Picsart 24 02 12 21 30 00 973

പഞ്ചാബിനോട് കേരള ബ്ലാസ്റ്റേഴ്സിന് തോൽവി, കൊച്ചിയിലെ ഈ സീസണിലെ ആദ്യ പരാജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. കൊച്ചിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കൊച്ചിയിൽ അവരുടെ സീസണിലെ ആദ്യ പരാജയമാണിത്.

ഇന്ന് കരുതലോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് രാഹുൽ കെ പിയുടെ ഒരു ഹെഡറിലൂടെ ആദ്യ ഒരു ഗോളിന് അടുത്ത് എത്തി. കുറച്ച് കഴിഞ്ഞ് മൊഹമ്മദ് സലായുടെ ഒരു ഗോൾ ലൈൻ ക്ലിയറൻസും പഞ്ചാബിനെ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചു. എന്നാൽ അവരുടെ ചെറുത്ത് നിൽപ്പ് അധികം നീണ്ടു നിന്നില്ല.

39ആം മിനുട്ടിൽ മിലോസ് ഡ്രിഞ്ചിചിലൂടെ കേരളം ലീഡ് നേടി. ഒരു കോർണറിൽ നിന്നുള്ള ഡ്രിഞ്ചിചിന്റെ സ്ട്രൈക്ക് പോസ്റ്റിൽ തട്ടി ഗോൾ വല കടന്നു തിരികെ വന്നു. ലൈൻ റഫറിയുടെ മികച്ച തീരുമാനം ആ ഗോൾ കേരളത്തിന് ലഭിക്കാൻ കാരണമായി. സ്കോർ 1-0.

ആ ഗോൾ വന്ന് നാലു മിനുട്ടുകൾക്ക് അകം പഞ്ചാബ് സമനില നേടി. ജോർദാൻ ഗില്ലിന്റെ സ്ട്രൈക്ക് ഒരു ഡിഫ്ലക്ഷനോടെ ആണ് വലയിലേക്ക് പോയത്. സ്കോർ 1-1. ആദ്യ പകുതി സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാം പകുതിയിൽ കേരളം ഡിഫൻസിൽ പതറുന്നത് കാണാൻ ആയി.

61ആം മിനുട്ടിൽ ജോർദനിലൂടെ വീണ്ടും പഞ്ചാബ് എഫ് സി വല കുലുക്കി. സ്കോർ 1-2. ഇതിനു പിന്നാലെ ലൂകയിലൂടെ പഞ്ചാബ് മൂന്നാം ഗോളിനടുത്ത് എത്തി. സച്ചിന്റെ സേവാണ് കേരളത്തെ രക്ഷിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് ചില മാറ്റങ്ങൾ വരുത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 88ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലൂക കൂടെ ഗോൾ കണ്ടെത്തിയതോടെ പഞ്ചാബ് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ പഞ്ചാബ് 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു‌. കേരള ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു

Exit mobile version