ബ്ലാസ്റ്റേഴ്സിന് കൊപ്പലാശാന്റെ വക ഷോക്ക് ട്രീറ്റ്മെന്റ്

ഡേവിഡ് ജെയിംസിന് കീഴിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ തോൽവി സമ്മാനിച്ച് ജംഷഡ്‌പൂർ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊപ്പലാശാന്റെ ജംഷഡ്‌പൂർ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ 22മത്തെ സെക്കൻഡിൽ തന്നെ ഗോൾ വഴങ്ങിയത് തിരിച്ചടിയാവുകയായിരുന്നു.

കാണികൾ ഗാലറിയിൽ ഇരിക്കുന്നതിന് മുൻപ് തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ജംഷഡ്‌പൂർ എഫ്.സി മുൻപിലെത്തി. ജെറി ബ്ലാസ്റ്റേഴ്‌സ് ഗോൾ വല കുലുക്കുമ്പോൾ മത്സരം 30 സെക്കന്റ് പിന്നിട്ടിരുന്നില്ല. ഹാഷിം ബിശ്വാസ് എടുത്ത ഷോട്ട് ലക്ഷ്യം തെറ്റിയെങ്കിലും ഗോൾ മുഖത്തു നിലയുറപ്പിച്ച ജെറി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരക്ക് സമയം നൽകാതെ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ പോൾ റഹുബ്കയെ മറികടന്ന് ഗോൾ നേടുകയായിരുന്നു. ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്.

ഗോൾ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയെങ്കിലും ഹ്യൂമിന്റെ ശ്രമം ഗോൾ ലൈനിൽ യുംനം രാജു രക്ഷപെടുത്തിയതും കേരളത്തിന് തിരിച്ചടിയായി. തുടർന്നാണ് ജംഷഡ്‌പൂർ രണ്ടാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചത്. ഇടത് വിങ്ങിൽ നിന്നും വന്ന ക്രോസ്സ് പ്രതിരോധിക്കുന്നതിൽ സന്ദേശ് ജിങ്കൻ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്.  പെനാൽറ്റി ബോക്സിൽ പന്ത് ലഭിച്ച ആഷിം ബിശ്വാസ് റഹുബ്കയെ നിസ്സഹായനാക്കി ഗോൾ നേടുകയായിരുന്നു. കേരളത്തിന് കൂടുതൽ തിരിച്ചടിയെന്നോണം കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത കിസിറ്റോ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റു പോയതും തകർച്ചയുടെ ആഴം കൂട്ടി.

രണ്ടാം പകുതിയിൽ സാമുവൽ ശധപ്പിന് പകരം പെസിച്ചിനെ ഇറക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച  ജംഷഡ്‌പൂർ പ്രതിരോധം ബ്ലാസ്റ്റേഴ്സിന് അവരസരങ്ങൾ നൽകിയില്ല. മത്സരത്തിന്റെ തുടക്കം മുതൽ ലോങ്ങ് ബോളുകളുമായും കൗണ്ടർ അറ്റാക്കുകളുമായി ജംഷഡ്‌പൂർ ബ്ലാസ്‌റ്റേഴ്‌സിനെ പരീക്ഷിച്ചുകൊണ്ടേയിരുന്നു.

തുടർന്ന് ഇഞ്ചുറി ടൈമിൽ ഇയാൻ ഹ്യൂമിന് പകരക്കാരനായി ഇറങ്ങിയ സിഫ്നിയോസിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാമത്തെ ഗോൾ നേടാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചില്ല.

ഡേവിഡ് ജയിംസിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവി തോൽവി കൂടിയായിരുന്നു ഇത്.  ആദ്യ മത്സരത്തിൽ കൊച്ചിയിൽ പൂനെക്കെതിരെ സമനില നേടിയ ബ്ലാസ്റ്റേഴ്‌സ് ഡൽഹിയിലും മുംബൈയിലും വിജയം പിടിച്ചെടുത്തിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ജയത്തോടെ ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ സ്വന്തം ഗ്രൗണ്ടിലെ ആദ്യ ജയം നേടാനും ജംഷഡ്‌പൂരിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version