ഒഗ്ഗ്ബെചെ വെടിക്കെട്ട്!! ആദ്യം വിറച്ചെങ്കിലും തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ആറാം സീസണിലെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എ ടി കെയ്ക്ക് എതിരെ മുന്നിട്ടു നിൽക്കുന്നു. ആദ്യ 45 മിനുട്ട് കഴിഞ്ഞപ്പോൾ 2-1 എന്ന സ്കോറിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ് മുന്നിൽ ഉള്ളത്. കളിയുടെ തുടക്കത്തിൽ എ ടി കെ ആക്രമണത്തിനു മുന്നിൽ വിറച്ചു എങ്കിലും പിന്നീട് കളിയിലേക്ക് മികച്ച രീതിയിൽ തിരികെ വരാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ക്യാപ്റ്റൻ ഒഗ്ബെചെയുടെ ഇരട്ട ഗോളുകളാണ് കേരളത്തിനെ മുന്നിൽ എത്തിച്ചത്.

കളി തുടങ്ങി അഞ്ചാം മിനുട്ടിൽ ആണ് എ ടി കെയുടെ ഗോൾ വന്നത്. അവരുടെ പുതിയ സൈനിംഗ് മാക്ഹ്യു ഒരു വോളിയിലൂടെയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ആ ഗോളിന് ശേഷം എ ടി കെ കളിയുടെ നിയന്ത്രണവും ഏറ്റെടുത്തു. ഗോളാക്കാനുള്ള രണ്ട് സുന്ദര അവസരങ്ങളും എ ടി കെ ഉണ്ടാക്കി. എന്നാൽ ഫിനിഷിങിലെ പോരായ്മ കേരളത്തെ രക്ഷിച്ചു. കളിയുടെ 28ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. ഒരു കോർണറിൽ കേരളത്തിന്റെ ഡിഫൻഡർ ജൈറോയെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി കിട്ടിയത്. അത് സമ്മർദ്ദങ്ങൾ മറികടന്ന് ക്യാപ്റ്റൻ ഒഗ്ബെചെ വലയിൽ എത്തിച്ചു. ആ സമനില ഗോളിന് ശേഷം കളി കൂടുതൽ നിയന്ത്രിക്കാൻ കേരളത്തിനായി.

ആദ്യ പകുതിയുടെ അവസാന നിമിഷമായിരുന്നു ഒഗ്ബെചെയുടെ രണ്ടാം ഗോൾ. വലതു വിങ്ങിൽ നിന്ന് പ്രശാന്ത് കൊടുത്ത ക്രോസിൽ നിന്ന് ഒരു ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു ഒഗ്ബെചെയുടെ ആ ഗോൾ.