‘കേശു’ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി ഒക്ടോബർ 18, 2019: ഇന്ത്യൻ സൂപ്പർ ലീഗ് 2019-2020 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുള്ള ‘കേശു’ വിനെ അവതരിപ്പിച്ചു. ക്ലബിന്റെ ആരാധകരുമായുള്ള സഹകരണം വർധിപ്പിക്കുക എന്ന സംരംഭത്തിന്റെ ഭാഗമായി, ഭാഗ്യ ചിഹ്നത്തിനായുള്ള ഏറ്റവും പുതിയ രൂപകൽപ്പനകൾ ആരാധകരിൽ നിന്ന് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്‌ഫോമിലൂടെ ക്ലബ് ക്ഷണിച്ചിരുന്നു. നിരവധി ആരാധകരാണ് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്‌ഫോമിലൂടെ രൂപകൽപ്പനകൾ നൽകി മത്സരത്തിൽ പങ്കാളിയായത്. ലഭിച്ച നിരവധി എൻ‌ട്രികളിൽ‌ നിന്നും തൃശൂർ സ്വദേശിയായ മൃദുൽ‌ മോഹൻ നൽകിയ രൂപകൽപ്പനയാണ് ഐഎസ്എൽ ആറാം സീസണിലെ ക്ലബ്ബിന്റ ഭാഗ്യ ചിഹ്നമായ കേശുവിന്റെ മുഖമായി തിരഞ്ഞെടുത്തത്. 19കാരനായ മൃദുൽ കൊടുങ്ങല്ലൂർ, പുല്ലൂറ്റ് കെകെടിഎം ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ സൃഷ്ടാവായാണ് ഇനി മൃദുൽ അറിയപ്പെടുക.

ഭാഗ്യ ചിഹ്നത്തിന്റെ അവതരണത്തോടൊപ്പം ക്ലബ് ഒരു എക്‌സ്‌ക്ലൂസീവ് കോമിക്ക് സ്ട്രിപ്പും അവതരിപ്പിച്ചു. വളരെ രസകരവും, ഉത്തരവാദിത്തവുമുള്ള കഥാപാത്രമായ കേശുവിനെ അടിസ്ഥാനമാക്കിയാണ് കോമിക് സ്ട്രിപ്പ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. കൂട്ടായ്‌മ, ഇടപഴകൽ, സ്‌പോർട്‌സ്മാൻഷിപ്പ് എന്നീ മൂന്ന് പ്രധാന തത്വങ്ങളിൽ അധിഷ്ഠിതവുമാണിത്. മുംബൈ ആസ്ഥാനമായുള്ള പ്രൊഫഷണൽ കഥാകൃത്തായ സുദിപ്ത ധ്രുവയാണ് ‘കേശു – പ്ലേ വിത്ത് മീ’ സ്റ്റോറികളുടെ സൃഷ്ടാവ്. പ്രശസ്ത കാർട്ടൂണിസ്റ്റ് അഭിജിത് കിനി തന്റെ വരകളിലൂടെ ഈ ആശയത്തെ ജീവസുറ്റതാക്കുന്നു. എല്ലാ ഹോം-മത്സരങ്ങൾക്കും കാണികളുമായി സംവദിക്കുന്നതിനും ആരാധകരെ രസിപ്പിക്കുന്നതിനുമായി കേശു സ്റ്റേഡിയത്തിൽ ഉണ്ടാകും. എല്ലാ മത്സരങ്ങളിലും കുട്ടിയാനയുടെ രൂപത്തിലുള്ള കേശുവിന്റെ ഉച്ചത്തിലുള്ള ചിഹ്നം വിളിയും സന്തോഷകരമായ പുഞ്ചിരികളും മഞ്ഞയിൽ കളിച്ചാടുന്ന ആരാധകരുടെ ആഹ്ലാദത്തെ അതിന്റെ പാരമ്യതയിൽ എത്തിക്കും.

“മൈതാനത്തിന് അകത്തും പുറത്തും നല്ല മൂല്യങ്ങൾ നൽകുമെന്ന് കെബിഎഫ്സി പ്രതീക്ഷിക്കുന്നു. കേശു ഒരു ചിഹ്നത്തേക്കാൾ ഉപരിയായാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാണുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടനീളം ക്ലബ്ബ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേൻ ഡി സിൽവ പറയുന്നു.

കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഭാഗ്യ ചിഹ്നത്തിന്റെ ഔദ്യോഗിക അവതരണ ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ, വിരേൻ ഡി സിൽവ, ക്ലബ്ബ് ഉടമ നിഖിൽ ഭരദ്വാജ്, ഭാഗ്യ ചിഹ്നമായ കേശു, ഭാഗ്യ ചിഹ്നത്തിന്റെ സൃഷ്ടാവായ മൃദുൽ മോഹൻ എന്നിവർ പങ്കെടുത്തു.