അടിക്ക് വിനീതിന്റെ തിരിച്ചടി, ചെന്നൈയിനെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്‌സ്

- Advertisement -

അവസാന നിമിഷം വിനീത് നേടിയ ഗോളിൽ കേരളത്തിന് സമനില. മികച്ച അറ്റാക്കിങ് ഫുട്ബോൾ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിച്ച്  പോരാട്ടം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനോട്  1 -1ന്  സമനില പിടിക്കുകയായിരുന്നു. കളി തീരാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ ഗോൾ വഴങ്ങിയിട്ടും ഗോൾ തിരിച്ചടിച്ച്  മികച്ച പ്രകടനം കാഴ്ചവെച്ച കേരളം മത്സരത്തിൽ ജയം അർഹിച്ചിരുന്നു.

ആദ്യ പകുതിയിൽ ചെന്നൈയിൻ എഫ്.സി ബ്ലാസ്‌റ്റേഴ്‌സിനെ കൗണ്ടർ അറ്റാക്കിങ് ഫുട്ബോൾ കളിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച സന്തോഷ് ജിങ്കനും ലാകിച് പെസിച്ചും ചെന്നൈയിനെ തടഞ്ഞുനിർത്തുകയായിരുന്നു. ആദ്യ പകുതിയിൽ ലീഡ് നേടാനുള്ള മികച്ചൊരു അവസരം ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കേജാക്കിചന്ദ് സിങ് നഷ്ടപ്പെടുത്തിയതും കേരളത്തിന് വിനയായി. വിനീതും പെകുസണും ചേർന്ന് നടത്തിയ മികച്ചൊരു കൌണ്ടർ അറ്റാക്കിനൊടുവിൽ കിട്ടിയ അവസരമാണ്  ജാക്കിചന്ദ് സിങ് നഷ്ടപ്പെടുത്തിയത്.

റെനെയുടെ വിശ്വസ്തനായ റിനോ ആന്റോ ആദ്യ പകുതിയിൽ പരിക്കേറ്റ് പുറത്ത് പോയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു. രണ്ടാം പകുതിയിലും മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സ് പല തവണ ഗോളിനടുത്ത് എത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. പെകൂസന്റെ മികച്ചൊരു ഷോട്ട് കരൺജിത് രക്ഷപെടുത്തിയതും കേരളത്തിന് നിരാശ സമ്മാനിച്ചു. തുടർന്ന് ഗ്രിഗറി നെൽസന്റെ മികച്ചൊരു ഷോട്ട് പോൾ റചുബ്ക രക്ഷപെടുത്തിയതും കേരളത്തിന് രക്ഷയായി.

മത്സരം സമനിലയിലേക്ക് പോവുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കേരളത്തിന് എതിരായി റഫറി പെനാൽറ്റി വിളിച്ചത്.  സന്തോഷ് ജിങ്കൻ  വഴങ്ങിയ പെനാൽറ്റി റെനെ മിഹേലിച്ച് ഗോളാക്കി ചെന്നൈയിന് ലീഡ് നൽകുകയായിരുന്നു. പക്ഷെ ജിങ്കനും വിനീതും തോൽക്കാൻ തയ്യാറായിരുന്നില്ല. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജിങ്കൻറെ മികച്ചൊരു ക്രോസിൽ നിന്ന് ഗോൾ നേടി വിനീത് കേരളത്തിന് അർഹിച്ച സമനില നേടി കൊടുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement