ഒന്നാം സ്ഥാനം തിരിച്ചെടുത്തു, ഒഡീഷയ്ക്ക് മുന്നിൽ വിജയ നൃത്തമാടി കേരള ബ്ലാസ്റ്റേഴ്സ്

Img 20220112 212037

ഒഡീഷയെ പരാജയപ്പെടുത്തി കൊണ്ട് ഐ എസ് എല്ലിലെ ഒന്നാം സ്ഥാനം കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെടുത്തു‌.കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ഒഡീഷയെ തോൽപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം തന്നെയാണ് ഇന്ന് കണ്ടത്. തുടക്കം മുതൽ സുന്ദര ഫുട്ബോൾ കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞത്. രണ്ട് ഡിഫൻഡേഴ്സ് ആണ് കേരളത്തിന്റെ ഗോളുകൾ നേടിയത്.

ജെസ്സലിന് പകരം ആദ്യ ഇലവനിൽ എത്തിയ നിശു കുമാർ ഇടതു വിങ്ങിലൂടെ കട്ട് ചെയ്ത് കയറി ഒരു കേളറിലൂടെ 29ആം മിനുട്ടിൽ പന്ത് വലയിൽ എത്തിച്ചു. ഇതിനു ശേഷവും കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ ഉണ്ടാക്കുന്നത് തുടർന്നു. 39ആം മിനുട്ടിൽ കിട്ടിയ ഒരു കോർണറിൽ നിന്ന് ഹെഡറിലൂടെ ഖാബ്ര ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി. ഖാബ്രയുടെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്സ് നന്നായി തന്നെ തുടങ്ങി. 61ആം മിനുട്ടിൽ ഒഡീഷ ഒരു നല്ല അവസരം സൃഷ്ടിച്ചു. ജോണതാന്റെ ഷോട്ട് ഗിൽ മനോഹരമായി സേവ് ചെയ്യുകയും ചെയ്തു. ഒഡീഷ തുടർച്ചയായി അറ്റാക്കുകൾ നടത്താൻ അവസാനം ശ്രമിച്ചു എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് വലിയ വെല്ലുവിളി ഉയർത്താൻ ആയില്ല.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങളിൽ 20 പോയിന്റുമായി ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഒഡീഷ 13 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

Previous articleസമ്പൂർണ്ണ ആധിപത്യം, കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ
Next articleരണ്ടാം ഇന്നിംഗ്സിലും വേഗത്തിൽ പുറത്തായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍