Picsart 24 04 19 21 11 04 530

കിട്ടിയ അവസരങ്ങൾ തുലച്ചതിന് വലിയ വില കൊടുത്ത് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ന് ലൂണയും ദിമിയും ഒന്നും ഇല്ലാതിരുന്നിട്ടും ഒഡീഷക്ക് എതിരെ മികച്ച രീതിയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഒരു ലോഡ് ഗോളടിക്കാനുള്ള അവസരങ്ങൾ അവർ സൃഷ്ടിച്ചു എങ്കിലും അതിൽ ആകെ ഒന്നാണ് വലയിൽ കയറിയത്. ഇത് തന്നെയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് തോൽക്കാൻ കാരണം എന്ന് വേണം പറയാൻ.

ഇന്ന് മികച്ച രീതിയിൽ ആണ് ബ്ലാസ്റ്റേഴ്സ് കളി ആരംഭിച്ചത്. ഫെഡോറും ഐമനും ആദ്യ പത്ത് മിനുട്ടുകൾക്ക് അകം നല്ല രണ്ട് ഷോട്ടുകൾ ഒഡീഷ ഗോൾമുഖത്തേക്ക് തൊടുത്തു. പക്ഷെ രണ്ടും ടാർഗറ്റിൽ എത്തിയില്ല. 21ആം മിനുട്ടിൽ ഹോർമിയിലൂടെ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. ഹോർമിയുടെ ഹെഡറും നേരെ ഗോൾ കീപ്പറുടെ കൈകളിലേക്ക് എത്തി. ഇതൊക്കെ അർധാവസരങ്ങൾ എന്ന് വേണമെങ്കിൽ പറയാം.

എന്നാൽ രണ്ടാം പകുതിയിൽ അങ്ങനെയല്ല. ഒന്നിനു പിറകെ ഒന്നായാണ് ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെർനിചിന് ഒരു സുവർണ്ണാവസരം ലഭിച്ചു. എങ്കിലും ലിത്വാനിയൻ താരത്തിന് ആ അവസരം മുതലെടുക്കാൻ ആയില്ല. ഗോൾ കീപ്പറെ പരീക്ഷിക്കാൻ പോലും ആയില്ല.

53ആം മിനുട്ടിൽ ഐമന്റെ ഗോൾ എന്നുറച്ച ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് കണ്ടു. 56ആം മിനുട്ടിൽ ചെർനിച്ചിന് ഒരു സുവർണ്ണാവസരം കൂടെ ലഭിച്ചു. ഗോൾ ലൈനിന് 4 വാരെ അകലെ നിന്ന് ലഭിച്ച ആ അവസരം ആകാശത്തേക്കാണ് ചെർനിച് അടിച്ചത്.

അവസാനം 66ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ നേടി എങ്കിലും തുലച്ച അവസരങ്ങൾക്ക് ഒന്നും പകരമായില്ല. ദിമി ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ഈ മത്സരത്തിന് ഇടയിൽ ഒരോ ബ്ലാസ്റ്റേഴ്സ് ആരാധകരും ആഗ്രഹിച്ചു പോയിട്ടുണ്ടാകും. ഇന്ന് അവസരങ്ങൾക്ക് ഒപ്പം കിരീട സ്വപ്നങ്ങൾ കൂടെയാണ് ടാർഗറ്റിൽ നിന്ന് മിസ്സ് ആയത്.

(കോപി അടിക്കുമ്പോൾ അക്ഷരതെറ്റുകൾ സൂക്ഷിക്കണേ Reporter. നന്ദി)

Exit mobile version