ഇത് കിബു വികൂന അർഹിച്ച വിജയം

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒപ്പം അവരുടെ പരിശീലകൻ കിബു വികൂനയും അർഹിച്ച വിജയമാണ്. കിബു വികൂനയ്ക്ക് അവസാന ഒരു മാസം അത്ര നല്ലതായിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിലെ മോശം തുടക്കം അദ്ദേഹത്തിന് മേൽ വലിയ സമ്മർദ്ദം തന്നെ ഉയർത്തുന്നുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും ഫുട്ബോൾ നിരീക്ഷകരുടെയും നിരന്തരമായ വിമർശനങ്ങൾ അദ്ദേഹം കേൾക്കേണ്ടി വന്നു.

വ്യക്തിപരമായി കിബു വികൂനയ്ക്ക് അവസാന ദിവസങ്ങൾ വേദനയേറിയതായിരുന്നു. അദ്ദേഹത്തിന്റെ അമ്മ മരണപ്പെട്ടിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ. ക്ലബ് വിട്ട് നാട്ടിലേക്ക് പോകാൻ ക്ലബ് സൗകര്യങ്ങൾ ഒരുക്കിയിട്ടും ക്ലബിനൊപ്പം നിൽക്കാൻ ആയിരുന്നു കിബുവിന്റെ തീരുമാനം. ആ പ്രൊഫഷണൽ തീരുമാനം കയ്യടി അർഹിക്കുന്നുണ്ട്.

ഇന്ന് വലിയ തീരുമാനങ്ങളുമായാണ് കിബു കേരള ബ്ലാസ്റ്റേഴ്സിനെ കളത്തിൽ ഇറക്കിയത്. വിദേശ താരം ആണ് എന്നത് സ്റ്റാർട് ചെയ്യാനുള്ള യോഗ്യത അല്ല എന്ന് കഴിഞ്ഞ ദിവസം കിബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ന് മൂന്ന് വിദേശ താരങ്ങളെ മാത്രം അണിനിരത്തി ഇറങ്ങിയപ്പോൾ ആ വാക്ക് സത്യമാണെന്ന് കിബു തെളിയിക്കുക ആയിരുന്നു. കഴിഞ്ഞ മത്സരത്തിൽ നന്നായി കളിച്ച സഹലിനെയും ജീക്സണെയും മറെയെയും സ്റ്റാർട് ചെയ്യാനുള്ള തീരുമാനം ടീമിന് ഗുണം ചെയ്തു. ഡിഫൻസിലെ കിബുവിന്റെ പരീക്ഷണവും വിജയിക്കുന്നതാണ് കണ്ടത്.

ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം തിരികെ നൽകും എന്നും കിബു വികൂനയും ടീമും ടേബിളിൽ മുന്നോട്ട് നീങ്ങി തുടങ്ങും എന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നു‌

Exit mobile version