ഗോവയിൽ നിന്നേറ്റ കനത്ത പരാജയത്തിന് മധുര പ്രതികാരം ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിന്റെ തുടക്കത്തിൽ ഗോവയിൽ നിന്നേറ്റ കനത്ത പരാജയത്തിന് മധുര പ്രതികാരം ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ മികച്ച ഫോമിലുള്ള എഫ്.സി ഗോവയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്‌പൂരിനെതിരെ തോൽവിയേറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് വിജയം കൂടിയേ തീരു. അതെ സമയം കേരളത്തേക്കാൾ രണ്ട് മത്സരം കുറച്ച് കളിച്ച ഗോവ ജയത്തോടെ പോയിന്റ് പട്ടികയിൽ മുന്നേറാൻ ആവും ശ്രമം. ഡേവിഡ് ജെയിംസിന് കീഴിൽ കേരളത്തിന്റെ ആദ്യ പരാജയമായിരുന്നു കഴിഞ്ഞ മത്സരത്തിലേത്.

സീസണിന്റെ തുടക്കത്തിൽ ഗോവയിൽ നടന്ന മത്സരത്തിൽ 5- 2 നാണ് ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നാണം കെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ കിസിറ്റോ കേരള നിരയിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം കിസിറ്റോ കളിക്കുമെന്ന് കാര്യത്തിൽ കോച്ച് ഡേവിഡ് ജെയിംസ് ഉറപ്പ് നൽകിയിട്ടില്ല. സൂപ്പർ താരം ബെർബെറ്റോവിന്റെ പരിക്ക് പൂർണമായി മാറിയിട്ടില്ല. പരിക്കുകളിൽ നിന്ന് മുക്തനായി ഇയാൻ ഹ്യൂം മികച്ച ഫോമിലെത്തിയതും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകും.

കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ  7 മിനുറ്റിൽ ഹാട്രിക് തികച്ച ഫെറാൻ കോറോമിനാസിലാവും എല്ലാവരുടെയും കണ്ണുകൾ. മികച്ച ഫോമിലുള്ള മാനുവൽ ലാൻസറോട്ടെയും കേരള പ്രതിരോധ നിരക്ക് ഭീഷണിയാകും. എഫ്.സി ഗോവ കഴിഞ്ഞ 10 ദിവസത്തെ വിശ്രമത്തിന് പിന്നാലെയാണ് കേരളത്തെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ബ്ലാസ്റ്റേഴ്സിന് ഇത് നാലാമത്തെ മത്സരമാണ്. അത് കൊണ്ട് തന്നെ ഗോവൻ താരങ്ങൾക്ക് എല്ലാം മതിയായ വിശ്രമം ലഭിച്ചാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. 9 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഗോവ ലീഗിൽ നാലാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial