കിരീടത്തിൽ കുറഞ്ഞ ഒന്നും ലക്ഷ്യമിടാതെ കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

“കൊച്ചിയിൽ വന്ന് കൊൽക്കത്ത കപ്പ് കൊണ്ടോയിട്ടുണ്ട് എങ്കിൽ അത് കൊൽക്കത്തയിൽ ചെന്ന് കേരളത്തിലോട്ട് കൊണ്ടുവന്നിരിക്കും”

ഐ എസ് എൽ ഫൈനൽ കൊൽക്കത്തയിൽ ആണ് എന്ന് അറിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഫൈനലിൽ എത്തിയാലും സെമി കണ്ടാലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതു കൊണ്ടുമൊക്കെ തൃപ്തി അടയാൻ കഴിയുന്ന ഒമ്പത് ഐ എസ് എൽ ക്ലബുകൾ ഉണ്ടാകും, ബ്ലാസ്റ്റേഴ്സ് എന്ന പത്താം ക്ലബിനെ ആ കൂട്ടത്തിൽ ചേർക്കേണ്ടതില്ല. ബ്ലാസ്റ്റേഴ്സിന് വേണ്ടത് കിരീടം മാത്രമാണ്. മെച്ചപ്പെട്ട പ്രകടനങ്ങളും ഫൈനലും ഒക്കെ ആവശ്യത്തിലധികം ബ്ലാസ്റ്റേഴ്സ് ആരാധകരും ടീമും കണ്ടിരിക്കുന്നു.

ഇത്തവണ ഒരുങ്ങി തന്നെയാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്. ഒരു ലെഫ്റ്റ് ബാക്കിനെ വാങ്ങാൻ മറന്നു പോയ ബ്ലാസ്റ്റേഴ്സ് അല്ല ഇത്. സർ അലക്സ് ഫെർഗൂസന്റെ അരുമ ശിഷ്യനായ റെനെ മുളൻസ്റ്റീനെ പരിശീലകനായി എത്തിച്ചപ്പോഴേ ബ്ലസ്റ്റേഴ്സിന്റെ മാറ്റങ്ങൾ ആരാധകർക്ക് തന്നെ മനസ്സിലായി തുടങ്ങിയിരുന്നു. താരങ്ങളെ നിലനിർത്താൻ അവസരം കിട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സ് അറിഞ്ഞ് ഏറ്റവും വിലപിടിപ്പുള്ള രണ്ട് ഇന്ത്യൻ താരങ്ങളെ തന്നെ മാനേജ്മെന്റ് നിലനിർത്തി. സി കെ വിനീതും മലയാളികളുടെ ഹരമായ സന്ദേശ് ജിങ്കനും.

യുവ നിരയ്ക്ക് പ്രാധാന്യം കൊടുത്താണ് ഡ്രാഫ്റ്റിൽ ബ്ലാസ്റ്റേഴ്സ് കരുക്കൾ നീക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായാ തങ്ബോയ് സിങ്ടോ അസിസ്റ്റന്റ് കോച്ചായി എത്തിയത് ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടത് ഡ്രാഫ്റ്റിൽ ആയിരുന്നു. ഡ്രാഫ്റ്റിലും അല്ലാതെയുമായി ഒരുപറ്റം മലയാളി ടാലന്റുകളെയും ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് തനി മലയാളികളുടെ ടീമായി മാറാനും തുടങ്ങി.

പ്രശാന്ത്, അജിത് ശിവൻ, സുജിത് എം എസ്, സഹൽ, ജിഷ്ണു, റിഷി ദത്ത് തുടങ്ങി കേരളത്തിന്റെ ഭാവി ഫുട്ബോൾ ബൂട്ടുകളും ഗ്ലോവും ഒക്കെ മഞ്ഞജേഴ്സിയിൽ വിദഗ്ദ പരിശീലകരുടെ കീഴിൽ വളരുകയാണ്. ഇവരിൽ പലരും റിസേർവ് സ്ക്വാഡിന്റെ‌ ഭാഗമാണ് എങ്കിലും സീനിയർ സ്ക്വാഡിലേക്ക് കാലെടുത്തു വെക്കുന്ന ദൂരം വിദൂരമല്ല.

മലയാളി താരങ്ങളെ എന്ന പോലെ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മാറ്റു കൂട്ടുന്ന താരങ്ങളാണ് വിദേശത്തു നിന്ന് എത്തിയതും. ഫുട്ബോൾ എന്ന കളിയുടെ എല്ലാ സൗന്ദര്യങ്ങളും ഫസ്റ്റ് ടച്ചിൽ ആവാഹിച്ച ഡിമിറ്റാർ ബെർബറ്റോവ് എന്ന ബെർബ തന്നെയാണ് വിദേശതാരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രതീക്ഷ. ബെർബയുടേയുൻ വെസ് ബ്രൗണിന്റേയും വരവ് കളത്തിന് പുറത്തും ബ്ലാസ്റ്റേഴ്സിന്റെ മൂല്യം കൂട്ടി എന്നതാണ് കാര്യം.

ലോകത്തിലെ ഏറ്റവും മികച്ച ക്ലബിൽ തങ്ങളുടെ കരിയറിന്റെ ഏറ്റവും മികച്ച കാലം ചിലവഴിച്ച ഇരുവരും കളത്തിൽ മിന്നും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇരുവരുടേയും സാന്നിദ്ധ്യം മറ്റി യുവതാരങ്ങളുടെ വളർച്ചയ്ക്കും കാര്യമായ ഗുണം ചെയ്യും. ഹോസു, ബെൽഫോർട്ട്, ഹെങ്ബർട്ട് തുടങ്ങി ആരാധകർക്ക് പ്രിയപ്പെട്ട പലരും ക്ലബിലേക്ക് മടങ്ങിവന്നില്ല എങ്കിലും ആ നിരാശരായ ആരാധകർക്ക് വലിയ ആശ്വാസമായി ഇയാൻ ഹ്യൂമിന്റെ മടങ്ങി വരവ്. ഐ എസ് എൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ഫോർവേഡ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയത് ആരാധകരേയും ടീമിനേയും ഒരുപോലെ മോറലി ലിഫ്റ്റ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്‌.

കപ്പ് നേടാൻ ഉള്ള സന്നാഹങ്ങളൊക്കെ ഒരുക്കിയ ബ്ലാസ്റ്റേഴ്സിന് മറ്റു ക്ലബുകളിൽ നിന്ന് വ്യത്യസ്ഥമായി ഒരു ഹോം അഡ്വാന്റേജും ഉണ്ട് എന്നു പറയാം. യൂറോപ്യൻ ഫുട്ബോളിൽ കാണുന്ന തരത്തിലുള്ള ആവേശ ഗ്യാലറി ബ്ലാസ്റ്റേഴ്സിന്റെ ഹോം റെക്കോർഡിൽ പ്രധാന പങ്കു വഹിക്കും ഇത്തവണയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലേക്കുള്ള കുതിപ്പിന് ഏറ്റവുൻ കരുത്തായത് ബ്ലാസ്റ്റേഴ്സിന്റെ ഹോം റെക്കോർഡ് ആയിരുന്നു. സീറ്റ് കുറഞ്ഞാലും ആരാധകരുടെ കരുത്ത് കൊച്ചിയിൽ കുറയുമെന്ന് ആരും കരുതുന്നില്ല.

പിഴച്ച രണ്ടു ഫൈനലുകൾക്കുമുള്ള ഉത്തരമായി സീസൺ അവസാനിക്കുമ്പോൾ ഐ എസ് എൽ കിരീടം കേരളത്തിലേക്ക് റെനെയും സംഘവും എത്തിക്കുമെന്ന് പ്രത്യാശിക്കാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement