ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം കോപ്പൽ

- Advertisement -

6 മത്സരങ്ങളില്‍ നിന്ന് 5 ഗോൾ നേടിയ സി കെ വിനീത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഹീറോ. പക്ഷേ ഈ വിജയങ്ങള്‍ക്കെല്ലാം പിന്നിൽ നമ്മുടെ ആരാധകരും മാധ്യമങ്ങളും അധികമൊന്നും ചർച്ച ചെയ്യാതെ പോയ ഒരു മുഖമുണ്ട്. കേരളത്തിന്റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച കോപ്പൽ. വിജയത്തിലും പരാജയത്തിലും ഒരു ഭാവ വ്യത്യാസമില്ലാതെ തന്റെ ടീമിനെ ഐ എസ് എല്ലിൽ രണ്ടാം സ്ഥാനത്ത് എത്തിച്ച കോച്ച്. മുംബൈ സിറ്റിക്ക് പിന്നില്‍ ഒരു പോയിന്റ്‌ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴും അമിത വികാര പ്രകടനങ്ങള്‍ കാണിക്കാതെ കേരള ബ്ലാസ്റെര്സിന്‍റെ വിജയങ്ങള്‍ക്ക് പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് 61 കാരാനായ സ്റ്റീവ് കോപ്പല്‍.

ആദ്യ മൂന്ന് കളികളിലെ പ്രകടനം കണ്ട് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ചീത്ത വിളിക്കാത്ത ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍ പോലുമുണ്ടാവില്ല. 3 കളികളിൽ രണ്ടു തോൽവി ഒരു സമനില. ഒരു ഗോൾ പോലും നേടാൻ കഴിയാത്ത മുന്നേറ്റനിര. ഈ സീസണും കഴിഞ്ഞ വർഷത്തേത് പോലെയാവും എന്ന നിരാശ ആരാധകരില്‍ ഉണ്ടാക്കികൊണ്ടായിരുന്നു ടീമിന്റെ തുടക്കം.

പക്ഷെ ഇംഗ്ലീഷ് ക്ലബുകളായ റീഡിങ്ങിനെയും, ക്രിസ്റ്റല്‍ പാലസിനെയും ഉയരങ്ങളില്‍ എത്തിച്ച സ്റ്റീവ് കോപ്പല്‍ പ്രതീക്ഷയോടെ തന്നെയായിരുന്നു. 28 വയസ്സില്‍ പരിക്ക് മൂലം ഫുട്ബോള്‍ കളി നിര്‍ത്തി പരിശീലകന്റെ പുതിയ കുപ്പായത്തിലേക്ക് മാറും മുമ്പേ ഇംഗ്ലണ്ടിനു വേണ്ടി ലോകകപ്പിലേതടക്കം 42 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏഴു ഗോളുകളും, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 322 മത്സരങ്ങളും അതില്‍ നിന്ന് 53 ഗോളുകളും നേടിയിട്ടുണ്ട്. 1977ലെ എഫ് എ കപ്പ് വിജയിയായ കോപ്പൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി തുടർച്ചയായി 207 മത്സരങ്ങൾ കളിച്ച ഔട്ട് ഫീൽഡ് പ്ലയെർ എന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യമായി ക്രിസ്റ്റൽ പാലസിനെ പരിശീലിപ്പിക്കുമ്പോള്‍ കോപ്പലിനു പ്രായം 28 വയസ്സും 10 മാസവുമായിരുന്നു. റീഡിങ്ങിനെയും, ക്ര്യസ്ടല്‍പാലസിനെയും ഇംഗ്ലീഷ് രണ്ടാം നിര ലീഗിൽ നിന്നും കൈ പിടിച്ചു ഉയർത്തി അവരുടെ എക്കാലത്തെയും മികച്ച വിജയങ്ങളിലേക്കു എത്തിക്കാൻ കോപ്പലിനു സാധിച്ചു. റീഡിങ്ങിനെ ആദ്യമായി ഇംഗ്ലീഷ് ലീഗിലെ ഒന്നാം നിരയിലേക്ക് എത്തിക്കുകയും,1991ൽ ക്രിസ്റ്റൽ പാലസിനെ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലീഗ് പൊസിഷനായ മൂന്നാം സ്ഥാനത്തേക്ക് കൈപിടിച്ച് നടത്തിക്കുകയും ചെയ്തു കോപ്പൽ.

മികച്ച തുടക്കം ലഭിക്കാതിരുന്നിട്ടും തന്‍റെ കളിക്കാരില്‍ വിശ്വാസം അര്‍പ്പിച്ച കോപ്പല്‍ ബെന്ഗളുരു താരങ്ങളുടെ തിരിച്ചു വരവോടെ ഐ എസ് എല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ ടീമിനെ പോയിന്റ്‌ പട്ടികയില്‍ മുകളിലേക്കുയര്‍ത്തി. ഐ എസ് എല്ലിൽ തുടർച്ചയായി 5 ഹോം മത്സരങ്ങൾ വിജയിപ്പിച്ച കോച്ച് എന്ന പേരും കോപ്പൽ നേടി.

ലിവർപൂൾ സ്വദേശിയായ കോപ്പൽ ഇയാൻ റൈറ്റിനെ പോലെയുള്ള ലോകോത്തര താരങ്ങളെ കണ്ടെത്തി ഫുട്ബോൾ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു. ഇംഗ്ലീഷ് ലീഗ് മാനേജർസ് അസോസിയേഷൻ കോപ്പലിനെ രണ്ടു തവണ ലീഗ് മാനേജർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കളികളത്തില്‍ തന്‍റെ വേഗത കൊണ്ടും കഠിനാധ്വാനം കൊണ്ടും പേര് കേട്ട കോപ്പല്‍ ലൈനിന് പുറത്ത് തന്‍റെ തന്ത്രങ്ങള്‍കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ ഒരിക്കല്‍ ഫൈനലില്‍ എത്തിച്ച് ആദ്യ വര്‍ഷത്തെ ഫൈനല്‍ തോല്‍വിക്ക് മധുരപ്രതികാരം ചെയ്യുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.

Advertisement