മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ബ്ലാസ്റ്റേഴ്സിന് സമനില

മാർക്ക് സിഫ്‌നോസിന് ഗോൾ, സി.കെ വിനീതിന് ചുവപ്പ് കാർഡ്

- Advertisement -

ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച ഗോൾ പിറന്നെങ്കിലും ആദ്യ വിജയം നേടാനാവാതെ ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി രണ്ടാം പകുതിയിൽ നേടിയ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിനെ 1-1ന്  സമനിലയിൽ തളക്കുകയായിരുന്നു. മത്സരത്തിന്റെ സമസ്ത മേഘലകളിലും ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയിട്ടും കേരളം ആഗ്രഹിച്ച വിജയം നേടാനായില്ല. മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ചിട്ടും ഗോളാകാനാവാതെ പോയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.

ആദ്യ മിനിറ്റ് മുതൽ മുംബൈ ഗോൾ മുഖം ആക്രമിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മാർക്ക് സിഫ്‌നോസിലൂടെ ഗോൾ നേടുകയായിരുന്നു. ഇയാൻ ഹ്യൂമിനു പകരം തന്നെ ഇറക്കിയ കോച്ചിന്റെ തീരുമാനം ശെരിവെക്കുന്ന പ്രകടനമായിരുന്നു മാർക്ക് സിഫ്‌നോസിന്റേത്. ബെർബെറ്റോവിന്റെ മികച്ചൊരു ത്രൂ പാസിൽ നിന്ന് മലയാളി താരം റിനോ ആന്റോ നൽകിയ മനോഹരമായ പാസ് സിഫ്‌നോസ് ഗോളകുകയായിരുന്നു.

ഗോൾ നേടിയതോടെ നിരന്തരം മുംബൈ സിറ്റിയുടെ ഗോൾ മുഖം ആക്രമിച്ച കേരളം വിനീതിലൂടെ രണ്ടാമത്തെ ഗോളിന് അടുത്ത് എത്തിയെങ്കിലും മുംബൈ ഗോൾ കീപ്പർ അമരീന്ദറിന്റെ മികച്ച സേവ് കേരളത്തിന് ഗോൾ നിഷേധിക്കുകയായിരുന്നു.

തുടർന്ന് ബെർബെറ്റോവിന്റെ മറ്റൊരു മനോഹരമായ ത്രൂ പാസിൽ ജാക്കിചന്ദ് സിങ് ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കെ പുറത്തടിച്ചു കളയുകയും ചെയ്തു.

രണ്ടാം പകുതിയിലും മുംബൈ പ്രതിരോധത്തെ വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. വിനീതിന് കിട്ടിയ മികച്ചൊരു അവസരം നഷ്ടപ്പെടുത്തിയതിന് ശേഷം തൊട്ടടുത്ത മിനുട്ടിൽ തന്നെ മുംബൈ എഫ്.സി കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ മറികടന്ന് ഗോളിനടുത്തെത്തിയെങ്കിലും ഗോൾ പോസ്റ്റിൽ പോൾ റഹുബ്കയുടെ മികച്ച സേവ് കേരളത്തെ രക്ഷപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ പെകുസണും വിനീതിനും അവസരങ്ങൾ ലഭിച്ചെങ്കിലും ലീഡ് വർദ്ധിപ്പിക്കാൻ കേരളത്തിനായില്ല.

തുടർന്നാണ് ബൽവന്ത് സിങ്ങിന്റെ ഗോൾ കേരളത്തെ ഞെട്ടിച്ചത്. കൌണ്ടർ അറ്റാക്കിങ്ങിലൂടെ മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം പിളർക്കുകയായിരുന്നു. എവെർട്ടൺ സാന്റോസിന്റെ മികച്ചൊരു ക്രോസ്സ് ആണ് ബൽവന്ത് ഗോളാക്കിയത്. ഗോൾ നേടിയതോടെ തുടരെ തുടരെ മുംബൈ ആക്രമണം ശക്തമാക്കിയെങ്കിലും  ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പിടിച്ചു നിൽക്കുകയായിരുന്നു.

 

പിന്നീടാണ് സി.കെ വിനീതിന് പെനാൽറ്റി ബോക്സിൽ ഡൈവ് ചെയ്തതിനു രണ്ടാമത്തെ മഞ്ഞ കാർഡും ചുവപ്പ് കാർഡും റഫറി കാണിച്ചത്. 10 പേരായി ചുരുങ്ങിയതോടെ മത്സരം ജയിക്കാനുള്ള കേരളത്തിന്റെ പ്രതീക്ഷ ഇല്ലാതാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement