Picsart 23 09 26 10 50 15 557

“കേരള ബ്ലാസ്റ്റേഴ്സിന് എതിരെ കളിക്കുമ്പോൾ ചെവിയിൽ കോട്ടൻ തിരുകി വാം അപ്പിന് ഇറങ്ങാൻ ആണ് പ്ലാൻ” – ഛേത്രി

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും സുനിൽ ഛേത്രിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. കഴിഞ്ഞ സീസൺ ഐ എസ് എൽ പ്ലേ ഓഫിൽ ഛേത്രി നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രധാന വൈരികളിൽ ഒരാളായി ഛേത്രി മാറാനുള്ള കാരണം. ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടിയപ്പോൾ, ദേശീയ ടീമിനൊപ്പം ആയതിനാൽ, ഛേത്രി ആ മത്സരത്തിൽ കളിച്ചിരുന്നില്ല.

പ്രമുഖ യൂടൂബറായ ഷരൺ നായറുമായി ഒരു വീഡിയോയിൽ സംസാരിച്ച സുനിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോൾ ഉള്ള തന്റെ പ്ലാൻ എന്തായിരിക്കും എന്ന് തമാശയായി പറഞ്ഞു. താൻ ചെവിയിൽ കോട്ടൻ തിരുകിയാകും കേരള ബ്ലാസ്റ്റേഴ്സിന് എതിരെ വാം അപ്പിന് ഇറങ്ങുക എന്ന് പറഞ്ഞു. അതാണ് തന്റെ പ്ലാൻ എന്ന് അദ്ദേഹം പറയുന്നു. ഛേത്രിക്കും ബെംഗളൂരു എഫ് സിക്കും എതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരട്ടി ശക്തിയോടെ ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഛേത്രിക്ക് തന്നെ അറിയാം എന്നാണ് ഈ ഉത്തരം കൊണ്ട് മനസ്സിലാകുന്നത്.

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആരവങ്ങൾ കൊണ്ട് തനിക്ക് ഡിഫൻസ് പറയുന്ന ഒന്നും കേൾക്കാൻ ആകുന്നില്ല എന്ന് ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് പറയുന്ന വീഡിയോ ആ മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു.

Exit mobile version