
കേരളത്തിലെ ഫുട്ബാൾ പ്രേമികളുടെ മനസ്സ് തൊട്ടറിഞ്ഞ രണ്ട് ഫുട്ബോൾ ക്ലബ്ബുകൾ കോഴിക്കോട് പന്ത് തട്ടുന്നു. കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സും പുതുതായി ഐ ലീഗിൽ കേരളത്തിന്റെ അഭിമാനം ഉയർത്താൻ പോവുന്ന ഗോകുലം എഫ് സിയും തമ്മിലാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടുന്നത്. നവംബർ 11നാണ് മത്സരം.
മത്സരത്തിൽ ഫുട്ബോൾ പ്രേമികൾക്ക് പ്രവേശനം ഉണ്ടാവുമെന്ന് കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ക്ലോസ്ഡ് ഡോർ മത്സരമാണെങ്കിൽ ഐ.എസ്.എല്ലിന് മുൻപ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം നേരിട്ട് കാണാനുള്ള അവസരം മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് നഷ്ട്ടമാകും. ഗോകുലത്തിന്റെ നാളെ നടക്കേണ്ടിയിരുന്നു ബംഗളുരു എഫ് സിയുമായുള്ള മത്സരം മാറ്റി വെച്ചിരുന്നു.
നവംബർ 17ന് ആരംഭിക്കുന്ന ഐ എസ് എല്ലിൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ കൊൽക്കത്തയുമായാണ് ഏറ്റുമുട്ടുന്നത്. ഒകോടോബർ 28നാണ് സ്പെയിനിലെ പ്രീ സീസൺ മത്സരം കഴിഞ്ഞ് ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലെത്തിയത്. സ്പെയിനിലെ മലാഗയിലെ മാർബല ഫുട്ബോൾ സെന്ററിൽ പരിശീലനം നടത്തി വന്ന റെനെ മുളൻസ്റ്റീനും സംഘവും സ്പെയിനിൽ നാല് പരിശീലന മത്സരങ്ങളും കളിച്ചു. രണ്ട് വിജയങ്ങളും ഒരു സമനിലയും അവസാന മത്സരത്തിൽ ഒരു പരാജയവുമാണ് പ്രീസീസണിലെ ബ്ലാസ്റ്റേഴ്സ് സമ്പാദ്യം. സി കെ വിനീത് ഉൾപ്പെടെ ഉള്ളവർ ബ്ലാസ്റ്റേഴ്സിനായി പ്രീസീസണിൽ ഗോൾ കണ്ടെത്തിയിരുന്നു.
ഗോകുലം എഫ്.സിയാവട്ടെ ബെംഗളുരുവിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2-0നാണ് പൊരുതി നിന്ന ഗോകുലത്തെ ബെംഗളൂരു എഫ് സി തോൽപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial