കട്ടിമണി കുട്ടിമണി ആകുന്നോ?

- Advertisement -

“കട്ടിമണി.. നിങ്ങൾ കുട്ടിമണി ആകരുത്” ഐ എസ് എല്ലിലെ ചെന്നൈയിൻ എഫ് സിയും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തിനിടെ ശ്രീ ഷൈജു ദാമോദരൻ കമന്ററിയിൽ ഉപയോഗിച്ച വാക്കുകളാണത്. അക്ഷരാർത്ഥത്തിൽ കട്ടിമണി ഗോൾ പോസ്റ്റിനു മുന്നിൽ അമേച്ച്വർ തലത്തിൽ കളിക്കുന്നവരെ‌ പോലും നാണിപ്പിക്കുന്ന പ്രകടനമാണ് ആദ്യ രണ്ടു മത്സരത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

എഫ് സി ഗോവ ഇതുവരെ‌ വഴങ്ങിയ നാലു ഗോളുകളിൽ മൂന്നും കട്ടിമണിയുടെ മാത്രം പിഴവായിരുന്നു. ആദ്യ മത്സരത്തിൽ ചെന്നൈയോട് മൂന്നു ഗോൾ തുടക്കത്തിൽ‌ തന്നെ സ്കോർ ചെയ്തതു കൊണ്ടു മാത്രമാണ് കട്ടിമണിയുടെ പിഴവുകൾക്ക് ഗോവ വിലകൊടുക്കേണ്ടി വരാതെ രക്ഷ്പ്പെട്ടത്. എന്നാൽ ഇന്നലെ മുംബൈക്കെതിരെ ഗോവ വിലകൊടുക്കേണ്ടു വന്നു.

പന്തടക്കത്തിലൂടെയും കുറിയ പാസുകളിലൂടെയും മികച്ച ഫുട്ബോൾ കാഴ്ചവെക്കുകയായിരുന്ന ഗോവയ്ക്ക് ഇന്നലെ കട്ടിമണിയുടെ പിഴവാണ് തിരിച്ചടി ആയത്. കട്ടിമണിക്ക് ലഭിച്ച ബാക്ക് പാസ് ക്ലിയർ ചെയ്യുമ്പോൾ സംഭവിച്ച അബദ്ധത്തത്തിൽ നിന്ന് എവർട്ടൺ സാന്റോസ് ഗോൾവല ചലിപ്പിക്കുക ആയിരുന്നു.

ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ ഒരു ബലഹീനമായ ഫ്രീകിക്ക് പിടിക്കാൻ ശ്രമിക്കുന്നതിടെ പന്ത് കട്ടിമണിയുടെ കൈകളിൽ നിന്ന് വഴുതി വലയ്ക്ക് അകത്ത് ആകുക ആയിരുന്നു. അന്നത്തെ ചെന്നൈയുടെ രണ്ടാം ഗോളും കട്ടിമണിയുടെ വക ആയിരുന്നു. ജെജെയെ ബോക്സിൽ കട്ടിമണി ഫൗൾ ചെയ്തത് ആയിരുന്നു ഗോളിനുള്ള കാരണം.

ഈ‌ സീസൺ മാത്രമല്ല കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിലും ഒരു വലിയ ബ്ലണ്ഡർ കട്ടിമണി കാണിച്ചിരുന്നു. ഇനിയും ഒരു കളി കൂടെ കട്ടിമണി ഗോവൻ വലയ്ക്ക് മുന്നിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. സ്ക്വാഡിലെ മറ്റു ഗോൾകീപ്പർമാരായ നവീൺ കുമാറിനോ ബ്രൂണോ കൊലാസയ്ക്കോ കോച്ച് അവസരം കൊടുത്തേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement