ബ്ലാസ്റ്റേഴ്‌സിന് സമനില തുടക്കം

ഐഎസ്എല്ലിന്റെ നാലാം പതിപ്പിന് വർണ്ണശബളമായ തുടക്കം. കലൂരിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇന്ത്യൻ സിനിമയിലെയും കായിക രംഗത്തെയും അനവധി താരങ്ങൾ പങ്കെടുത്ത ചടങ്ങോടെയാണ് ഫുട്ബാൾ മാമാങ്കത്തിന് തുടക്കമായത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എടികെ കൊൽക്കത്ത കേരള ബ്ളാസ്റ്റേഴ്‌സിനെ സമനിലയിൽ തളച്ചു.

വിരസമായ ആദ്യ പകുതിയ്ക്ക് ശേഷം ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ആതിഥേയരെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചത് എടികെ ആയിരുന്നു. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ പന്ത് കൈയ്യടക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിനായെങ്കിലും പിന്നീട് കൊല്‍ക്കത്തയാണ് ആദ്യ പകുതിയെ നിയന്ത്രിച്ചത്. മത്സരത്തിന്റെ 14ാം മിനുട്ടില്‍ മികച്ചൊരു സേവുമായി പോള്‍ റചുബ്കയാണ് കേരളത്തെ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഒരവസരം ബ്ലാസ്റ്റേഴ്സ് തുറന്നെടുത്തുവെങ്കിലും ഗോളിയെ പരീക്ഷിക്കുവാന്‍ മാത്രം പോരായിരുന്നു ആ നീക്കം. പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് നിരവധി ക്രോസുകളിലൂടെ കൊല്‍ക്കത്ത ഗോള്‍മുഖത്ത് കേരളം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

രണ്ടാം പകുതി തുടങ്ങി 49ാം മിനുട്ടില്‍ സികെ വീനിതിന്റെ ഷോട്ടാണ് കേരളത്തിനു ലഭിച്ച ഏറ്റവും മികച്ച അവസരം. വിനീതിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ മജൂംദാര്‍ തടുത്തപ്പോള്‍ ലഭിച്ച റീബൗണ്ട് ഒരു നിയന്ത്രണവുമില്ലാതെ പെക്കൂസണ്‍ പുറത്തേക്ക് അടിക്കുകയായിരുന്നു. 60ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമിനെ സബസ്റ്റിറ്റ്യൂട്ട് ചെയ്ത് യുവ താരം മാര്‍ക്ക് സിഫെനിയോസിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. ഏറെ വൈകാതെ ക്യൂക്കിക്ക് പകരം ഇന്ത്യന്‍ താരം റോബിന്‍ സിംഗിനെ കൊല്‍ക്കത്തയും ഇറക്കി.

67ാം മിനുട്ടില്‍ കറേജ് പെക്കൂസണും മാര്‍ക്ക് സിഫെനിയോസും ചേര്‍ന്ന് മികച്ച കോമ്പിനേഷനില്‍ ഒരു അവസരം തുറന്നെടുത്തുവെങ്കിലും കൊല്‍ക്കത്ത നായകന്‍ മികച്ചൊരു സ്ലൈഡിംഗ് ടാക്കിളിലൂടെ അപകടം ഒഴിവാക്കുകയായിരുന്നു. തുടർന്ന് സികെ വിനീതിന് പകരം മലയാളി താരം പ്രശാന്തിനെ ഇറക്കി എങ്കിലും സമനില പൂട്ട് പൊട്ടിക്കാനാവാതെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ നെമഞ്ചയാണ് കളിയിലെ താരം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്റ്റേഴ്‌സ് ടീം: ബ്രൗൺ ഇല്ല, സി.കെയും ഹ്യുമും ബെർബറ്റോവും ആക്രമണം നയിക്കും
Next articleസമനിലയിലും തിളങ്ങി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം