ജിങ്കന് വില 3.81 കോടി, മൂന്നു കൊല്ലം കൂടെ കേരളത്തിന്റെ വന്മതിലായ് തുടരും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹമാണ് ജിങ്കൻ ടീമിലെത്തുന്നതോടെ പൂർത്തിയാകുന്നത്. ഐ എസ് എൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ നെടുംതൂണായിരുന്ന താരം, കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ തവണ ജേഴ്സി അണിഞ്ഞ താരം, അതെ ജിങ്കനില്ലാതെ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാകുമായിരുന്നില്ല.

കേരളത്തിനു വേണ്ടി 41 മത്സരങ്ങളിലാണ് ജിങ്കൻ ഇതുവരെ ബൂട്ടു കെട്ടിയിട്ടുള്ളത്, മെഹ്താബ് ഹുസൈനാണ് ജിങ്കൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചത്. 2020 വരെയാണ് ഇപ്പോൾ ജിങ്കൻ കരാർ പുതുക്കിയിട്ടുള്ളത്. ജിങ്കനെ നീണ്ട കരാറിൽ സ്വന്തമാക്കാൻ തന്നെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനം. അതുകാരണമാണ് കരാറിലെത്താൻ വൈകിയത്. ഒരു ഘട്ടത്തിൽ മെഹ്താബ് ഹുസൈനേയും റിനോ ആന്റോയേയും ജിങ്കനു പകരം നിലനിർത്തിയാലോ എന്നുവരെ‌ ബ്ലാസ്റ്റേഴ്സ് ചിന്തിക്കുകയുണ്ടായി.

എന്നാൽ അത്തരം വാർത്തകളോടുള്ള ആരാധകരുടെ പ്രതികരണവും ഒപ്പം ജിങ്കനെ ഡ്രാഫ്റ്റിൽ എത്തിയാൽ സ്വന്തമാക്കുക അസാധ്യമാകുമെന്ന തിരിച്ചറിവുമാണ് ജിങ്കനെ തന്നെ ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു പ്രചോദനമായത്. ഒരു വർഷം 1.27 കോടി എന്ന കരാറിൽ മൂന്നു വർഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ജിങ്കനുമായി ഇപ്പോൾ കരാറിൽ എത്തിയത്. 3.8 കോടി രൂപയോളം വിലമതിക്കുന്നതാകും ജിങ്കന്റെ കരാർ. മുമ്പ് കേരള ബ്ലാസ്റ്റേഴ്സുമായി ജിങ്കനുണ്ടായ കരാർ വർഷം 70ലക്ഷം എന്ന വേതനത്തിനായിരുന്നു.

കരാർ, താരത്തിനും കേരള ബ്ലാസ്റ്റേഴ്സിനും ഒരുപോലെ ഗുണകരമാണെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടു സെന്റർ ബാക്കുകളിൽ ഒരാളെയാണ് കേരളം സൈൻ ചെയ്തിരിക്കുന്നത്. കേരളം രണ്ടു ഫൈനലുകളിൽ കളിച്ചപ്പോൾ താരമായതും കേരളം അവസാനത്തേക്കു പോയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഏക ആശ്വാസമായി നിന്നതും ജിങ്കന്റെ ഡിഫൻസിലെ പ്രകടനങ്ങളായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ വീരചരിതങ്ങൾ രചിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസമായി മാറുന്നതു വരെ‌ ജിങ്കൻ ക്ലബിലുണ്ടാകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement