ബെംഗളുരുവിന് കോപ്പലാശന്റെ കിടിലൻ ഷോക്ക്

- Advertisement -

ബെംഗളുരുവിന് വീണ്ടും ഞെട്ടിക്കുന്ന തോൽവി. ഇഞ്ചുറി ടൈമിൽ ട്രിനിഡാഡെ ഗോൺസാലസ് നേടിയ പെനാൽറ്റി ഗോളിൽ ജംഷഡ്‌പൂരിന് വിലപ്പെട്ട 3 പോയിന്റ്. മികച്ച പ്രതിരോധം തീർത്ത കോപ്പലാശന്റെ ജംഷഡ്‌പൂരിന്  മറികടക്കാൻ പേരു കേട്ട ബെംഗളൂരു എഫ്.സിക്ക് കഴിയാതെ പോയപ്പോൾ ഇഞ്ചുറി ടൈമിൽ ഗോൾ നേടി ജംഷഡ്‌പൂർ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽക്കാനായിരുന്നു ബെംഗളൂരിവിന്റെ വിധി.

ഇരു ടീമുകളും തങ്ങളുടെ പതിവ് ശൈലിയിലാണ് മത്സരം തുടങ്ങിയത്. ബെംഗളൂരു എഫ്.സി ആക്രമണ ഫുട്ബോൾ പുറത്തെടുത്തപ്പോൾ ജംഷഡ്‌പൂർ എഫ്.സി പ്രതിരോധത്തിലൂന്നി കൗണ്ടർ അറ്റാക്കിങ് ഫുട്ബോളാണ് പുറത്തെടുത്തത്.  ഗോൾ രഹിതമായ ആദ്യ പകുതിയിൽ ബെംഗളൂരു എഫ്.സിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. കൗണ്ടർ അറ്റാക്കിങ് ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ച ജംഷഡ്‌പൂർ ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ കാര്യമായി പരീക്ഷിച്ചതുമില്ല.

ബെംഗളൂരു എഫ്.സിയുടെ സുനിൽ ഛേത്രിക്കും എഡു ഗാർസിയക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഉദാന്ത സിങ് ജംഷഡ്‌പൂർ പ്രതിരോധം മറികടന്നപ്പോഴെല്ലാം ഗോൾ കീപ്പർ സുബ്രത പോൾ ജംഷഡ്‌പൂരിന്റെ രക്ഷക്കെത്തി. രണ്ടാം പകുതിയിൽ കുറച്ചുകൂടി ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച ജംഷഡ്‌പൂർ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. ബെൽഫോർട്ടിന് കിട്ടിയ മികച്ചൊരു അവസരം ഗോൾ കീപ്പർ ഗുർപ്രീത് സിങ് രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ജെറിക്ക് കിട്ടിയ മികച്ചൊരു അവസരവും പോസ്റ്റിന് തൊട്ടുരുമ്മി പുറത്ത് പോയി. ഗോൾ നേടാൻ ഛേത്രിക്ക് കിട്ടിയ അവസരങ്ങൾ എല്ലാം സുബ്രത പോളിനെ മറികടക്കാൻ കഴിഞ്ഞതുമില്ല.

തുടർന്നാണ് സമീഗ് ദൗത്തിയെ രാഹുൽ ബേക്കേ ഫൗൾ ചെയ്തതിന് ജംഷഡ്‌പൂരിന് അനുകൂലമായി റഫറി ഫൗൾ പെനാൽറ്റി വിളിച്ചത്. തുടർന്ന് ട്രിനിഡാഡെ ഗോൺസാലസ് ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിങ്ങിന് ഒരു അവസരവും നൽകാതെ ഗോളാക്കുകയായിരുന്നു.

തോൽവിയോടെ ഒന്നാം സ്ഥാനത്ത് എത്താനുള്ള മികച്ച അവസരം ബെംഗളുരുവിന് നഷ്ടമായി, ജംഷഡ്‌പൂർ ആവട്ടെ കളിച്ച 6 കളികളിൽ 5ലും ഗോൾ വഴങ്ങാതെ തങ്ങളുടെ പ്രതിരോധം മികച്ചതാണെന്ന് തെളിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement