കേരള ബ്ലാസ്റ്റേഴ്സിന്റെ കാവൽ മാലാഖമാർ

ഐ എസ് എല്ലിൽ ആകെ രണ്ടു ക്ലബുകളാണ് ഇത്തവണ വിദേശ ഗോൾകീപ്പറെ സ്വന്തമാക്കിയത് അതിൽ ഒരു ക്ലബാണ് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ സ്ക്വാഡ് പ്രിവ്യൂവിൽ ആദ്യം ഫാൻപോർട്ട് അവലോകനം ചെയ്യുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് പൊസിഷനാണ്. വിദേശ ഗോൾ കീപ്പറായ് പോൾ റചുബ്ക, ബ്ലാസ്റ്റേഴ്സിന്റെ കൂടെ എന്നും ഉണ്ടായിരുന്ന സന്ദീപ് നന്ദി, സുഭാഷിഷ് റോയ് ചൗധരി, ഒപ്പം റിസേർവ് സ്ക്വാഡിലുള്ള സുജിത് എം എസും ആണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഗ്ലോവ് അണിയാനായി ഉള്ളത്.

പോൾ റചുബ്ക;

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ സൈനിംഗുകളിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട സൈനിംഗ് ആയിരുന്നു റചുബ്ക. അതുകൊണ്ട് തന്നെ കോച്ച് റെനെ മുളൻസ്റ്റീനും റചുബ്കയ്ക്കും പ്രകടനത്തിലൂടെ ആ വിമർശനത്തെ നേരിടേണ്ടതുണ്ട്. ഒന്നാം നമ്പർ ജേഴ്സി അണിയുന്ന റചുബ്ക തന്നെയാകും കേരളത്തിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറും. ആദ്യ മത്സരത്തിൽ റചുബ്ക ആകും വല കാക്കുക എന്ന് റെനെ സൂചനയും നൽകിയിരുന്നു.

36കാരനായ റചുബ്കയുടെ 18ആമത്തെ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്രയും നീണ്ട കരിയറിൽ ബ്ലാക്ക് പൂളിന്റെ ഗോൾ വലയ്ക്കു മുന്നിൽ മാത്രമെ പോളിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുള്ളൂ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയാണ് റചുബ്ക. ലീഡ്സിന്റെ ഗോൾവലയ്ക്കു മുന്നിൽ നടത്തിയ മോശം പ്രകടനമാണ് റചുബ്കയുടെ കരിയറിന് തന്നെ കരിനിഴൽ വീഴ്ത്തിയത്.

റചുബ്ക് സ്റ്റാർട്ടിംഗ് ഇലവനിൽ എത്തിയാൽ അത് ഒരു വിദേശ ഔട്ട് ഫീൽഡ് പ്ലയറുടെ എണ്ണം കുറയ്ക്കും. അതു കൊണ്ട് തന്നെ എത്രകാലം റെനെയ്ക്ക് പോളിനെ ആദ്യ ഇലവനിൽ നിർത്താൻ കഴിയും എന്നതും സംശയമാണ്. എന്തായാലും ആദ്യത്തെ വിമർശനങ്ങൾ ഒക്കെ പറന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ റചുബ്കയ്ക്ക് പൂർണ്ണ പിന്തുണയുമായി ഇപ്പോൾ ഒപ്പൻ ഉണ്ട്. പ്രീ‌സീസണിൽ വിദേശത്തും കൊച്ചിയിൽ ഗോകുലത്തിനെതിരെയും റചുബ്ക മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

സന്ദീപ് നന്ദി;

കേരള ബ്ലാസ്റ്റേഴ്സും നന്ദിയുമായുള്ള ബന്ധം 2014മുതൽ ഉള്ളതാണ്. ഈ സീസണിൽ ഡ്രാഫ്റ്റിൽ നന്ദിയെ ആരും സ്വന്തമാക്കാതിരുന്നപ്പോൾ നന്ദിയുടെ കരിയറിന് അവസാനനാവുകയാണ് എന്ന് കരുതിയതായിരുന്നു. എന്നാൽ 42ആം വയസ്സിൽ വീണ്ടും നന്ദിയെ വിശ്വസിക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുക ആയിരുന്നു. ഡ്രാഫ്റ്റ് കഴിഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്സ് നന്ദിയെ‌ ടീമിലെത്തിച്ചത്.

കേരളത്തിനായി ഇതുവരെ 18 മത്സരങ്ങൾ നന്ദി കളിച്ചിട്ടുണ്ട്. വിദേശ ഔട്ട് ഫീൽഡ് താരങ്ങളെ കൂടുതൽ ഇറക്കണം എന്നു തീരുനാനിച്ചാൽ നന്ദിക്കായിരിക്കും റെനെയുടെ നറുക്ക് വീഴുക‌. അവസാനമായ സതേൺ സമിറ്റിക്കു വേണ്ടിയാണ് നന്ദി ഇറങ്ങിയത്. ബഗാനും ഈസ്റ്റ് ബംഗാളും അടക്കമുള്ള ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് നന്ദി.

സുഭാഷിഷ് റോയ് ചൗധരി;

ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിൽ സ്വന്തമാക്കിയ ഒരേയൊരു ഗോൾകീപ്പറാണ് സുഭാഷിഷ്. 37 ലക്ഷം രൂപയ്ക്കായിരുന്നു സുഭാഷിഷ് റോയിയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ എഫ് സി ഗോവ ടീമിലായിരുന്നു സുഭാഷിഷ്. പക്ഷെ അവിടെ ഒന്നാം നമ്പറായിരുന്നില്ല. ഇത്തവണ ബ്ലാസ്റ്റേഴ്സിലും ആദ്യ ഇലവനിൽ എത്താൻ സുഭാഷിഷിന് കഷ്ടപ്പെടേണ്ടി വരും. റചുബ്കയും നന്ദിയുടെ ബ്ലാസ്റ്റേഴ്സ് എക്സ്പീരിയൻസും സുഭാഷിഷിനെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചേക്കും.

സുജിത് എം എസ്

ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ കീപ്പറായാണ് സുജിത് ടീമിലെത്തിയത്‌. റിസേർവ് സ്ക്വാഡിലാണ് സുജിത് ഉള്ളത് ഇപ്പോൾ. അതുകൊണ്ട് തന്നെ ജനുവരി വരെ സുജിത് ഐ എസ് എൽ ടീമിന്റെ ഭാഗമാകില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രീമിയർ ലീഗിൽ 500ൽ എത്തുന്ന നാലാം മാനേജറാകാൻ മോയെസ്
Next articleബെൽജിയത്തിന്റെ ഗോളടി റെക്കോർഡ് ഇനി ലുകാകുവിന്