്തക്ക് നേടി കൊടുത്ത അൻ്റോണിയോ ഹെബ്ലാസിനും പക്ഷെ പൂനെയെ രക്ഷിക്കാനായില്ല. 13 കളികളിൽ 15 പോയിൻ്റുമായി ആറാമതുള്ള പൂനെ ആശ്വാസജയം കണ്ടത്താനാവും ശ്രമിക്കുക. കേരളത്തിനെതിരായ കഴിഞ്ഞ കളിയിലെ പരാജയമാണ് അവരുടെ സാധ്യതകൾക്ക് വിലങ്ങ് തടിയായത്.

യുവ താരങ്ങൾക്ക് പൂനെ ഈ മത്സരത്തിൽ അവസരങ്ങൾ നൽകിയേക്കും. ഐഡലെ തന്നെ ഗോൾ വലയുടെ ചുമതല ഏൽപ്പിക്കാൻ സാധ്യത കുറവാണ്. ഫെരേരക്കൊപ്പം യുവ ഇന്ത്യൻ താരങ്ങളായ നാരയൺ ദാസ്, രാഹുൽ ബെക്കെ എന്നിവരാവും പ്രതിരോധത്തിൽ. മാർക്വീ താരം മുഹമ്മദ് സിസോക്കോ, പിറ്റു എന്നിവർക്കൊപ്പം ലെനി റോഡിഗ്രസ്, യൂജിൻ ലിങ്ദോ എന്നിവർ മധ്യനിരയിൽ ഇറങ്ങും.

പൂനെയിൽ നടന്ന ആദ്യ പാദത്തിൽ വിജയം പുനെക്കൊപ്പമായിരുന്നു. ഇത് വരെ പരസ്പരം 5 പ്രാവശ്യം ഏറ്റ് മുട്ടിയതിൽ ഒരു മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ പൂനെ 3 മത്സരങ്ങളിലും കൊൽക്കത്ത ഒരെണ്ണത്തിലും ജയിച്ചു. വൈകിട്ട് 7 മണിക്ക് രബീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാവുന്നതാണ്.