കൊച്ചിയുടെ യുവതാരം ബിബിൻ ബോബനെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി

മുഹമ്മദ് റാഫിക്കും ഷാഹിൻലാലിനും പിറകെ ഒരു മലയാളി കൂടെ ചെന്നൈയിൻ എഫ് സിയിൽ എത്തിയിരിക്കുന്നു. കൊച്ചിക്കാരനായ യുവ മിഡ്ഫീൽഡർ ബിബിൻ ബോബൻ. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയുടെ താരമായിരുന്ന ബിബിൻ ബോബനുമായി ചെന്നൈയിൻ എഫ് സി ഇന്ന് കരാറിൽ എത്തി. ബിബിൻ ഉൾപ്പെടെ ആറു യുവതാരങ്ങളെയാണ് ചെന്നൈയിൻ എഫ് സി ഇന്ന് സ്വന്തമാക്കിയത്.

കൊച്ചി കുമ്പളങ്ങി സ്വദേശിയായ ബിബിൻ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു. തേവര എസ് എച്ച് സ്കൂളിനും എം എസ് പി മലപ്പുറത്തിനും വേണ്ടി പന്തു തട്ടിയിട്ടുണ്ട് ഈ യുവതാരം. കുമ്പളങ്ങിയിലെ തന്നെ ബസാർ ബ്രദേഴ്സ് റിയൽ എഫ് സിക്കു വേണ്ടി പന്തു തട്ടിയായിരുന്നു ബിബിന്റെ തുടക്കം. ഇന്ത്യൻ യുവ ടാലന്റുകൾക്ക് വേണ്ടി ഗോവയിലെ ഇന്ത്യൻ ക്യാമ്പിലും ബിബിൻ ഉണ്ടായിരുന്നു. കഴിഞ്ഞ അണ്ടർ 18 ഐ ലീഗിൽ എലൈറ്റ് അക്കാദമിയോടൊപ്പം ബിബിൻ ഉണ്ടായിരുന്നു.

ഗോൾകീപ്പറായ ബംഗാൾ സ്വദേശി സാമിക് മിത്ര, പ്രതിരോധനിരക്കാരായ മിസോറാം യുവതാരങ്ങൾ ജോസഫ് സംഗ്ലുവാര, ലാലിയൻസംഗ റാൾടെ, മധ്യനിര താരം സോനുന്മാവിയ, ഫോർവേഡ് ബൊഹ്മിങ്തങ എന്നീ താരങ്ങളാണ് ബിബിനെ കൂടാതെ എലൈറ്റ് അക്കാദമിയിൽ നിന്ന് ചെന്നൈയിനിൽ ചേർന്നിരിക്കുന്നത്. മുമ്പ് ജെറിയും അനിരുദ്ധ് താപയും ഇതേ പോലെ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിൽ നിന്നായിരുന്നു ചെന്നൈയിനിൽ എത്തിയത്.

യുവതാരങ്ങൾ ആണെങ്കിലും ഇവർക്കൊക്കെ സീനിയർ ടീമിലേക്കുള്ള വാതിൽ തുറന്നു കിടക്കുകയാണെന്ന് ചെന്നൈയിൻ ടെക്നിക്കൽ ഡയറക്ടർ സബിർ പാഷ പറഞ്ഞു.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, കേരളത്തെ കോഴിക്കോടിന്റെ അനാമിക നയിക്കും
Next articleമുംബൈയില്‍ ആദ്യ ജയം സ്വന്തമാക്കി ആതിഥേയര്‍