ചാമ്പ്യന്മാരാവാൻ കേരള ബ്ലാസ്റ്റേഴ്‌സ്

ഇതൊരു നിയോഗമാവാം. എതിരാളികൾ കൊൽക്കത്തയായതും വേദി കൊച്ചിയായതും 2014 ഫൈനലിൽ ഗോൾ നേടിയ റഫീഖ് കേരള ബ്ലാസ്റ്റേഴ്‌സ് താരമായതുമെല്ലാം. 2014ലെ ഫൈനലിലെ തോൽവി അത്ര പെട്ടന്ന് ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനു മറക്കാൻ പറ്റില്ല. അധിക സമയത്ത് റഫീഖ് നേടിയ ഗോളിൽ അന്ന് കപ്പ് കൊണ്ട് പോയ കൊൽക്കത്തയെ സ്വന്തം കാണികൾക്കു മുൻപിൽ  തോൽപ്പിച്ചു ആദ്യമായി ഐ എസ് എൽ ട്രോഫിയിൽ മുത്തമിടാൻ കേരത്തിനു കിട്ടിയ സുവാരണാവസരം. അറുപതിനായിരത്തോളം വരുന്ന ആരാധകരുടെ ആർപ്പുവിളികൾ മറികടന്നു ജയം നേടാൻ സൗരവ് ഗാംഗുലിയുടെ ടീമിനു  തെല്ലൊന്നു വിയർക്കേണ്ടി വരും.

ലീഗിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന കൊൽക്കത്തയെ തോൽപ്പിക്കാൻ കേരളം നല്ലൊരു പ്രകടനം പുറത്തെടുക്കേണ്ടി വരും.  ഐ എസ് എല്ലിൽ കേരളത്തിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല. മൂന്ന് കളികളിൽ നിന്ന് വെറും ഒരു പോയിന്റ്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനം. പക്ഷെ പടി പടിയായി ടീമിന്റെ പ്രകടനം ഉയർത്തി ടീമിനെ ഫൈനലിലെത്തിക്കാൻ കോപ്പലിനായി. കൊച്ചിയിൽ ഫൈനലിലിനു ഇറങ്ങുമ്പോൾ ആർപ്പു വിളിക്കുന്ന കാണികളുടെ പിന്തുണ കേരളത്തിനുണ്ടാവും. പക്ഷെ കാണികളുടെ പിന്തുണകൊണ്ടു മാത്രം മത്സരം ജയിക്കില്ലെന്ന് കോപ്പലിനു നന്നായി അറിയാം.

കൊച്ചിയിൽ നടന്ന അവസാന 5 കളികൾ തുടർച്ചയായി ജയിച്ചാണ് കേരളത്തിന്റെ വരവ്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയ സന്തോഷ് ജിങ്കൻ  ഈ സീസണിൽ ഉജ്വല പ്രകടനമാണ് കാഴ്ച വെച്ചത്. ഡൽഹിക്കെതിരെ സെമിയിൽ ജിങ്കൻറെ ഗോൾ ലൈൻ സേവ് ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനും മറക്കില്ല. സെഡ്രിക് ഹെങ്ബെർട്ടിന്റെ തിരിച്ചു വരവ് ടീമിന്റെ പ്രധിരോധ നിര ശക്തമാക്കും. കൂട്ടിനു മാർക്വി താരം ആരോൺ ഹ്യൂസും ഉണ്ടാവും. സസ്‌പെൻഷൻ കാരണം ഹോസുവിനെ കേരളത്തിന് നഷ്ട്ടമാകും, ഹോസുവിനു പകരക്കാരനായി ദിദിയർ ക്ലാഡിയോ ആവും ഇടതു വിങ്ങിൽ ഇറങ്ങുക. ഹോസുവിനു പകരം റിനോ ആന്റോക്ക് കോപ്പൽ അവസരം കൊടുക്കുകയാണെങ്കിൽ ജിങ്കനെ ഇടതു വിങ്ങിൽ കളിപ്പിച്ചു റീനോയെ വലതു വിങ്ങിൽ കളിപ്പിച്ചേക്കും.  മധ്യ നിരക്ക് കരുത്തുപകരാൻ മെഹ്‌താബ് ഹുസൈനും അസ്‌റാക്ക് മഹാമത്തും തന്നെ ഇറങ്ങും. വേഗതയേറിയ മുന്നേറ്റ നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ. വിനീതും നാസോണും റഫീഖും ബെൽഫോർട്ടും അടങ്ങുന്ന മുന്നേറ്റ നിര കൊൽക്കത്തക്ക് വെല്ലുവിളിയാവും.

കൊച്ചിയിൽ കേരളത്തെ തോൽപ്പിച്ച ഏക ടീം എന്ന നിലയിലാണ് കൊൽക്കത്ത വീണ്ടും കൊച്ചിയിലെത്തുന്നത്. ജാവി ലാറയുടെ ഏക ഗോളിൽ ആണ് കേരളം അന്ന് തോറ്റത് . അത് അവർക്കു ആത്മവിശ്വാസം നൽകും. കടലാസ്സിൽ കൊൽക്കത്തക്കാണ് മുൻ‌തൂക്കം.  ജുവാൻ ബെലെൻകോസോയും റോബർട്ട് ലാൽത്ലമുനയും സസ്‌പെൻഷൻ കാരണം ഇന്ന് ഇറങ്ങില്ല. ഗോൾ വലക്കു മുൻപിൽ ഉജ്വല ഫോമിൽ കളിക്കുന്ന ദേബ്ചിത് മജുൻഡർ തന്നെയാവും. സമീഗ് ദൗത്തി, പോസ്റ്റിഗ, ഇയാൻ ഹ്യു, അഭിനാഷ് റുയിദാസ് എന്നിവർ അടങ്ങുന്ന ആക്രമണ നിര കേരള പ്രതിരോധത്തെ നിഷ്പ്രഭമാകാൻ കെൽപ്പുള്ളവരാണ്. ബോർജ ഫെർണാഡെസ് കൊൽക്കത്തക്ക് വേണ്ടി മധ്യ നിരയിൽ കളി നിയന്ത്രിക്കും . മധ്യ നിരയിൽ കളി മെനയാൻ താരങ്ങൾ ഉള്ളത് കൊൽക്കത്ത ടീമിന്  മൂൻതൂക്കം നൽകും.  പക്ഷെ ആർപ്പു വിളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുൻപിൽ മനസാന്നിദ്ധ്യം കാത്തുസൂക്ഷിക്കാൻ അവർക്കാവുമോ എന്ന് കാത്തിരുന്നു കാണാം.

ക്രിക്കറ്റിലെ താര രാജാക്കന്മാരായ സൗരവ് ഗാംഗുലിയുടെയും സച്ചിൻ ടെണ്ടുൽക്കറുടെയും  രണ്ടു ടീമുകൾ ഇന്ന് ഇറങ്ങുമ്പോൾ വിജയം രണ്ടു ടീമുകൾക്കും ചരിത്രത്തിലേക്കുള്ള വഴിയാണ്.  കോപ്പൽ എന്ന തന്ത്രജ്ഞാന്‍ തോൽവിയിലും ജയത്തിലും ടീമിന് വേണ്ടി ആർപ്പു വിളിച്ച സ്വന്തം കാണികൾക്കു വേണ്ടി കപ്പു നേടിത്തരുമെന്നു നമുക്ക് പ്രതീക്ഷിക്കാം. മത്സരം ഇന്ത്യന്‍ സമയം രാത്രി 7നു സ്റ്റാര്‍ സ്പോര്‍ട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട് സ്റ്റാറിലും കാണാവുന്നതാണ്.