അവസാന മിനുട്ടിൽ ജെജെ മാജിക്, ചെന്നൈയിൻ ഒന്നാമത്

- Advertisement -

ചെന്നൈ മറീന അരീനയിൽ കണ്ട തകർപ്പൻ ത്രില്ലറിൽ എടികെയെ ചെന്നൈയിൻ തറപറ്റിച്ചു. ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളാണ് ചെന്നൈയിന് വിജയം സമ്മാനിച്ചത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ അവസാന നിമിഷത്തിലെ ഗോൾ അടക്കം രണ്ടു ഗോൾ സ്കോർ ചെയ്ത ജെജെ ആണ് ഹീറോ ആയത്.

റോബി കീൻ പരിക്ക് മാറി ബെഞ്ചിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ കൊൽക്കത്ത ആദ്യ പകുതിയിൽ ചെന്നൈയിന് ഒപ്പം തന്നെ പൊരുതി നിന്നു. രണ്ടാം പകുതിയിൽ 65ആം മിനുട്ടിലാണ് ജെജെ ചെന്നൈയിനെ മുന്നിലെത്തിച്ചത്. ഗോൾവലയ്ക്ക് തൊട്ടരികിൽ നിന്ന് ഹെഡ് ചെയ്തായിരുന്നു ജെജെയുടെ ആദ്യ ഗോൾ. പിന്നീടാണ് ഗോൾ പെരുമഴ തുടങ്ങിയത്.

77ആം മിനുട്ടിൽ സെക്വീനയുടെ ഗോളിലൂടെ എടികെ കൊൽക്കത്ത ഒപ്പമെത്തി. പക്ഷെ പൊരുതിയ ചെന്നൈയിൻ സ്വന്തം തട്ടകത്തിൽ 84ആം മിനുട്ടിൽ കാൽഡെറോണിലൂടെ വീണ്ടും ലീഡെടുത്തു. ജെജെ ആയിരുന്നു ഗോളിനുള്ള അവസരം ഒരുക്കിയത്. അഞ്ചു മിനുട്ടുകൾക്കകം തന്നെ സൂപ്പർ മച്ചാൻസിനെ നിശബ്ദരാക്കി കൊണ്ട് വീണ്ടും മറീന അരീനയിൽ എടികെയുടെ ഗോൾ പിറന്നു. കുഖിയാണ് എടികെയ്ക്ക് രണ്ടാം ഗോൾ നേടികൊടുത്തത്.

പക്ഷെ മൂന്നു പോയന്റ് കൊൽക്കത്തയ്ക്ക് കൊടുക്കാൻ ചെന്നൈയുടെ പോരാട്ട വീര്യം സമ്മതിച്ചില്ല. ഇഞ്ച്വറി ടൈമിൽ ജെജെ തന്നെ കൊൽക്കത്തയുടെ ഗോൾവല കുലുക്കി മൂന്നു പോയന്റും വിജയവും സ്വന്തമാക്കി.

ചെന്നൈയിന്റെ തുടർച്ചയായ മൂന്നാം ജയമായിരുന്നു ഇത്. ജയത്തോടെ ചെന്നൈയിൻ ഒന്നാമത് എത്തിയപ്പോൾ എടികെ അവസാന സ്ഥാനത്തു തന്നെ തുടരുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement