നാളെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും, പ്രീസീസൺ ടൂറിൽ സന്തോഷം നൽകുന്ന ട്വിസ്റ്റ്

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടൂറിൽ നാളെ ഒരു സൗഹൃദ മത്സരത്തിന് ഇറങ്ങുന്നു. ഫിഫ വിലക്ക് കാരണം ഉപേക്ഷിക്കപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇയിലെ പ്രീസീസൺ മത്സരങ്ങൾ വിലക്ക് മാറി എന്നത് കൊണ്ട് നടക്കില്ല എന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ കളിക്കാനായി പുതിയ എതിരാളികളെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിരിക്കുകയാണ്. ഫിക്സ്ചർ പ്രകാരം ഹറ്റ ക്ലബിനെ നാളെ നേരിടേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് പകരം പുതിയ എതിരാളികളെ ആകും നേരിടുക.

20220827 215058

യു എ ഇ ഫസ്റ്റ് ഡിവിഷൻ ക്ലബായ അൽ ജസീറ അൽ ഹമ്ര ക്ലബിനെ ആകും നാളെ ബ്ലാസ്റ്റേഴ്സ് നേരിടുക. അൽ ജസീറ ക്ലബിന്റെ സ്റ്റേഡിയത്തിൽ ആകും കളി നടക്കുക. നാളെ ഇന്ത്യൻ സമയം രാത്രി 8.30നാകും കളി എന്നാണ് വാർത്ത. 2000 ആരാധകർക്ക് കളി കാണാൻ അവസരം ഉണ്ടാകും എന്നാണ് സൂചന. എന്നാൽ കളി തത്സമയ ടെലികാസ്റ്റ് ഉണ്ടായേക്കില്ല.

നേരത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീസീസൺ ടൂറിലെ മത്സരങ്ങൾ നടക്കില്ല എന്ന് ക്ലബ് അറിയിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളുടെ സമയം കഴിഞ്ഞു എങ്കിലും ഓഗസ്റ്റ് 28ന് നടക്കേണ്ട അവസാന പ്രീസീസൺ മത്സരം എങ്കിലും നടന്നിരുന്നു എങ്കിൽ ആരാധകർ പ്രത്യാശിച്ചു. ഒരു വിധത്തിൽ ആ പ്രത്യാശ ആണ് ഫലം കാണുന്നത്.