സെമി ഫൈനൽ ലക്ഷ്യമിട്ട് കേരളവും കൊൽക്കത്തയും ഇന്നിറങ്ങും

രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കുമ്പോൾ 12 കളികളിൽ നിന്ന് 18 പോയിന്റുള്ള ഇരു ടീമുകൾക്കും ഇന്നത്തെ വിജയം സെമി ഫൈനൽ ഏതാണ്ട് ഉറപ്പിക്കും. അതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞ ഒന്നും മൊളീനയും കോപ്പലും ലക്ഷ്യം വക്കുന്നില്ല. നാട്ടിൽ കളിക്കുന്നതിനാൽ തന്നെ കേരളത്തെക്കാൾ ഇന്ന് വിജയിക്കേണ്ടത് കൊൽക്കത്തക്ക് നിർബന്ധമാണ്. ഗോവക്കെതിരെ കഴിഞ്ഞ മത്സരത്തിൽ സ്റ്റീഫൻ പിയേർസൻ്റെ അവസാന നിമിഷത്തെ ഗോളിൽ ജയിച്ചതിൻ്റെ ആവേശത്തിലെത്തുന്ന അവർ മികച്ച ഫോമിലുമാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ 3 സീസണിലും സെമിലെത്തുന്ന ആദ്യ ടീമായി ചരിത്രം കുറിക്കാൻ തന്നെയാവും സൂപ്പർ ലീഗിലെ പ്രഥമ ചാമ്പ്യന്മാർ ശ്രമിക്കുക.

ഗോളിന്‌ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ദെബ്ജിത്ത് മഞ്ചുദാർ തന്നെയാവും കൊൽക്കത്തയുടെ ഗോൾ വല കാക്കുക. കഴിഞ്ഞ രണ്ട് സീസണുകളിലായി നല്ല പ്രകടനം പുറത്തെടുക്കുന്ന ടിറി, മണ്ഡൽ സഖ്യത്തിനാവും പ്രതിരോധത്തിൻ്റെ ചുമതല. മധ്യനിരയിൽ ക്യാപ്റ്റൻ ബോജ ഫെർണാണ്ടസിനൊപ്പം മുൻ ബ്ലാസ്റ്റേഴ്സ് താരം സ്റ്റീഫൻ പിയേർസൺ ഇറങ്ങാൻ സാധ്യതയുണ്ട്. വിങുകളിൽ സെമീഗ് ദ്യൂട്ടി, ജാവി ലാറ എന്നിവരുടെ പ്രകടനം കൊൽക്കത്തക്ക് വളരെ നിർണായകമാവും. മുൻ മത്സരത്തിൽ പുറത്തിരുന്ന പോസ്റ്റിക മുന്നേറ്റത്തിൽ തിരിച്ചെത്തിയേക്കും അങ്ങനെയെങ്കിൽ ബെലൻകോസ പുറത്തിരുന്ന് ഹ്യൂം, പോസ്റ്റിക സഖ്യത്തിനാവും മുന്നേറ്റത്തിൻ്റെ ചുമതല.

മുംബൈക്കെതിരായ കനത്ത പരാജയത്തിന് ശേഷം മുൻ മത്സരത്തിൽ പൂനെക്കെതിരെ ജയിച്ച് വരുന്ന കേരളം ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ നാട്ടിലെ മികച്ച പ്രകടനങ്ങൾ എവേ മത്സരങ്ങളിൽ പുറത്തെടുക്കാൻ ആവാത്തതാണ് ബ്ലാസ്റ്റേഴ്സിൻ്റെ പ്രശ്നം. അവസാനം കളിച്ച 3 എവേ മത്സരങ്ങളും തോറ്റ കേരളം ഈ മത്സരങ്ങളിൽ 10 ഗോളുകളാണ് വഴങ്ങിയത്. ഇത് വരെ കളിച്ച 6 എവേ മത്സരങ്ങളിൽ 3 ഗോളുകൾ മാത്രമെ നേടിയിട്ടുള്ളു എന്നത് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന പ്രശ്നമാണ്. മികച്ച കൊൽക്കത്ത മുന്നേറ്റത്തിനെതിരെ കേരള പ്രതിരോധമാവും മത്സരത്തിൻ്റെ വിധി നിർണയിക്കുക. വിജയിക്കാനായില്ലെങ്കിലും തോൽവി വഴങ്ങാതിരിക്കാനാവും കേരളം ഇന്ന് ശ്രമിക്കുക. അങ്ങനെയെങ്കിൽ നാട്ടിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ മറികടന്ന് കേരളത്തിന്‌ സെമിയിലെത്താം.

കഴിഞ്ഞ മത്സരത്തിലെ ടീമിനെ കോപ്പൽ നിലനിർത്താനാണ് സാധ്യത. സന്ദീപ് നന്ദി തന്നെയാവും ഗോൾ വല കാക്കുക. മുൻ കൊൽക്കത്ത താരം കൂടിയായ റിനോ ഇന്നും ഇറങ്ങുന്നില്ലെങ്കിൽ മാർക്വീ താരവും ക്യാപ്റ്റനുമായ ഹ്യൂസ്, ഹെങ്ബർട്ട്, ജിംഗൻ, ഹോസു എന്നിവർ തന്നെയാവും പ്രതിരോധത്തിൽ. മധ്യനിരയിൽ മികവ് പുലർത്തുന്ന മെഹ്താബ് ഹുസൈനൊപ്പം അസ്രാക് മഹ്മദ് തന്നെ തുടരും. സസ്പെൻഷനു ഒരു മഞ്ഞ കാർഡ് മാത്രം അകലെയാണ് മെഹ്താബ് എന്നത് കേരളത്തിന് ആശങ്ക പകരുന്നു. വലത് വിങിൽ മുൻ മത്സരത്തിൽ തിളങ്ങിയ മുഹമ്മദ് റാഫി ടീമിൽ സ്ഥാനം നിലനിർത്തിയേക്കും. ഇടത് വിങിൽ സി.കെ വിനീതിൻ്റെ പ്രകടനം കേരള മുന്നേറ്റത്തിൽ നിർണായകമാണ്. മുന്നേറ്റത്തിൽ കഴിഞ്ഞ മത്സരത്തെ പോലെ ഹെയ്തി താരങ്ങളായ ബെൽഫോർട്ട്, നാസൺ എന്നിവർ തുടർന്നേക്കും. അങ്ങനെയെങ്കിൽ മൈക്കൾ ചോപ്ര, അൻ്റോണിയോ ജെർമൻ എന്നിവർ ബെഞ്ചിൽ തന്നെ തുടരും.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സീസണിലെ ഫൈനലിലടക്കം ഇത് വരെ ആറ് പ്രാവശ്യം ഇരു ടീമുകളും പരസ്പരം ഏറ്റ് മുട്ടിയിട്ടുണ്ട്. ഇതിൽ 4 എണ്ണത്തിൽ കൊൽക്കത്തയും ഒരെണ്ണത്തിൽ കേരളവും വിജയം കണ്ടപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. സീസണിൽ കൊച്ചിയിൽ നടന്ന മത്സരത്തിലും ജാവി ലാറയുടെ ഗോളിൽ കൊൽക്കത്തക്കായിരുന്നു വിജയം. സെമി ഫൈനൽ ലക്ഷ്യമായതിനാൽ ഇരു ടീമുകളിൽ നിന്നും മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. വൈകിട്ട് 7 മണിക്ക് രബീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാവുന്നതാണ്.