
കേരള ബ്ലാസ്റ്റേഴ്സിനെ ഇനി റെനെ മോളെൻസ്റ്റീൻ നയിക്കും. മാനേജറെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം പല അഭ്യൂഹങ്ങളും കോപ്പലിന്റെ പകരക്കാരന്റെ സ്ഥാനത്തേക്ക് ഉയർന്നു എങ്കിലും ആരും തന്നെ കാണാത്ത ട്വിസ്റ്റാണ് അവസാനം ഉണ്ടായത്. റെനെ മോളെൻസ്റ്റീൻ എന്ന കോച്ചിംഗിൽ വൻ പരിചയ സമ്പത്തുള്ള ഡച്ച് പരിശീലകനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ടീമിനായി കൊണ്ടു വന്നിരിക്കുകയാണ്.
കോപ്പൽ പോയപ്പോൾ മാനേജ്മെന്റിനെതിരെ ഉയർന്ന ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി കൂടിയാണ് റെനെ മോളെൻസ്റ്റീന്റെ നിയമനം. കോപ്പലിനെ പോലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നു തന്നെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ കോച്ചും വരുന്നത്. ഒരു ദശാബ്ദത്തിലധികം മാഞ്ചസ്റ്റർ യുണൈറ്റഡ് ആയും സാക്ഷാൽ അലക്സ് ഫെർഗൂസണുമൊത്തും മാനേജിംഗ് കരിയർ ചിലവയിച്ച പ്രൊഫഷണലാണ് റെനെ. 2001 തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് ടീം കോച്ചായി തുടങ്ങിയ റെനെ 2013ൽ ഫെർഗൂസൺ വിരമിക്കുന്നത് വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുന്നു. മാഞ്ചസ്റ്ററിലെ അവസാന ആറു വർഷം ഫെർഗൂസന്റെ അസിസ്റ്റൻ കോച്ച് റെനെ ആയിരുന്നു.
മുമ്പ് ഖത്തർ അണ്ടർ 18ന്റേയും പ്രീമിയർ ലീഗുൽ ഫുൾഹാമിന്റേയും മാനേജറായിട്ടുണ്ട്. ഇത്രയും വലിയ പ്രൊഫൈൽ ഉള്ള ഒരു മാനേജർ ഐ എസ് എല്ലിൽ എത്തുമെന്നു തന്നെ ആരും കരുതിയിരുന്നില്ല. യുവ പ്രതിഭകളെ വളർത്തുന്നതിൽ പേരുകേട്ട റെനെയുടെ കേരളത്തിലേക്കുള്ള വരവ് ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. അസിസ്റ്റന്റ് കോച്ച് സിംഗ്ടോയും റെനെയും കൂടെ കേരള ബ്ലാസ്റ്റേഴ്സിനു പുതു ഊർജം നൽകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial