മാഞ്ചസ്റ്റർ ചുവപ്പിന്റെ ഇതിഹാസം വെസ് ബ്രൗൺ ഇനി മഞ്ഞപ്പടയിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വമ്പൻ സൈനിങ്ങ് അങ്ങനെ ഔദ്യോഗികമായിരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വേർസറ്റൈൽ ഡിഫൻഡർ വെസ് ബ്രൗണാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. താരത്തിന്റെ സൈനിങ്ങ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന രണ്ടു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തുമ്പോഴും ടീമിനൊപ്പം ഉണ്ടായിരുന്ന താരം ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീന്റെ ഇഷ്ട താരം കൂടിയാണ്.

പതിനഞ്ചു വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായിരുന്ന താരമാണ് വെസ് ബ്രൗൺ. ഡിഫൻസിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരം മാഞ്ചസ്റ്ററിന്റെ അവസാന ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു. 2008ലെ ചാമ്പ്യൻസ്ലീഗ് ഫൈനലിൽ ചെൽസിക്കെതിരെ റൈറ്റ് ബാക്കായി ബ്രൗൺ നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു. മാഞ്ചസ്റ്ററിനു വേണ്ടി 230ലധികം മത്സരങ്ങൾ ബ്രൗൺ കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനു വേണ്ടി 23 മത്സരങ്ങളിൽ ബ്രൗൺ ബൂട്ടു കെട്ടിയിട്ടുണ്ട്. റൈറ്റ് ബാക്കായി കുറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട് എങ്കിലും യുണൈറ്റഡ് വിട്ട് സണ്ടർലാന്റിൽ എത്തിയത് മുതൽ സെന്റർ ബാക്ക് ആയി തന്നെയാണ് കളിക്കാറ്. ജിങ്കന്റെ കൂടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഇനി കാക്കുക വെസ് ബ്രൗണാകും. ബ്ലാക്ക് ബേണിനു വേണ്ടിയാണ് ബ്രൌൺ അവസാനമായി കളിച്ചത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement