ഇതാണ് പോരാട്ട വീര്യം, പത്തു പേരുമായി കളിച്ച് ജംഷദ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇതാണ്. ഏത് ആരാധകനും അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു പോരാട്ടവും വിജയവും. അതാണ് ഇന്ന് ഗോവയിൽ കാണാൻ ആയത്. രണ്ടാം പകുതിയിൽ 30 മിനുട്ടുകളോളം പത്തു പേരുമായി കളിച്ച് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ തോൽപ്പിച്ചത് ഒരു ക്ലാസിക് പോരാട്ടത്തിലൂടെ തന്നെ ആയിരുന്നു‌. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ലീഡ് എടുത്തിട്ടും കളി കൈവിടുന്ന പതിവ് രീതിയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളി തുടങ്ങിയത്. ആദ്യ പകുതിയിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചിട്ടും മുതലെടുക്കാത്തത് കേരള ബ്ലാസ്റ്റേഴ്സിന് വിനയായേനെ. ഗാരി ഹൂപ്പറിനും ജോർദൻ മറെയ്ക്കും ആദ്യ പകുതിയിൽ സുവർണ്ണാവസരങ്ങൾ ലഭച്ചു എങ്കിലും വല കണ്ടെത്താൻ ആയില്ല‌. 22ആം മിനുട്ടിൽ കോസ്റ്റ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. ഫകുണ്ടോ പരേര എടുത്ത ഒരു മനോഹര ഫ്രീകിക്കിക് നിന്ന് ഒരു ഹെഡറിലൂടെ ആണ് കോസ്റ്റ ഗോൾ നേടിയത്. ലീഡിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളി മറന്നു. 36ആം മിനുട്ടിൽ ആണ് ജംഷദ്പൂരിന്റെ സമനില ഗോൾ വന്നത്.

ഫ്രീകിക്കിൽ നിന്ന് വാൽസ്കിസ് ആണ് ആൽബിനോയെ കീഴ്പ്പെടുത്തിയത്. ഈ ഐ എസ് എൽ സീസണിലെ ആദ്യ ഡയറക്ട് ഫ്രീകിക്ക് ആയിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീ ഹെഡർ കിട്ടി എങ്കിലും അതും മറെക്ക് ഗോളാക്കാൻ ആയില്ല.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ഒരു ചുവപ്പ് കാർഡും വന്നു. രണ്ട് മഞ്ഞ കാർഡുകൾ വാങ്ങി ലാൽറുവത്താര 67ആം മിനുട്ടിൽ കളം വിട്ടു. പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് 10 പേരായിട്ടും ആക്രമണം തുടർന്നു. 79ആം മിനുട്ടിൽ ജോർദൻ മറെ കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. ഫകുണ്ടോ പെരേരയുടെ ഒരു ഷോട്ട് രെഹ്നേഷ് സേവ് ചെയ്ത് അകറ്റിയപ്പോൾ മറേ എളുപ്പത്തിൽ റീബൗണ്ടിലൂടെ വല കണ്ടു.

പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളും വന്നു. ഇത്തവണ രെഹ്നേഷ് കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ വെറുതെ സമ്മാനിക്കുക ആയിരുന്നു. ഫകുണ്ടോ പെരേരയുടെ മിസ് പാസ് പിടിക്കുന്നതിനിടെ രെഹ്നേഷിന്റെ കയ്യിൽ നിന്ന് പന്ത് കൈവിട്ടു പോയി. ആ പന്ത് വന്നത് മറെയുടെ കാലിൽ ആയിരുന്നു. വീണ്ടും മറെ വല കുലുക്കി.

കളി എന്നിട്ടും ആവേശകരമാായി തുടർന്നു. മറുവശത്ത് 84ആം മിനുട്ടിൽ വാൽസ്കിസിന്റെ രണ്ടാം ഗോൾ വന്നു. ഒരു ഹെഡറിലൂടെ ആയിരുന്നു വാൽസ്കിസിന്റെ ഗോൾ. സ്കോർ 3-2 ഇത് അവസാന നിമിഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനെ വലിയ സമ്മർദ്ദത്തിലാക്കി. എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ വിജയം ഉറപ്പിക്കാൻ ആയി.

ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിനെ 9 പോയിന്റിൽ എത്തിച്ചു. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിജയം മാത്രമാണിത്. പത്തുപേരുമായി പൊരുതി നേടിയ വിജയം കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വലിയ ഊർജ്ജം നൽകും. ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ്‌‌. ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ തോൽപ്പിക്കുന്നത്.