പുതുവർഷത്തെ വിജയത്തോടെ വരവേൽക്കാൻ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗ്ലാമർ പോരാട്ടത്തിൽ ഇന്ന് കരുത്തരായ ബെംഗളൂരുവും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. കൊച്ചിയിലെ കലൂർ ജവാർഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. പുതുവർഷത്തെ വരവേൽക്കാൻ ലോകം കാത്തിരിക്കുന്ന നിമിഷങ്ങളിൽ ഒരു വിജയത്തോടെ 2018 വരവേൽക്കാനാകും ഇരു ടീമുകളെയും ശ്രമം. കൊച്ചിയിൽ ആദ്യമായി എവേ സ്റ്റാൻഡ് ഒരുക്കുന്നു എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

6 മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റ് ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൽ പോയി ചെന്നൈയിനെ സമനിലയിൽ തളച്ച കരുത്തും ആത്മ വിശ്വാസത്തിലും ആണ് ഇറങ്ങുന്നത്. ഓരോ മത്സരങ്ങൾ കഴിയും തോറും കൂടുതൽ കരുത്തും ഒത്തിണക്കവും കാട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്.

ഐ ലീഗ് മത്സരത്തിൽ ബെംഗളൂരുവിന്റെ കുപ്പായം ഒരുപാട് അണിഞ്ഞ സി.കെ വിനീത് തന്റെ പഴയ ക്ലബ്ബിനെതിരെ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. വിനീതിനൊപ്പം ബെംഗളൂരുവിലെ  പന്ത് തട്ടിയിരുന്ന റിനോ ആന്റോക്ക് ഇന്ന് പരിക്ക് കാരണം കളിക്കാൻ കഴിയില്ല. അതെ സമയം ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ബെർബെറ്റോ പരിക്ക് മാറി കളത്തിൽ ഇറങ്ങാനാണ് സാധ്യതകൾ. തോൽവി എന്ന സംഭവം ഇരു ടീമിനും ചിന്തിക്കാൻ പോലും കഴിയുന്ന ഒന്നല്ല. അത് കൊണ്ട് തന്നെ മത്സരം കടുത്തതാവും. ഇനിയൊരു തോൽവി ഇരു ടീമുകളുടെയും സെമി ഫൈനൽ സാധ്യതകളെ സാരമായി ബാധിക്കും .

ലീഗിന്റെ തുടക്കത്തിൽ മികച്ച വിജയങ്ങളുമായി വന്ന ബംഗളൂരുവിന് അവസാന മത്സരങ്ങളിൽ നേരിട്ട തോൽവികൾ ഞെട്ടിക്കുന്നതായിരുന്നു. തുടക്കത്തിലെ കളികളിൽ കാണിച്ച വേഗതയും ഒത്തിണക്കവും അവർക്ക് കഴിഞ്ഞ മത്സരങ്ങളിൽ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു മികച്ച വിജയത്തോടെ ലീഗിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് അവരും. ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുന്നവരിൽ ഒരാളായ മിക്കുവും ഇന്ത്യൻ സൂപ്പർ സ്റ്റാർ സുനിൽ ഛേത്രിയും അണി നിരക്കുന്ന മുന്നേറ്റ നിര എതിരാളികളുടെ പേടി തന്നെയാണ്.

ആർത്തലക്കുന്ന കൊച്ചിയിലെ മഞ്ഞപ്പട ആരാധകർക്ക് മുന്നിലേക്ക് ബംഗളൂരുവിന്റെ വെസ്റ്റ് ബ്ലോക് എന്ന കരുത്തുറ്റ ആരാധക വൃദ്ധം കൂടെ ചേരുമ്പോൾ ഇന്ന് ഗാലറിയിലെ കളിക്കും മൈതാനത്തെ പുറത്തെ കളികളിലും വീറും വാശിയും കൂടും. സോഷ്യൽ മീഡിയകളിൽ പ്രകടിപ്പിക്കുന്ന പരസ്പര പോര് ഇന്ന് നേരിൽ ആകുമ്പോൾ മഞ്ഞപ്പടയെയും നീലപ്പടയെയും ആവേശത്തിലാക്കാൻ മത്സരിക്കുന്ന രണ്ടു കൂട്ടരെയും കൂടെ കൊച്ചിയിലെ സ്റ്റേഡിയത്തിൽ കാണാം. വൈകിയിട്ട് 5:30 നാണു മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial