കേരള ബ്ലാസ്റ്റേഴ്സ് വൻ ദുരിതത്തിൽ, ക്ലബിന് 180 കോടിയോളം നഷ്ടം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് കടം കിടക്കുന്നത് കളിക്കളത്തിൽ മാത്രമല്ല എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. താങ്ങാൻ ആവുന്നതിലും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളത്തിന്റെ ഏക ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ക്ലബ് ആരാംഭിച്ചിട്ട് അഞ്ചു വർഷങ്ങളെ ആയുള്ളൂ എങ്കിലും ക്ലബിന്റെ കടം സങ്കൽപ്പിക്കാവുന്നതിലും അപ്പുറം എത്തി നിൽക്കുകയാണ്.

ആദ്യ നാലു സീസണുകൾ കൊണ്ട് മാത്രം ക്ലബ് എത്തിയിരിക്കുന്നത് 103 കോടിയുടെ നഷ്ടത്തിലാണ്. ശരിയായ കണക്ക് പ്രകാരം 31-03-2018ലേക്ക് 103 കോടി 17 ലക്ഷത്തിനു മുകളിലാണ് ക്ലബിന്റെ നഷ്ടം. ഓരോ സീസണുകളിലും 30 കോടിക്ക് അടുത്ത് നഷ്ടങ്ങൾ വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കഴിഞ്ഞ സീസൺ കൂടെ കണക്കിൽ എടുക്കുമ്പോൾ ആ നഷ്ടം 180 കോടിയോളം ഉണ്ടാകുമെന്നാണ് ക്ലബിന്റെ അകത്തു നിന്നു ലഭിക്കുന്ന വാർത്ത. വായ്പ മാത്രമായി 100 കോടിക്കു മുകളിൽ ഉണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക ബാധ്യതകൾ.

ക്ലബ് നേരത്തെ വിറ്റു കൊണ്ട് ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും ഇത്രയും നഷ്ടത്തിൽ ഓടുന്ന ഒരു സംരംഭം വാങ്ങാൻ ആരും തയ്യാറായില്ല. കഴിഞ്ഞ മാസം ക്ലബിന്റെ പുതിയ ഉടമ ഡയറക്ടർ ബോർഡിൽ അംഗമായി എത്തിയത് ക്ലബ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല ഐ എസ് എല്ലിലെ ഒരു വിധം എല്ലാ ക്ലബും ഇതേ അവസ്ഥയിലാണ് ഉള്ളത് എന്നാണ് സൂചനകൾ. പൂനെ സിറ്റി സ്വന്തം കളിക്കാർക്കും സ്റ്റാഫുകൾക്കും ശമ്പളം കൊടുക്കാൻ പോലും കഴിവില്ലാത്ത അവസ്ഥയിലാണ് എന്ന് നേരത്തെ തന്നെ വാർത്തകൾ ഉയർന്നിരുന്നു. ഏറ്റവും കൂടുതൽ കാണികളും സ്പോൺസർമാരും ഉള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതി ഇതാണെങ്കിൽ ബാക്കി ഐ എസ് എൽ ക്ലബുകളുടെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമായിരിക്കും എന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

Advertisement