കേരള ബ്ലാസ്റ്റേഴ്സും മലപ്പുറത്തിന്റെ നെഞ്ചിലെ ഇഷ്ട താരങ്ങളും

- Advertisement -

ഈ സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് നാല് മലയാളി താരങ്ങളെയാണ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേരും മലപ്പുറത്തിൽ നിന്നാണ് എന്നത് ഫുട്ബോളിനെ എന്നും കൊണ്ടാടുന്ന മലപ്പുറത്തിന് സന്തോഷം തരുന്ന കാര്യം തന്നെയാണ്. ഇന്ത്യൻ ടീമിന്റെ നെടും തൂണായ അനസ് എടത്തൊടിക, കേരള ഫുട്ബോൾ ആരാധകർക്ക് വിവാ കേരള കാലഘട്ടം മുതൽ ഇഷ്ടമുള്ള എം പി സക്കീർ, ഒപ്പം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയായി കണക്കാക്കപ്പെടുന്ന അബ്ദുൽ ഹക്കുവും.

മൂവരും മലപ്പുറത്തിന്റെ പുത്രന്മാരാണ്. തിരൂരാണ് അബ്ദുൽ ഹക്കുവിന്റെ ജന്മനാട്. തിരൂരിലെ തന്നെ സാറ്റ് തിരൂർ ക്ലബാണ് ഹക്കുവിന്റെ കരിയർ തന്നെ മാറ്റിമറിച്ചതും. കഴിഞ്ഞ സീസണിൽ ആയിരുന്നു ആദ്യമായി ഹക്കു ഐ എസ് എല്ലിൽ എത്തിയത്. തുടക്കത്തിൽ തന്നെ കയ്യടി വാങ്ങിയ ഹക്കു ആദ്യ മത്സരത്തിൽ തന്നെ എമേർജിംഗ് പ്ലയർ പുരസ്കാരവും നോർത്ത് ഈസ്റ്റിൽ സ്വന്തമാക്കിയിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് നോർത്ത് ഈസ്റ്റ് ക്ലബ് തന്നെ പ്രതിസന്ധിയിൽ ആയപ്പോൾ ഹക്കുവിന്റെ അവസരങ്ങളും കുറഞ്ഞു. ഇത്തവണ ഹക്കു എന്താണെന്ന് ഇന്ത്യൻ ഫുട്ബോളിന് കാണിച്ചു കൊടുക്കാൻ താരത്തിന് ആകുമെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നത്.

എം പി സക്കീറിന് അവസാന കുറച്ച് സീസണുകളിൽ പരിക്ക് ആണ് വില്ലനായി നിൽക്കുന്നത്. മാനുപ്പ കളിക്കുമ്പോൾ ഒക്കെ പഴയ മികവ് പുറത്തെടുക്കാറുണ്ട് എങ്കിലും ഫിറ്റ്നെസ് മാനുപ്പയ്ക്ക് വില്ലനാവുകയായിരുന്നു. അവസാന സീസണിൽ മുംബൈ സിറ്റിയിലും പരിക്ക് താരത്തെ വലച്ചിരുന്നു. ഈ സീസണിൽ വിവാ കേരളയിലെ എം പി സക്കീറിനെ കാണാൻ കഴിയുമെന്ന് വിശ്വസിക്കാം.

അനസ് എടത്തൊടികയ്ക്ക് ഇത് ഏറെ കാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്. സ്വന്തം നാട്ടിൽ സ്വന്തം കാണികൾക്ക് വേണ്ടി കളിക്കണമെന്നത് എന്നും അനസ് എടുത്തു പറഞ്ഞ ആഗ്രഹമായിരുന്നു. അവസാനം ബ്ലാസ്റ്റേഴ്സിലൂടെ തന്നെ അനസ് എത്തുകയാണ്. അനസിന്റെ വരവ് ജിങ്കൻ-അനസ് എന്ന രാജ്യത്തെ ഏറ്റവും മികച്ച സെന്റർ ബാക്ക് കൂട്ടുകെട്ടാണ് കേരളത്തിന് നൽകുക.

ഈ താരങ്ങളുടെ മഞ്ഞ ജേഴ്സിയിലേക്കുള്ള വരവ് മറ്റൊരു ഗുണം കൂടെ ബ്ലാസ്റ്റേഴ്സിന് ചെയ്യും. ഇവരൊക്കെ കളിക്കാൻ വരുമ്പോൾ ക്ലബ് ഏതായാലും ഇവർക്ക് പിന്തുണയുമായി എത്തുന്ന ഒരു വലിയ കൂട്ടം ആരാധകരെയും ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഒപ്പം കിട്ടും. ഈ താരങ്ങളൊക്കെ വരുന്നതോടെ മഞ്ഞ അല്ലാതെ ഒരു ജേഴ്സിയും കലൂർ സ്റ്റേഡിയത്തിൽ ആര് വന്നാലും കാണില്ല എന്നും ചുരുക്കം.

ഇവരെ കൂടാതെ സുജിത് എം എസും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം മലപ്പുറത്ത് നിന്നായുണ്ട്. സുജിത്തും ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ സ്ക്വാഡിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement