ആദ്യ ഗോൾ ലക്‌ഷ്യം വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരെ

- Advertisement -

ആദ്യ ഗോൾ തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്.സിയെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ആരാധകരെ തൃപ്തരാക്കില്ല എന്നത് കൊണ്ട് തന്നെ കോച്ച് റെനെയും ബെർബെറ്റോവും ഇയാൻ ഹ്യുമും വിനീതും അടങ്ങുന്ന ആക്രമണനിര രണ്ടും കൽപ്പിച്ചു തന്നെയാവും മത്സരത്തിനിറങ്ങുക. കഴിഞ്ഞ വർഷം മൂന്ന് മത്സരങ്ങൾക്ക് ശേഷമായിരുന്നു കേരളം ഗോൾ കണ്ടെത്തിയത്. അന്ന് എതിരാളികൾ മുംബൈ ആയിരുന്നു.

ആദ്യ മത്സരത്തിൽ എ.ടി.കെയോട് സമനില വഴങ്ങിയ കേരള രണ്ടാം മത്സരത്തിൽ ജംഷഡ്‌പൂർ എഫ്.സിയോടും  ഗോൾ നേടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ കേരളം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പ്രധിരോധ നിരയുടെയും ഗോൾ കീപ്പർ പോൾ റഹുബ്കയുടെയും മികച്ച പ്രകടനമാണ് കേരളത്തിനെ തോൽ‌വിയിൽ നിന്ന് രക്ഷിച്ചത്. മുംബൈ സിറ്റിയേക്കാൾ കൂടുതൽ വിശ്രമം ലഭിച്ച കേരളം അത് കളിക്കളത്തിൽ പ്രതിഫലിപ്പിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

മുബൈയാവട്ടെ മഹാരാഷ്ട്ര ഡെർബിയിൽ തോറ്റതിന്റെ പിന്നാലെയാണ് ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. മുംബൈ സിറ്റി ബൽവന്ത് സിങ്ങിൽ പ്രതീക്ഷ അർപ്പിച്ചാവും ഇന്ന് ഇറങ്ങുക. കൊച്ചിയിലെ മഞ്ഞ കടലിൽ നിന്ന് ഒരു സമനില പോലും മുംബൈയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. മുംബൈ നാല് മത്സരത്തിനിടെ മൂന്നാമത്തെ മത്സരമാണ് എവേ ഗ്രൗണ്ടിൽ കളിക്കുന്നത്.

വെസ് ബ്രൗൺ ആദ്യ പതിനൊന്നിൽ കളിക്കാൻ സാധ്യത കുറവാണെന്ന്  കോച്ച് റെനെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മികച്ച ഫോമിലുള്ള ജിങ്കൻ – ലാകിച് പെസിച് സഖ്യമാണ് വെസ് ബ്രൗണിന് ടീമിലേക്കുള്ള ഇടം നിഷേധിക്കുന്നത്. വെസ് ബ്രൗൺ ഇറങ്ങുകയെങ്കിൽ കേരളം മൂന്ന് പ്രധിരോധ നിര താരങ്ങളെ അണിനിരത്തി ടീമിനെയിറക്കാനും സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement