ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച് മോഹൻ ബഗാൻ

20211119 195133
Credit: Twitter

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ എ ടി കെ മോഹൻ ബഗാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലീഡ് ചെയ്യുന്നു.

ഇന്ന് കേരളത്തിന്റെ തുടക്കം ആശങ്ക നൽകുന്നതായിരുന്നു. രണ്ടാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു കോർണർ വഴങ്ങി. ആ കോർണറിൽ നിന്ന് കൗകോയുടെ ഷോട്ട് കേരള ഡിഫൻസ് ബ്ലോക്ക് ചെയ്ത് അകറ്റി. എന്നാൽ അടുത്ത മിനുട്ടിൽ വന്ന രണ്ടാം കോർണർ വിനയായി. ഹുഗോ ബൗമസിന്റെ ഒരു ബോക്സിലേക്കുള്ള ക്രോസ് എല്ലാവരെയും മറികടന്ന് വലയിലേക്ക് എത്തി. ആ ഗോൾ വരുമ്പോൾ ഗോളിയെ തടസ്സപ്പെടുത്തി റോയ്കൃഷ്ണ ഓഫ്സൈഡിൽ നിൽക്കുന്നുണ്ടായിരുന്നു എങ്കിലും റഫറി ഗോൾ വിധിച്ചു.

19ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച കോർണറിൽ നിന്ന് ബിജോയിയുടെ ഹെഡറിൽ ഒരു ഹാൻഡ് ബോൾ അപ്പീൽ വന്നെങ്കിലും പെനാൾട്ടി വിധി വന്നില്ല. 24ആം മിനുട്ടിൽ പ്രതീക്ഷ നൽകികൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി. രാഹുൽ കെ പി പെനാൾട്ടി ബോക്സിൽ നിന്ന് നൽകിയ മനോഹര പാസ് നെഞ്ചിൽ എടുത്ത് മികച്ച ഷോട്ടോടെ വലയിൽ എത്തിച്ച് സഹൽ ആണ് ബ്ലാസ്റ്റേഴ്സിന് സമനില നൽകിയത്.

മൂന്ന് മിനുട്ട് വരെ മാത്രമാണ് സമനില നീണ്ടു നിന്നത്. 27ആം മിനുട്ടിൽ ഒരു പെനാൾട്ടി മോഹൻ ബഗാന് രണ്ടാം ഗോൾ നൽകി. ആൽബിനോയുടെ ഫൗളിന് കിട്ടിയ പെനാൾട്ടി റോയ്കൃഷ്ണ ലക്ഷ്യത്തിൽ എത്തിച്ചു. 39ആം മിനുട്ടിൽ അവർ മൂന്നാം ഗോളും നേടി. അരങ്ങേറ്റക്കാരനായ ബിജോയിയെ മറികടന്ന് ഹ്യൂഗോ ബൗമാ തൊടുത്ത ഷോട്ട് ആൽബിനോയുടെ കാലുകൾക്ക് ഇടയിലൂടെ വലയിൽ എത്തി. സ്കോർ 3-1. ആദ്യ പകുതിയിൽ രാഹുൽ കെപിക്ക് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

Previous articleഡി ബ്ര്യുയിന് കൊറോണ, പി എസ് ജിക്ക് എതിരെയുള്ള മത്സരം ഉൾപ്പെടെ നഷ്ടമാകും
Next articleരാഹുലിന് ആദ്യ മത്സരത്തിൽ തന്നെ പരിക്ക്, കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി