ആരധകരെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ്; ലാ ലീഗ ടീമുമായി കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം

- Advertisement -

ലാ ലീഗ ടീമുമായി കൊച്ചിയിൽ സൗഹൃദ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ലാ ലീഗ ക്ലബായ ജിറോണ എഫ് സിയുമായാണ് ജൂലൈ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ വെച്ച് പ്രീ സീസൺ മത്സരം കളിക്കുക. പുതിയ സീസണിന്റെ തുടക്കത്തിൽ നടത്തുന്ന പരിശീലന മത്സരങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഗോൾ ഡോട്ട് കോം ആണ് കേരള ബ്ലാസ്റ്റേഴ്‌സ് – ജിറോണ എഫ് സി സൗഹൃദ മത്സരം നടക്കുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ സെമിയിലേക്ക് യോഗ്യത നേടാനാവാതെ പോയ കേരള ബ്ലാസ്റ്റേഴ്‌സ് ഈ വർഷം മികച്ച താരങ്ങളെ നേരത്തെ തന്നെ ടീമിലെത്തിച്ച് മികച്ച മുന്നൊരുക്കമാണ് നടത്തുന്നത്. ഇന്ത്യൻ താരമായ അനസിനെ ടീമിലെത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം അബ്ദുൽ ഹക്കുവിനേയും സ്വന്തമാക്കിയിരുന്നു. ഇതിനു പുറമെ അണ്ടർ 17 ലോകകപ്പ് താരം ധീരജ് സിംഗിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

2016-17 സീസണിൽ ആദ്യമായിട്ടാണ് ജിറോണ എഫ് സി ലാ ലീഗയിൽ എത്തുന്നത്. ബാഴ്‌സലോണ ക്ലബ് നിലകൊള്ളുന്ന കാറ്റലോണിയ പ്രദേശത്ത് നിന്നുള്ള ടീമാണ് ജിറോണ. മാഞ്ചസ്റ്റർ സിറ്റി അടക്കം നിരവധി ക്ലബുകളിൽ പങ്കാളിത്തം ഉള്ള സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് ജിറോണ എഫ് സിയിൽ പങ്കാളിത്തം ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement