
അതേ ടീം വിട്ട് പോയിട്ടും കേരള ബ്ലാസ്റ്റേഴ്സിനു ഒരിക്കൽ പോലും വെറുക്കാൻ കഴിയാത്ത താരം ഇയാൻ ഹ്യൂം എന്ന ഹ്യൂമേട്ടൻ തിരിച്ചുവന്നിരിക്കുന്നു. വീണ്ടും മഞ്ഞ ജേഴ്സി അണിഞ്ഞ് കലൂരിന്റെ ഗ്യാലറിയെ ഹ്യൂമേട്ടൻ ഇളക്കി മറിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് ഇയാൻ ഹ്യൂം ഇന്ത്യയിൽ എത്തിയിരുന്നു. അപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗ് ഇയാൻ ഹ്യൂം ആകുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. മുൻ ക്ലബ് അത്ലറ്റിക്കോ കൊൽക്കത്തയും പൂനെ എഫ് സിയും അടക്കം നിരവധി ക്ലബുകൾ ഓഫറുമായി എത്തിയെങ്കിലും കേരളത്തിൽ കളിക്കാനുള്ള ആഗ്രഹം താരത്തെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ എത്തിക്കുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയത്.
33 കാരനായ ഇയാൻ ഹ്യൂമാണ് ഐ എസ് എല്ലിലെ ഇതുവരെയുള്ള ടോപ്പ് സ്കോറർ. മൂന്നു സീസണുകളിലായി 23 ഗോളാണ് ഇയാൻ ഹ്യൂം ഇതുവരെ ഐ എസ് എല്ലിൽ അടിച്ചു കൂട്ടിയത്. ആദ്യ സീസണിൽ കേരളത്തിനു വേണ്ടി നേടിയ 5 ഗോളുകളും ഇതിൽ പെടുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലായി അത്ലറ്റിക്കോ കൊൽക്കത്തയിൽ ഉള്ള ഹ്യൂം രണ്ടു സീസണുകളിലായി 18 ഗോൾ നേടുകയും കൊൽക്കത്തയെ കിരീടത്തിൽ എത്തിക്കുകയും ചെയ്തിരുന്നു.
കേരളത്തെ ആദ്യ സീസണിൽ ഫൈനലിൽ എത്തിച്ചതിൽ പ്രധാനപങ്കു വഹിച്ച താരത്തെ ആദ്യ സീസണു ശേഷം നിലനിർത്താത്തതിൽ ശക്തമായ പ്രതിഷേധം ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് മാനേജ്മെന്റിനെതിരെ ഉണ്ടായിരുന്നു. എന്നാൽ ഈ സീസണിൽ മുഖമാകെ മാറി മികച്ച നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശ സൈനിങ് ആയി ഹ്യൂമേട്ടനെ കൊണ്ടു വന്ന് പഴയ ആ തെറ്റിന് പരിഹാരം ചെയ്തിരിക്കുകയാണ്.
ഡ്രാഫ്റ്റിൽ അടക്കം മികച്ച പ്രകടനം നടത്തിയ കേരളത്തിന്റെ സ്ക്വാഡ് ഹ്യൂം കൂടെ വരുന്നതോടെ കരുത്തുറ്റതാകും. അറാറ്റ ഇസുമി, ജാക്കിചന്ദ്, സി കെ വിനീത് എന്നിവരെ കൂട്ടുപിടിച്ച് ഹ്യൂമേട്ടൻ ആക്രമണം നയിക്കുന്നത് കാത്തിരിക്കുകയാണ് ഇനി ബ്ലാസ്റ്റേഴ്സ് ആരാധകർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial