ഇതാണ് ആരാധകർ ആഗ്രഹിച്ച ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ്

- Advertisement -

താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസം ഇന്നലെ കഴിഞ്ഞ അവസരത്തിൽ ഒന്ന് തിരിഞ്ഞു നോക്കിയാൽ ആരാണ് ഡ്രാഫ്റ്റിനു മുന്നോടിയായി നന്നായി ഒരുങ്ങിയത് എന്ന ചോദ്യം ഉന്നയിക്കാം. താരങ്ങളെ നിലനിർത്താൻ അവസരം കിട്ടിയ ടാറ്റ ഒഴികെയുള്ള 9 ഐ എസ് എൽ ക്ലബുകളിൽ ഏറ്റവും മികച്ച താരങ്ങളെ നിലനിർത്തിയത് ആര്? ബെംഗളൂരു എഫ് സി സുനിൽ ഛേത്രിയേയും ഉദാന്ത സിംഗിനേയും നിലനിർത്തി എങ്കിലും അവർക്കും മുകളിൽ യഥാർത്ഥ വിജയികൾ കേരള ബ്ലാസ്റ്റേഴ്സ് ആണെന്നു തന്നെ പറയണം.

ഇന്ത്യൻ ഫുട്ബോളിലെ രണ്ടു സൂപ്പർ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് നിലനിർത്താൻ തീരുമാനിച്ചത്. മലയാളിയുടെ വികാരമായി മാറിയ സി കെ വിനീതും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വികാരത്തിനും അപ്പുറമുള്ള സന്ദേശ് ജിങ്കനും. കഴിഞ്ഞ സീസൺ അവസാനത്തിൽ “അടുത്ത സീസണിൽ രണ്ടു താരങ്ങളെയേ നിലനിർത്താൻ പറ്റൂ എങ്കിൽ ആരെ നിലനിർത്തണം” എന്ന് ബ്ലാസ്റ്റേഴ്സിന്റെ ഏത് ആരാധകനോടു ചോദിച്ചാലും ഉത്തരമായി വന്നേക്കാവുന്ന ആ രണ്ടു പേരുകൾ ഈ വിനീതും ജിങ്കനും തന്നെ ആയിരിക്കും. പല ക്ലബുകളും സാമ്പത്തിക ഭദ്രത നോക്കി ഫാൻസിന് ആവശ്യമുള്ള ടീമിന്റെ കരുത്തരായ താരങ്ങളെ ഡ്രാഫ്റ്റിലേക്ക് വിടുക ആയിരുന്നു.

ജയേഷ് റാണെയെ നിലനിർത്താതെ ചെന്നൈയിൻ എഫ് സിയും പ്രിതം കൊട്ടാലിനു പകരം പ്രബീർ ദാസിനെ നിലനിർത്തി കൊൽക്കത്തയും ആരാധകരുടെ വെറുപ്പ് ഇപ്പോൾ തന്നെ സമ്പാദിച്ചിട്ടുണ്ട്. അനസ് മുതൽ കീൻ ലൂയിസ് വരെ മികച്ച താരങ്ങൾ ഉണ്ടായിട്ടുമാരെയും നിലനിർത്തുന്നതിനെ കുറിച്ച് ചിന്തിക്കാതെ ഡെൽഹി ഡൈനാമോസും ശക്തമായ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്. ആഗ്രഹിച്ചവരെ‌ നിലനിർത്തിയതായി ബെംഗളൂരുവും കേരളവും മാത്രമേ ഉള്ളൂ. എങ്കിലും ലിംഗ്ദോഹും അമ്രീന്ദറും വിനീതും ജിങ്കനുമൊക്കെ ബെംഗുളൂരുവിന്റെ നഷ്ടമായി ഉള്ളതു കൊണ്ട് ഒന്നും ബെംഗളൂരു ആരാധകരെയോ മാനേജ്മെന്റിനേയോ നിലനിർത്തൽ ഒരിക്കലും തൃപ്തിപ്പെടുത്തില്ല.

കേരളത്തിന്റെ മാനേജ്മെന്റ് ഈ സീസൺ തുടക്കം മുതലേ വലിയ പ്രതീക്ഷകളാണ് കേരള ഫുട്ബോളിന് തരുന്നത്. സി ഇ ഒ ആയി വരുൺ എത്തിയതിനു ശേഷം ക്ലബ് ഫുട്ബോളിനെ കാണുന്നത് തന്നെ ഗൗരവത്തോടെ ആയി മാറിയിട്ടുണ്ട്. കേരള താരങ്ങളെ സ്കൗട്ട് ചെയ്യാൻ കോച്ചുകളെ നിയമിച്ചതും പ്രശാന്ത് മോഹൻ ഉൾപ്പെടെ‌ മൂന്നു മലയാളി യുവതാരങ്ങളുടെ സാന്നിദ്ധ്യം ടീമിൽ ഉറപ്പിച്ചതും സിങ്ടോയെ കോച്ചായി എത്തിച്ചതും സോക്കർ സ്കൂൾ തുടങ്ങുന്നതും ഒക്കെ ഇതിന്റെ ഭാഗമായിരുന്നു.

ഇപ്പോൾ ഡ്രാഫ്റ്റിലും വിനീതും ജിങ്കനും തന്നെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ലിസ്റ്റിൽ ആദ്യം ഉണ്ടായിരുന്നത്. രണ്ടു പേരേയും ഒന്നിൽ കൂടുതൽ വർഷമുള്ള കരാറിനു തന്നെ ടീമിലേക്ക് എത്തിക്കണം എന്നതും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ഉറപ്പിച്ച തീരുമാനം ആയിരുന്നു. ഇത്ര ചെറിയ ബഡ്ജറ്റുള്ള ഐ എസ് എല്ലിൽ രണ്ട് സൂപ്പർ താരങ്ങളെ നിലനിർത്തൽ ആത്മഹത്യാപരമാകുമെന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തി എങ്കിലും ബ്ലാസ്റ്റേഴ്സ് കണക്കു കൂട്ടലുകളിൽ നിന്ന് പിറകോട്ട് പോയില്ല.

വിനീതുമായും ജിങ്കനുമായും ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ രണ്ടു തുകയ്ക്കാണ് ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയത്. വിനീതിന് രണ്ട് വർഷത്തേക്ക് 3 കോടിയോളം രൂപയും ജിങ്കന് 3 വർഷത്തേക്ക് നാലു കോടിയിലധികം രൂപയുമാണ് കരാർ എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഈ രണ്ടു കരാറിലേക്കും എത്തിയതിന് മാനേജ്മെന്റിനോടൊപ്പം തന്നെ ഈ രണ്ടു താരങ്ങൾക്കും ക്ലബിനോടുള്ള താല്പര്യവും സഹായമായി എന്നു പറയാം.

ഡ്രാഫ്റ്റിൽ ഇനി എന്തു നടക്കുമെന്നോ മാനേജറായി കോപ്പൽ എത്തുമെന്നോ ഇപ്പോഴും ഉറപ്പില്ലായെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇപ്പോൾ മനസ്സിലെ ആശങ്ക കുറഞ്ഞു എന്നു തന്നെ പറയാം. ക്ലബിനെ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ കയ്യിലാണ് ക്ലബ് എന്ന ധാരണ ആരാധകർക്കും വന്നിട്ടുണ്ട്. ജിങ്കന്റേയും വിനീതിന്റേയും സൈനിംഗ് അറിഞ്ഞ് വിദേശത്ത് നിന്ന് വരെ ബ്ലാസ്റ്റേഴ്സ് ആരാധകർ #നമ്മുടെസ്വന്തം എന്ന ഹാഷ്ടാഗിൽ സാമൂഹിക മാധ്യമങ്ങളിൽ എത്തി മാനേജ്മെന്റിനുള്ള പിന്തുണ അറിയിച്ചത് ഇതിനുള്ള ഉദാഹരണമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement