ഇനി കളി കാര്യം മാത്രം, സീസണു വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കം ഗംഭീരം

Photo : Kerala Blasters

അവസാന സീസണുകളിൽ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് കേട്ട വിമർശനങ്ങളിൽ അധികവും അവരുടെ നല്ല താരങ്ങളെ ടീമിൽ എത്തിക്കുന്നതിൽ ഉള്ള പോരായ്മയെ കുറിച്ചായിരുന്നു. കോപ്പൽ പരിശീലകനായ സീസണിൽ ലെഫ്റ്റ് ബാക്കിനെ വാങ്ങാൻ മറന്ന കേരള ബ്ലാസ്റ്റേഴ്സിനെ എല്ലാവർക്കും ഓർമ്മ കാണും. അന്ന് ലെഫ്റ്റ് ബാക്കില്ലാതെ തന്നെ ഫൈനലിൽ എത്തിയത് ഹോസുവിന്റെയും കോപ്പലിന്റെയും മികവ്.

അതു കഴിഞ്ഞുള്ള 2017-17 സീസണിൽ പണം വാരിയെറിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് പക്ഷെ നോക്കിയത് പേരുകൾ മാത്രമായിരുന്നു. വമ്പൻ സൈനിംഗുകളെ എത്തിച്ചപ്പോൾ അവർക്ക് കളിക്കാനുള്ള ഫിറ്റ്നെസ് ഉണ്ടോ എന്ന് കേരള ബ്ലാസ്റ്റേഴ്സ് നോക്കിയില്ല. ആ സീസണിൽ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു കേരള ബ്ലാസ്റ്റേഴ്സ്. നല്ലൊരു മധ്യനിര താരത്തെ എത്തിക്കാൻ ആവാത്തതും ആ സീസണിൽ പ്രശ്നമായി.

വലിയ പേരുകളെ സൈൻ ചെയ്തതിന് വിമർശനം കേട്ട കേരള ബ്ലാസ്റ്റേഴ്സ് 2018-19 സീസണിൽ ചെയ്തത് ആർക്കും അറിയാൻ വിദേശ താരങ്ങളെ സൈൻ ചെയ്യുക എന്ന വ്യത്യസ്ത തന്ത്രമായിരുന്നു. പക്ഷെ ആർക്കും അറിയാത്ത ആ താരങ്ങൾ ഒക്കെ ആരും അറിയാത്ത തരത്തിലുള്ള നിരാശാജനകമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.

ഈ മുൻ സീസണിലെ എല്ലാം അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് പുതിയ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗുകൾ എല്ലാം ഇതുവരെ എണ്ണം പറഞ്ഞവ ആയിരുന്നു. ഒരുപാട് ഗോൾകീപ്പർമാരെ സൈൻ ചെയ്യാൻ ശ്രമിക്കുന്നു എന്നൊരു അപവാദം മാറ്റി നിർത്തിയാൽ ഈ പുതിയ സമീപനം പുതിയ ഒരു കേരള ബ്ലാസ്റ്റേഴ്സിനെ തന്നെ നൽകുകയാണ്.

ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത വിദേശ താരങ്ങളെ നോക്കാം. മരിയോ ആർകസ്, സിഡോഞ്ച.. ജംഷദ്പൂർ നിരയിൽ കഴിഞ്ഞ‌ സീസണിൽ ഏറ്റവും മികച്ച കളി കാഴ്ചവെച്ചവർ. വേഗതയും തന്ത്രവുമുള്ള താരങ്ങൾ. ഡെൽഹിയുടെ സുയിവർലൂൺ. മോശം സീസണിലും ഡെൽഹി നിരയിൽ മികച്ചു നിന്ന താരമായിരുന്നു സുയിവർലൂൺ. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് വലിയ മുതൽക്കൂട്ടാവും ഈ ഡച്ച് ഡിഫൻഡർ. പിന്നെ ഒഗ്ബെചെ. വിവരണങ്ങൾ ആവശ്യമില്ലാത്ത താരം. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്നം ഗോളടിക്കാൻ ആളില്ല എന്നതായിരുന്നു. അതിനൊരു പരിഹാരമായിരിക്കും ഒഗ്ബെചെ.

ഈ വിദേശ താരങ്ങളെ മാത്രമല്ല കേരളത്തിന്റെ ഇന്ത്യൻ സൈനിംഗുകളും പ്രതീക്ഷ നൽകുന്നതാണ്. ഇതിനകം തന്നെ രാഹുൽ കെപിയെ ടീമിൽ എത്തിച്ച കേരള ബ്ലാസ്റ്റേഴ്സ് അർജുൻ ജയരാജിനെ ടീമിൽ എത്തിക്കുന്നതിന് അടുത്റ്റ് എത്തി നിൽക്കുകയാണ്. ഇതിനൊക്കെ അപ്പുറം എൽകോ ഷറ്റോരി എന്ന പരിശീലകനെ ടീമിൽ എത്തിച്ചതും പ്രശംസ അർഹിക്കുന്ന കാര്യമാണ്. മുൻ സീസണുകളിലെ പോലെ ഒരു ദുർബല കേരള ബ്ലാസ്റ്റേഴ്സിനെ ഇത്തവണ കാണില്ല എന്നുറപ്പാണ് ഈ ട്രാൻസ്ഫർ വിൻഡോയിലെ നീക്കങ്ങൾ ഒക്കെ കാണിക്കുന്നത്.