ഡെൽഹി ഡൈനാമോസ് അർജന്റീന സ്ട്രൈക്കർ എത്തില്ല, ആരാധകരോട് മാപ്പു പറഞ്ഞു താരം

ഡെൽഹി ഡൈനാമോസിന്റെ അർജന്റീനക്കാരനായ പുതിയ സൈനിംഗ് ആയി അനൗൺസ് ചെയ്തിരുന്ന ജുവാൻ വൊഗ്ലിയോട്ടി ഇത്തവണ ഐ എസ് എല്ലിൽ എത്തില്ല. ബൊളീവിയൻ ടീമായ സ്പോർട്ട് ബോയിസിനു വേണ്ടി കളിക്കുന്ന വൊഗ്ലിയോട്ടിയെ റിലീസ് ചെയ്യാൻ ക്ലബ് സമ്മതിക്കാത്തതാണ് ട്രാൻസ്ഫർ നടക്കാതെ ആയത്. താരത്തിന്റെ ഭാഗത്തു നിന്നുള്ള സാങ്കേതിക കാര്യങ്ങൾ പൂർത്തിയാക്കാത്തതാണ് ഡെൽഹി ഡൈനാമോസിനെ ഇങ്ങനെ ഒരു നാണക്കേടിൽ എത്തിച്ചത്.

തന്റെ പ്രശ്നമാണെന്നും താൻ ചെയ്ത തെറ്റിന് ഡെൽഹി ഡൈനാമോസ് ആരാധകരോട് മാപ്പു ചോദിക്കുന്നു എന്നും വൊഗ്ലിയോട്ടി വാർത്താ കുറിപ്പിൽ പറഞ്ഞു. തന്റെ വലിയ ആഗ്രഹമായിരുന്നു ഈ ട്രാൻസ്ഫർ എന്നും അതു നടക്കാത്തതിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ മികച്ച സ്ട്രൈക്കറായേക്കും വൊഗ്ലിയോട്ടി എന്നായിരുന്നു താരത്തിന്റെ ട്രാൻസ്ഫർ വാർത്ത വന്നപ്പോ ഫുട്ബോൾ നിരീക്ഷകർ പറഞ്ഞത്. അവസാന വർഷം ബൊളീവിയൻ ലീഗിൽ കളിച്ച വൊഗ്ലിയോട്ടി ബൊളീവിയയിൽ തന്റെ ടീമായ സ്പോർട് ബോയിസിനു വേണ്ടി അടിച്ചത് 22 ഗോളുകൾ, അതും വെറും 38 മത്സരങ്ങളിൽ നിന്ന്.

കഴിഞ്ഞ സീസണിൽ മാത്രമല്ല അതിനു മുമ്പുള്ള വർഷവും വൊഗ്ലിയോട്ടിയുടെ ബൂട്ടുകൾ വല നിറയെ ഗോളുകൾ നേടിയിട്ടുണ്ട്. 2015-16 സീസണിൽ ബൊളീവിയൻ ക്ലബായ സിക്ലോണിനു വേണ്ടി കളിച്ച വൊഗ്ലിയോട്ടി അവിടെ 17 ഗോളുകൾ ആ‌ സീസണിൽ നേടി. താരത്തിനു പകരക്കാരനെ പെട്ടെന്നു തന്നെ കണ്ടെത്തും എന്ന് ഡെൽഹി ഡൈനാമോസ് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും പരിക്ക്, ചാമര കപുഗേധരയും പുറത്ത്, അടുത്ത ഏകദിനത്തില്‍ പുതിയ നായകന്‍
Next articleഉപുല്‍ തരംഗയെ കാത്തിരിക്കൂന്നത് കടുത്ത ശിക്ഷയോ?