സഹലും ജിഷ്ണുവും കോപ്പലാശാനു വേണ്ടി ബൂട്ടുകെട്ടും, ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു

അങ്ങനെ അഭ്യൂഹങ്ങൾക്ക് വിട. കേരള ബ്ലാസ്റ്റേഴ്സ് ആ മലയാളി പ്രതീക്ഷകളെ സ്വന്തമാക്കിയിരിക്കുകയാണ്. ജിഷ്ണു ബാലകൃഷണനും സഹൽ അബ്ദുൽ സമദുമാണ് അഭ്യൂഹങ്ങൾക്ക് അറുതിയിട്ടു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കരാർ ഒപ്പിട്ടത്. മൂന്നു വർഷത്തേക്കാണ് ഇരുവരുടേയും കരാർ.

യുവ താരങ്ങലെ ഡ്രാഫ്റ്റില്ലാതെ ടീമിലെത്തിക്കാം എന്ന ഇളവ് വെച്ചാണ് ഇരു മലയാളി താരങ്ങളും ടീമിലേക്ക് എത്തിയിരിക്കുന്നത്. കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൽ സമദ് ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിൽ ഒപ്പമുണ്ടായിരുന്നു. എസ് എൻ കോളേജിനു വേണ്ടി തിളങ്ങിയാണ് സഹൽ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയെടുക്കുന്നത്. നേരത്തെ യു എ ഇ അക്കാദമിയായ ഇത്തിഹാദ് സ്പോർട്സ് അക്കാദമി ടീമിനു വേണ്ടിയും സഹൽ ബൂട്ടുകെട്ടിയിട്ടുണ്ട്.

ഗോകുലം എഫ് സിയിൽ നിന്നുമാണ് ജിഷ്ണു ബാലകൃഷ്ണൻ വരുന്നത്. ഗോകുലം എഫ് സിക്കു വേണ്ടി മികച്ച പ്രകടനമാണ് ജിഷ്ണു ബാലകൃഷ്ണൻ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും പ്രീമിയർ ലീഗിലുമായി കാഴ്ചവെച്ചത്. മധ്യനിരക്കാരനായ ജിഷ്ണുവിനെ വിങ്ങ് ബാക്കായി ബിനോ ജോർജ്ജ് കളിപ്പിച്ചപ്പോഴും മികച്ച രീതിയിൽ തിളങ്ങിയിരുന്നു. മുൻ എം എസ് പി താരമായ ജിഷ്ണു കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗോകുലത്തിൽ എത്തിയത്. മികച്ച പ്രകടനങ്ങൾ ജിഷ്ണുവിനെ ദേശീയ ക്യാമ്പിൽ വരെ എത്തിച്ചിരുന്നു.

മലയാളികൾക്ക് ഇതോടെ പ്രതീക്ഷ വെക്കാൻ രണ്ടു യുവ താരങ്ങളെയാണ് കിട്ടിയിരിക്കുന്നത്. കോപ്പലാശാനു കീഴിൽ ഈ യുവതാരങ്ങൾ മികവിലേക്ക് എത്തി കേരളത്തിന്റെ അഭിമാനമായി മാറുമെന്നും പ്രതീക്ഷിക്കാം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെസ്റ്റിന്‍ഡീസിനെതിരെ വിജയം സ്വന്തമാക്കി പാക് വനിതകള്‍
Next articleമെസ്സിക്കും റൊണാൾഡോയ്ക്കും പിറകെ മൗറീഞ്ഞോയും നികുതി വെട്ടിപ്പ് കുരുക്കിൽ